ഒഡീഷയിൽ മനുഷ്യ-ആന സംഘർഷം ആശങ്കാജനകമെന്ന് പഠനം
മനുഷ്യ-ആന സംഘർഷം രൂക്ഷമാകുന്നതിന്റെ ആശങ്കാജനക ചിത്രം പുറത്തുവിട്ട് ഒഡീഷയിലെ പഠന റിപ്പോർട്ട്. 2000 മുതൽ 2025 വരെയുളള വർഷത്തിനിടെ ആനകൾക്കും മനുഷ്യർക്കും വൻ ജീവഹാനിയാണ് ഉണ്ടായത്.വനപ്രദേശങ്ങൾ ഖനന മേഖലകളുമായും ഗ്രാമങ്ങളുമായും ഗതാഗത ശൃംഖലകളുമായും കൂടിച്ചേരുന്ന പ്രദേശങ്ങളിലുമാണ് സംഘർഷവും ആനമരണങ്ങളും കൂടുതലായി സംഭവിക്കുന്നതെന്നും പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു.
വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും പ്രോജക്ട് എലിഫന്റും ചേർന്ന് തയ്യാറാക്കിയ ‘ഹ്യൂമൻ-എലിഫന്റ് കോൺഫ്ലിക്റ്റ് ഇൻ ദ സ്റ്റേറ്റ് ഓഫ് ഒഡീഷ (2000-2025): ട്രെൻഡ്സ്, ചലഞ്ചസ് ആൻഡ് ഇൻസൈറ്റ്സ്’ എന്ന പഠനമാണ് ഈ കണ്ടെത്തലുകൾ പുറത്തുവിട്ടത്. സംസ്ഥാന വനംവകുപ്പിന്റെ 45 വനവിഭാഗങ്ങളിലെ രേഖകൾ വിശകലനം ചെയ്താണ് റിപ്പോർട്ട് തയ്യാറാക്കിയത്.
2000 മുതൽ 2025 വരെയുള്ള കാലയളവിൽ രേഖപ്പെടുത്തിയ 1,671 ആനമരണങ്ങളിൽ 508 എണ്ണം മനുഷ്യപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാരണങ്ങളാലാണെന്ന് റിപ്പോർട്ട് പറയുന്നു. ഇത് ആകെ മരണങ്ങളുടെ ഏകദേശം 30 ശതമാനമാണ്. ശേഷിക്കുന്ന മരണങ്ങൾ രോഗങ്ങൾ, ശാരീരിക അവസ്ഥകൾ, സ്വാഭാവിക അപകടങ്ങൾ, ആനകൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾ തുടങ്ങിയ കാരണങ്ങളാലാണ് സംഭവിച്ചത്.
മനുഷ്യനിർമിത കാരണങ്ങളിൽ വൈദ്യുതാഘാതമാണ് ഏറ്റവും കൂടുതൽ ആനകൾക്ക് ജീവൻ നഷ്ടപ്പെടാൻ കാരണമായത്. 274 ആനകളാണ് വൈദ്യുതാഘാതത്തിൽ ചരിഞ്ഞത്. വേട്ടയാടൽ 129 മരണങ്ങൾക്ക് കാരണമായപ്പോൾ ട്രെയിൻ അപകടങ്ങളിൽ 45, വിഷബാധയിൽ 20 ആനകളും കൊല്ലപ്പെട്ടു. മനുഷ്യ-ആന സംഘർഷങ്ങളിലും കിണറുകൾ, കനാലുകൾ, കുഴികൾ എന്നിവയിൽ കുടുങ്ങിയും 16 വീതം ആനകൾക്ക് ജീവൻ നഷ്ടപ്പെട്ടു. വാഹനാപകടങ്ങളിൽ എട്ട് ആനകളാണ് കൊല്ലപ്പെട്ടത്.
പഠന റിപ്പോർട്ട് പ്രകാരം ഖനന മേഖലകൾക്ക് സമീപമുള്ള പ്രദേശങ്ങളിലാണ് ആനമരണ സാധ്യത ഏറ്റവും കൂടുതലുള്ളത്. ഖനികൾ, റോഡുകൾ, റെയിൽപാതകൾ, കൃഷിയിടങ്ങൾ, മനുഷ്യവാസ കേന്ദ്രങ്ങൾ എന്നിവ വനങ്ങളെ വിഭജിക്കുകയും ആനകളുടെ പരമ്പരാഗത സഞ്ചാരപാതകൾ തടസ്സപ്പെടുത്തുകയും ചെയ്തതായി പഠനം ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്ത് 2000 മുതൽ 2025 വരെ 2,242 മനുഷ്യ-ആന സംഘർഷ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സംഭവങ്ങളിൽ 1,677 പേർ കൊല്ലപ്പെടുകയും 565 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2023-ലാണ് ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ടത് റിപ്പോർട്ട് ചെയ്തത്. ആ വർഷം മാത്രം 243 സംഘർഷ സംഭവങ്ങളിലായി 175 പേർ മരിക്കുകയും 68 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഏറ്റവും കൂടുതൽ മരണങ്ങൾ രേഖപ്പെടുത്തിയ വനവിഭാഗം ധെങ്കനാലാണ് (355). കിയോൻജർ 155 മരണങ്ങളും റൂർക്കേല 140 മരണങ്ങളും അംഗുൽ 141 മരണങ്ങളും ഖുർദ 45 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ധെങ്കനാൽ, അതഗഡ്, അംഗുൽ, കിയോൻജർ, ബൊണായ്, റൂർക്കേല എന്നിവയെ മനുഷ്യ-ആന സംഘർഷത്തിന്റെ പ്രധാന ഹോട്ട്‌സ്‌പോട്ടുകളായും ചൂണ്ടിക്കാണിക്കുന്നു.
സുരക്ഷിതമല്ലാത്ത വൈദ്യുതി ശൃംഖലകൾ നവീകരിക്കുക, അനധികൃത വൈദ്യുതി വേലികൾ നീക്കം ചെയ്യുക, ആനക്കൊറിഡോറുകൾ സംരക്ഷിക്കുക, റെയിൽ-റോഡ് ക്രോസിങ്ങുകളിൽ നിരീക്ഷണം ശക്തമാക്കുക, മുന്നറിയിപ്പ് സംവിധാനങ്ങൾ വികസിപ്പിക്കുക തുടങ്ങിയ നടപടികൾ സ്വീകരിക്കണമെന്ന് റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.
ആനകളുടെ സഞ്ചാരപാതകളിലും അപകടസാധ്യതയുള്ള റെയിൽവേ ക്രോസിങ്ങുകളിലും എ.ഐ അധിഷ്ഠിത നിരീക്ഷണ സംവിധാനം സ്ഥാപിക്കണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു. കാമറ ട്രാപ്പുകൾ ഉപയോഗിച്ച് ആനകളെ കണ്ടെത്തി അധികൃതർക്ക് തത്സമയം മുന്നറിയിപ്പ് നൽകാൻ ഇത്തരം സംവിധാനങ്ങൾ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.