പവിഴക്കാട്

കടലിനടിയിൽ 1,400 മീറ്റർ താഴെ മറ്റൊരു ലോകം! ദക്ഷിണ ചൈനാ കടലിൽ അപൂർവ മുള പവിഴക്കാട് കണ്ടെത്തി

സാൻഷാ: സമുദ്രത്തിലെ ജീവന്റെ അത്ഭുതങ്ങൾ തേടിയുള്ള യാത്രയിൽ ശാസ്ത്രലോകത്തെ ഞെട്ടിച്ച് പുതിയ കണ്ടെത്തൽ. ദക്ഷിണ ചൈനാ കടലിൽ 1,200 മുതൽ 1,380 മീറ്റർ വരെ ആഴത്തിൽ, കടലിന്റെ ഇരുണ്ട ഗർത്തങ്ങളിൽ മുള പോലെ വളരുന്ന പവിഴങ്ങളുടെ വലിയ വനം കണ്ടെത്തി. തെക്കുകിഴക്കൻ ഏഷ്യയിൽ ഇതാദ്യമായാണ് ഇത്രയും വലിയ ആഴക്കടൽ മുള പവിഴ വനം കണ്ടെത്തുന്നത്. ഷിഷ ദ്വീപുകൾ എന്നറിയപ്പെടുന്ന പാരസെൽ ദ്വീപുകൾക്ക് സമീപമാണ് ഈ കണ്ടെത്തൽ.

കടലിൽ മുങ്ങിപ്പോയ പവിഴപ്പുറ്റുകളെ കുറിച്ച് പഠിക്കാൻ പോയ ഗവേഷകർക്ക് മുന്നിൽ അപ്രതീക്ഷിതമായി ഈ വലിയ വനം തെളിഞ്ഞു വരികയായിരുന്നു. 'ഡിസ്കവറി ഓഫ് ഡീപ്-വാട്ടർ ബാംബൂ കോറൽ ഫോറസ്റ്റ് ഇൻ ദ സൗത്ത് ചൈന സീ' എന്ന പേരിൽ സയന്റിഫിക് റിപ്പോർട്ട്സ് ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഷിഷ ദ്വീപുകളുടെ പടിഞ്ഞാറൻ അറ്റത്തുള്ള ഗാൻക്വാൻ എന്ന മുങ്ങിയ പവിഴപ്പുറ്റിന്റെ അടിഭാഗത്താണ് വനം സ്ഥിതി ചെയ്യുന്നത്. 600 മീറ്റർ മുതൽ 1,400 മീറ്റർ വരെ ആഴത്തിലായിരുന്നു പര്യവേഷണം. മുങ്ങിക്കപ്പലിന്റെ കാമറയിൽ ഉയരത്തിൽ വളർന്നു നിൽക്കുന്ന, മെലിഞ്ഞ മുള പോലുള്ള പവിഴങ്ങളുടെ കൂട്ടങ്ങൾ തെളിഞ്ഞു.ഈ പവിഴങ്ങൾ രണ്ട് മീറ്ററിലധികം ഉയരത്തിൽ വളരുന്നവയാണ്.

മുകളിലേക്ക് ചുരുണ്ടു നിൽക്കുന്ന ഭാഗങ്ങൾ കൂടി കണക്കാക്കിയാൽ അഞ്ച് മീറ്റർ വരെ നീളമുണ്ടാകും. കടലിനടിയിൽ മുളങ്കാട് പോലെയാണ് ഇവ കാണപ്പെട്ടത്. ഈ വനത്തിൽ പ്രധാനമായും കാണപ്പെടുന്നത് 'ലെപിഡിസിസ്' എന്ന വിഭാഗത്തിൽ പെട്ട മുള പവിഴങ്ങളാണ്. ഇവ ഇസിഡിഡേ കുടുംബത്തിൽ പെട്ടവയാണ്. ഇവക്ക് ശാഖകളില്ലാത്ത, ചൂരൽ പോലുള്ള ശരീരമാണ്. ഇതിനൊപ്പം തണുത്ത വെള്ളത്തിൽ വളരുന്ന മറ്റ് രണ്ട് തരം പവിഴങ്ങളെയും കണ്ടെത്തി.

കടലിന്റെ അടിത്തട്ടിൽ ചിലയിടങ്ങളിൽ സ്പോഞ്ചുകൾ കൂട്ടമായി വളർന്നു നിൽക്കുന്നുണ്ട്. ഇതിനു പുറമെ സിറേറ്റ് നീരാളികൾ, ക്രിനോയിഡുകൾ തുടങ്ങിയ ജീവികളെയും ഇവിടെ കണ്ടെത്തി. ഈ മുള പവിഴ വനം കടലിനടിയിലെ നിരവധി ജീവികൾക്ക് വാസസ്ഥലം ഒരുക്കുന്നതായി ഗവേഷകർ പറയുന്നു. ആഴം കൂടുന്തോറും പവിഴങ്ങളുടെ എണ്ണം കൂടി വരുന്നു.1,380 മീറ്റർ ആഴത്തിൽ 100 ചതുരശ്ര മീറ്ററിൽ 24.8 പവിഴങ്ങൾ എന്ന നിരക്കിലാണ് കണ്ടിരുന്നതെങ്കിൽ, 1,200 മീറ്റർ ആഴത്തിലെത്തിയപ്പോൾ ഇത് 100 ചതുരശ്ര മീറ്ററിൽ 220 പവിഴങ്ങളായി ഉയർന്നുവെന്നും പഠനങ്ങൾ പറയുന്നു. 

ഇത്ര ആഴത്തിൽ സൂര്യപ്രകാശം എത്തില്ല, എന്നിട്ടും എങ്ങനെ ഈ വനം വളരുന്നു എന്നതാണ് ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തുന്നത്. ഇതിന് കാരണം കടലിനടിയിലെ ഭൂപ്രകൃതിയും ശക്തമായ ഒഴുക്കുമാണെന്ന് ഗവേഷകർ പറയുന്നു. മുങ്ങിപ്പോയ പവിഴപ്പുറ്റിന്റെ പ്രതലവും പോഷക സമൃദ്ധമായ വെള്ളം കൊണ്ടുവരുന്ന ഒഴുക്കും ഈ വളർച്ചയെ സഹായിക്കുന്നുണ്ട്.

ഗാൻക്വാൻ പവിഴപ്പുറ്റിന്റെ ചരിവിൽ മാത്രമല്ല, 2,000 മീറ്റർ ആഴത്തിലുള്ള ഒരു മലയിടുക്കിലും 600 മീറ്റർ ആഴത്തിലുള്ള ഒരു മഡ് അഗ്നിപർവ്വതത്തിന് ചുറ്റുമായും മറ്റ് ആഴക്കടൽ പവിഴങ്ങളെ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇത്രയും സാന്ദ്രതയുള്ള വനം കണ്ടെത്തിയത് ഗാൻക്വാൻ ചരിവിൽ മാത്രമാണ്. ഈ കണ്ടെത്തൽ തെക്കുകിഴക്കൻ ഏഷ്യയിലെ ആഴക്കടൽ ആവാസവ്യവസ്ഥയെ കുറിച്ച് കൂടുതൽ പഠിക്കാനും അവയെ സംരക്ഷിക്കാനുമുള്ള പുതിയ വഴികൾ തുറക്കുമെന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്.

Tags:    
News Summary - Rare Coral Forest Found Deep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.