ചൈനയുടെ 60,000 മെഗാവാട്ട് അണക്കെട്ടിന് ബദലായി ഇന്ത്യയുടെ 'സിയാങ് പദ്ധതി'; ആദി നാഗരികത ഇല്ലാതാകുമെന്ന് ഗോത്രവർഗം

ഗുവാഹത്തി: ടിബറ്റിൽ ചൈന നിർമിക്കുന്ന വൻ അണക്കെട്ടിന്റെ പ്രത്യാഘാതങ്ങൾ നേരിടുകയെന്ന ലക്ഷ്യത്തോടെ അരുണാചൽ പ്രദേശിൽ ഇന്ത്യ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന 'സിയാങ് അപ്പർ മൾട്ടിപർപ്പസ് പദ്ധതി' ശക്തമായ പ്രതിഷേധം നേരിടുന്നു. പദ്ധതിയുടെ പ്രാഥമിക സാധ്യതാപഠനത്തിനെതിരെ സമരം ചെയ്യുന്ന ഏഴുപേരെ കൂടി അറസ്റ്റ് ചെയ്തതോടെ മേഖലയിൽ സംഘർഷാവസ്ഥ തുടരുകയാണ്. പദ്ധതിയെ എതിർക്കുന്നവർക്കെതിരെ സർക്കാർ നടപടികൾ കടുപ്പിച്ചതായും റിപ്പോർട്ടുണ്ട്.

2008ൽ ദേശീയ പദ്ധതിയുടെ പദവി ലഭിച്ച സിയാങ് പദ്ധതിയിൽ 9.2 ബില്യൺ ക്യുബിക് മീറ്റർ ജലസംഭരണശേഷിയുള്ള അണക്കെട്ടും 11,000 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദനവുമാണ് ലക്ഷ്യമിടുന്നത്. എന്നാൽ പ്രാദേശിക ആദിവാസി വിഭാഗങ്ങളുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് പദ്ധതിയുടെ നിർമാണപ്രവർത്തനങ്ങൾ ഇതുവരെ ആരംഭിച്ചിട്ടില്ല.

സെപ്റ്റംബർ 30ന് സിയാങ് ജില്ലയിലെ ഉഗെങ് ഗ്രാമത്തിലുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടാണ് ആദി ബാനെ കെബാങ് യുണൈറ്റഡ് (എ.ബി.കെ-യു), ആദി സ്റ്റുഡന്റ്സ് യൂണിയൻ എന്നിവയിലെ ഏഴുപേരെ അറസ്റ്റ് ചെയ്തത്. പദ്ധതിയുടെ പ്രാഥമിക സാധ്യതാപഠനത്തിനായി തെരഞ്ഞെടുത്ത സ്ഥലങ്ങളിലൊന്നാണ് ഉഗെങ് ഗ്രാമം. പഠനത്തിനായി യന്ത്രങ്ങൾ എത്തിക്കുന്നത് തടയാൻ പ്രതിഷേധക്കാർ വാഹനങ്ങൾക്ക് തീയിട്ടതായും പൊലീസ്, കേന്ദ്രസേന എന്നിവരുടെ ലാത്തിച്ചാർജിൽ നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

അണക്കെട്ട് തകർച്ചയോ മറ്റ് ദുരന്തങ്ങളോ സംഭവിച്ചാൽ ആദി ജനതയുടെ നാഗരികത തന്നെ ഇല്ലാതാകുമെന്നാണ് പ്രതിഷേധക്കാരുടെ ആശങ്ക. ഏകദേശം മൂന്ന് ലക്ഷം ജനസംഖ്യയുള്ള ആദി ഗോത്രവിഭാഗം സിയാങ്, അപ്പർ സിയാങ്, ഈസ്റ്റ് സിയാങ്, ലോവർ ദിബാങ് വാലി, ഷി യോമി ജില്ലകളിലാണ് പ്രധാനമായും താമസിക്കുന്നത്. അണക്കെട്ട് ദുരന്തമുണ്ടായാൽ പ്രദേശവാസികൾക്ക് സ്വന്തം നാടുവിട്ട് അഭയാർഥികളാകേണ്ടിവരുമെന്നും പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകുന്നു.

പദ്ധതിക്ക് പിന്തുണ ഉറപ്പാക്കാൻ സർക്കാർ ചില നേതാക്കൾക്ക് ആനുകൂല്യങ്ങൾ നൽകിയെന്നും സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് ചില ഗ്രാമവാസികളെക്കൊണ്ട് കരാറുകളിൽ ഒപ്പുവയ്പിച്ചെന്നും എ.ബി.കെ-യു നേതാവ് ജിർബോ ജാമോ ആരോപിച്ചു. അതേസമയം, പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്ന 'സിയാങ് ഇൻഡിജിനസ് ഫാർമേഴ്സ് ഫോറം' സർക്കാരുമായുള്ള ചർച്ചകൾ ബഹിഷ്‌കരിക്കാൻ തീരുമാനിച്ചു. 

അണക്കെട്ടിനെക്കുറിച്ച് ചിലർ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പേമ ഖണ്ഡു ആരോപിച്ചു. ടിബറ്റിലെ മെഡോഗിൽ ചൈന 60,000 മെഗാവാട്ട് ശേഷിയുള്ള അണക്കെട്ടിന്റെ നിർമാണം ആരംഭിച്ചതിനു പിന്നാലെ 2021ൽ ഇന്ത്യ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ശക്തമാക്കിയെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

ചൈനയുടെ പദ്ധതിക്ക് ഏകദേശം 5.5 ബില്യൺ ക്യുബിക് മീറ്റർ ജലസംഭരണശേഷിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയുടെ പദ്ധതിയിൽ 9.2 ബില്യൺ ക്യുബിക് മീറ്റർ സജീവ ജലസംഭരണശേഷിയാണ് ലക്ഷ്യമിടുന്നത്. ജലവൈദ്യുതി ഉൽപ്പാദനം വെള്ളം താഴേക്ക് പതിക്കുന്ന ഉയരത്തെ ആശ്രയിക്കുന്നതിനാൽ ചൈനയുടെ പദ്ധതിക്ക് കൂടുതൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാനാകുമെന്നും ഖണ്ഡു വ്യക്തമാക്കി.

ഇന്ത്യയും ചൈനയും തമ്മിൽ ജലവിഭവങ്ങൾ പങ്കിടുന്നതിൽ നയതന്ത്ര ധാരണയുണ്ടാക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ബ്രഹ്മപുത്ര നദീതടത്തിലെ ജലവിഭവങ്ങൾ സംബന്ധിച്ച് ചൈന, ഇന്ത്യ, ഭൂട്ടാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾക്കിടയിൽ സമഗ്രമായ ബഹുരാഷ്ട്രമോ ഉഭയകക്ഷിയോ ആയ കരാർ സംവിധാനമില്ലെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

ചൈനയുടെ വൻ അണക്കെട്ടിന് മറുപടിയായി ഇന്ത്യയും സമാനമായ പദ്ധതി നടപ്പാക്കുന്നതിനു പകരം നദീതടത്തിലെ രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിനാണ് മുൻഗണന നൽകേണ്ടതെന്ന് അതിർത്തി കടന്നൊഴുകുന്ന നദികളെക്കുറിച്ച് ഗവേഷണം നടത്തുന്ന മിർസ സുൽഫിഖർ റഹ്മാൻ അഭിപ്രായപ്പെട്ടു.

Tags:    
News Summary - Siang project as alternative to China's 60,000 MW dam; Tribals say Adi civilization will be wiped out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.