കർണാടകയിൽ കടുവകളുടെ എണ്ണം 700 കടന്നു; നേട്ടത്തിനൊപ്പം വെല്ലുവിളികളും ഏറെ
ബംഗളൂരു: കർണാടകയിൽ കടുവകളുടെ എണ്ണം 700 കടന്നതായി വനംവകുപ്പിന്റെ പ്രാഥമിക കണക്കെടുപ്പ്. അന്തിമ കണക്കുകൾ ഒരാഴ്ചക്കകം പുറത്തുവരും. 72-ാമത് വന്യജീവി വാരാഘോഷത്തിന്റെ സമാപന ചടങ്ങിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ കുമാർ പുഷ്കറാണ് ഇക്കാര്യം അറിയിച്ചത്. സംരക്ഷണ പ്രവർത്തനങ്ങൾ ഫലം കണ്ടെങ്കിലും വർധനവ് പുതിയ വെല്ലുവിളികൾ സൃഷ്ടിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
നാലുവർഷത്തിലൊരിക്കൽ നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി നടത്തുന്ന അഖിലേന്ത്യാ കണക്കെടുപ്പിൽ നിന്ന് വ്യത്യസ്തമായാണ് സംസ്ഥാനത്തിന്റെ കണക്കെടുപ്പ്. 2022ലെ കേന്ദ്ര കണക്കിൽ കർണാടകയിൽ 563 കടുവകളാണുണ്ടായിരുന്നത്. 785 കടുവകളുമായി മധ്യപ്രദേശായിരുന്നു ഒന്നാമത്. 2023ൽ സംസ്ഥാനം നടത്തിയ കണക്കെടുപ്പിൽ ഇത് 650 ആയി ഉയർന്നിരുന്നു. ഇപ്പോൾ 700ന് മുകളിലെത്തിയെന്നാണ് പുതിയ വിവരം.
നയരൂപീകരണത്തിന് കൃത്യമായ വിവരം ലഭ്യമാക്കാനാണ് സംസ്ഥാനം വീണ്ടും കണക്കെടുപ്പ് നടത്തിയത്. 51 ഡിവിഷനുകളായി തിരിച്ചായിരുന്നു പരിശോധന. ഒരെണ്ണം ഒഴികെ എല്ലായിടത്തും പൂർത്തിയായി. അടുത്ത വർഷം കേന്ദ്ര കണക്കെടുപ്പ് റിപ്പോർട്ട് വരാനിരിക്കെയാണ് സംസ്ഥാനത്തിന്റെ നടപടി. മുമ്പ് കടുവകളില്ലാതിരുന്ന പല ഡിവിഷനുകളിലും ഇപ്പോൾ സാന്നിധ്യമുണ്ടെന്നത് ശുഭകരമായ കാര്യമാണെങ്കിലും അതും വെല്ലുവിളിയാണെന്ന് പുഷ്കർ പറഞ്ഞു.
കടുവകൾ കൂടുന്നതോടെ മനുഷ്യ-വന്യജീവി സംഘർഷവും രൂക്ഷമാകുന്നുണ്ട്. സംസ്ഥാനത്ത് 6500-ഓളം കന്നുകാലികളെ കടുവകൾ കൊന്നതായാണ് കണക്ക്. ഇപ്പോൾ കടുവകളുടെ ഇരകളിൽ 30 മുതൽ 40 ശതമാനം വരെ കന്നുകാലികളാണെന്നാണ് വിലയിരുത്തൽ. ഇത് കടുവകളോട് ജനങ്ങൾക്ക് എതിർപ്പുണ്ടാകാൻ കാരണമാകുന്നുണ്ട്. 2021ൽ കറവപ്പശുവോ എരുമയോ ചത്താൽ നൽകുന്ന നഷ്ടപരിഹാരം 10,000 രൂപയിൽ നിന്ന് 30,000 രൂപയായി സർക്കാർ ഉയർത്തിയിരുന്നു. എന്നാൽ ഈ തുക ഒരു പശുവിന്റെ പകുതി വില പോലും വരില്ലെന്നാണ് കർഷകരുടെ പരാതി.
കടുവകളുടെ വിതരണത്തിലെ ഏറ്റക്കുറവും വലിയ പ്രശ്നമാണ്. ഭദ്ര,കുട്രേമുഖ്,ദണ്ഡേലി മേഖലകൾ കടുവകൾക്ക് ഏറെ അനുയോജ്യമാണെങ്കിലും അവിടെ എണ്ണം വളരെ കുറവാണ്. അതേസമയം നാഗർഹോള്,ബന്ദിപ്പൂർ മേഖലയിൽ കടുവകൾ നിറഞ്ഞുകവിഞ്ഞ അവസ്ഥയാണ്. കഴിഞ്ഞ വർഷം സംരക്ഷിത മേഖലകൾക്ക് സമീപത്തെ കരിമ്പ് പാടങ്ങളിൽ നിന്ന് വരെ കടുവകളെ രക്ഷപ്പെടുത്തേണ്ടി വന്നത് ഇതിന് ഉദാഹരണമാണ്. വനംവകുപ്പിന് ഒറ്റക്ക് കടുവകളെ സംരക്ഷിക്കാനാകില്ലെന്നും മറ്റ് വകുപ്പുകളുടെയും ജനങ്ങളുടെയും സഹകരണം അനിവാര്യമാണെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.