ബർദയിലും സിംഹഗർജ്ജനം; 17 സിംഹങ്ങളുമായി സങ്കേതം സജീവമാകുന്നു

ഗാന്ധിനഗർ: ഗുജറാത്തിലെ ഗിർ വനമേഖലക്ക് പുറമെ ഏഷ്യാറ്റിക് സിംഹങ്ങളുടെ പ്രധാന ആവാസകേന്ദ്രമായി ബർദ വന്യജീവി സങ്കേതം മാറുന്നു. സിംഹങ്ങളുടെ ദീർഘകാല നിലനിൽപ്പിന് ആവശ്യമായ ആവാസവ്യവസ്ഥയും ഇരജീവികളുടെ ലഭ്യതയും പാരിസ്ഥിതിക സാഹചര്യങ്ങളും ബർദയിലുണ്ടെന്ന് പുതിയ പഠനം കണ്ടെത്തി.

‘Beyond Gir: Barda Wildlife Sanctuary as a Potential Stronghold for Asiatic Lions’ എന്ന പഠനം പ്ലോസ് വൺ എന്ന ജേണലിലാണ് പ്രസിദ്ധീകരിച്ചത്. ഏകദേശം 144 വർഷത്തെ ഇടവേളക്ക് ശേഷമാണ് ഏഷ്യാറ്റിക് സിംഹങ്ങൾ ബർദയിലേക്ക് സ്വാഭാവികമായി തിരിച്ചെത്തിയത്. ഒരു ആൺസിംഹം സ്വാഭാവികമായി എത്തിയതിന് പിന്നാലെ ഗുജറാത്ത് വനംവകുപ്പ് അഞ്ച് പെൺസിംഹങ്ങളെ കൂടി എത്തിക്കുകയായിരുന്നു.

നിലവിൽ ബർദ വന്യജീവി സങ്കേതത്തിൽ 17 ഏഷ്യാറ്റിക് സിംഹങ്ങളുണ്ട്. പഠനത്തിന്റെ ഭാഗമായി ഒരു ആൺസിംഹവും അഞ്ച് പെൺസിംഹങ്ങളും ഉൾപ്പെടെ ആറ് സിംഹങ്ങളിൽ റേഡിയോ കോളർ ഘടിപ്പിച്ചു. 2023 ജനുവരി മുതൽ 2025 ജൂലൈ വരെ ഇവയിൽനിന്ന് 1.69 ലക്ഷത്തിലധികം ജി.പി.എസ് ലൊക്കേഷനുകൾ ശേഖരിച്ചു.

ബർദയിലെ വനങ്ങളും പുൽമേടുകളും സിംഹങ്ങൾ സജീവമായി ഉപയോഗിക്കുന്നുണ്ടെന്നും സ്വന്തം ആവാസപരിധികൾ രൂപീകരിക്കുകയും സാമൂഹിക കൂട്ടായ്മകൾ വികസിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും പഠനം കണ്ടെത്തി. ഗിർ വനമേഖലയിൽനിന്ന് പുറത്തേക്ക് വ്യാപിക്കുന്ന സിംഹങ്ങൾക്ക് ബർദ ഒരു പ്രധാന ‘ബഫർ’ ആവാസകേന്ദ്രമായി പ്രവർത്തിക്കുമെന്നും ഗവേഷകർ വിലയിരുത്തുന്നു.

സിംഹങ്ങളുടെ പ്രധാന ഇരജീവികളിലൊന്നായ ചിതൽ മാനുകളുടെ എണ്ണം വർധിപ്പിക്കുന്നതിനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 2025–26ൽ ഗിർ വന്യജീവി സങ്കേതത്തിൽനിന്ന് 441 ചിതൽ മാനുകളെ ബർദയിലേക്ക് മാറ്റിപ്പാർപ്പിച്ചു. 2007 മുതൽ പുള്ളിമാനുകളെയും സാമ്പാർ മാനുകളെയും ബർദയിൽ എത്തിച്ച് ഇരജീവികളുടെ ലഭ്യത വർധിപ്പിക്കുന്ന നടപടികൾ തുടരുകയാണ്.

2024ലാണ് ബർദയിൽ ഇക്കോ ടൂറിസം ആരംഭിച്ചത്. ആദ്യ വർഷം 2,271 സഞ്ചാരികളെത്തിയപ്പോൾ അടുത്ത വർഷം  3,359 ആയി ഉയർന്നു. അതേസമയം, അധിനിവേശ സസ്യങ്ങൾ നീക്കം ചെയ്യൽ, പുൽമേടുകളുടെ വികസനം, മണ്ണ്-ജല സംരക്ഷണം തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ ഏകദേശം 3,200 ഹെക്ടർ പ്രദേശത്തെ ആവാസവ്യവസ്ഥ മെച്ചപ്പെടുത്തുന്ന പ്രവർത്തനങ്ങളും ഈ വർഷം നടന്നു.

ഗിർ വനമേഖലക്ക് പുറത്തുള്ള ഇത്തരം ഉപഗ്രഹ ആവാസകേന്ദ്രങ്ങളുടെ സംരക്ഷണവും അവക്കിടയിലെ വന്യജീവി സഞ്ചാരപാതകളുടെ നിലനിർത്തലും ഏഷ്യാറ്റിക് സിംഹങ്ങളുടെ ദീർഘകാല സംരക്ഷണത്തിന് നിർണായകമാകുമെന്നാണ് പഠനത്തിന്റെ വിലയിരുത്തൽ.

Tags:    
News Summary - Roar echoes in Barda too; Sanctuary comes alive with 17 lions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.