മനുഷ്യരുടെ കണ്ണിന് സമാനമായ കണ്ണ്, നഷ്ടപ്പെട്ടാൽ വീണ്ടും വളരും; തെക്കേ അമേരിക്കയിലെ ഒച്ചുകളിൽ അപൂർവ കണ്ടെത്തലുമായി ശാസ്ത്രലോകം
കണ്ണ് നഷ്ടപ്പെട്ടാൽ മനുഷ്യർക്ക് അത് വീണ്ടെടുക്കാന്‍ നിലവിൽ സാധ്യമല്ല. എന്നാൽ ഒരു പ്രത്യേക ഇനം ഒച്ചിന് നഷ്ടപ്പെട്ട കണ്ണ് വീണ്ടെടുക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. തെക്കേ അമേരിക്കയിൽ കാണപ്പെടുന്ന ‘ഗോൾഡൻ ആപ്പിൾ സ്നെയിൽ’ എന്നയിനം ഒച്ചുകളിലാണ് ഇത്തരത്തിൽ കണ്ണ് പുനർനിർമിക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയിരിക്കുന്നത്.
Pomacea canaliculata എന്ന ശാസ്ത്രീയ നാമമുള്ള ഈ ശുദ്ധജല ഒച്ചിന് കണ്ണിന്റെ മുഴുവൻ ഘടനയും പുനർനിർമിക്കാനുള്ള കഴിവുണ്ടെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. കണ്ണിന്റെ ബൾബും കണ്ണിനെ ശരീരവുമായി ബന്ധിപ്പിക്കുന്ന സ്റ്റോക്കും ഉൾപ്പെടെ പൂർണമായും നഷ്ടപ്പെട്ടാലും ഇവ പുനർനിർമിക്കാന്‍ സാധിക്കും. പിന്നാലെ ഏകദേശം ഒരു മാസത്തിനുള്ളിൽ പുതിയ കണ്ണ് രൂപപ്പെടുകയും ചെയ്യും.
ഈ പുതിയ കണ്ടെത്തലിനെ ശാസ്ത്രജ്ഞർ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്. അത് മറ്റൊന്നുമല്ല, ഒച്ചിന്റെ കണ്ണിന്റെ ഘടനയാണ്. സാധാരണയായി ശരീരഭാഗങ്ങൾ പുനർനിർമിക്കാൻ കഴിവുള്ള ജീവികളിൽ കാണപ്പെടുന്ന കണ്ണുകൾ വളരെ ലളിതമായ ഘടനയുള്ളവയായിരിക്കും. എന്നാൽ ഗോൾഡൻ ആപ്പിൾ ഒച്ചുകളുടെ കണ്ണ് ‘ക്യാമറ-ടൈപ്പ് കണ്ണുകൾ’ ആണ്. അടഞ്ഞ അറ, സുതാര്യമായ കോർണിയ, പ്രകാശം കേന്ദ്രീകരിക്കുന്ന ലെൻസ്, പ്രകാശം തിരിച്ചറിയുന്ന കോശങ്ങളുള്ള റെറ്റിന തുടങ്ങിയ ഘടകങ്ങളാണ് ഈ കണ്ണിനുള്ളത്. അടിസ്ഥാന ഘടനയിൽ മനുഷ്യരുടേത് ഉൾപ്പെടെയുള്ള കശേരുകികളുടെ കണ്ണുമായി ഇതിന് സാമ്യമുണ്ട്.
ഈ ഒച്ചുകളിൽ കണ്ണ് എങ്ങനെയാണ് വീണ്ടും വളരുന്നത്?
ആദ്യം ഒച്ചുകളുടെ കണ്ണിന്റെ ബൾബും സ്റ്റോക്കും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത ശാസ്ത്രജ്ഞർ ദിവസങ്ങൾക്കുള്ളിൽ കണ്ണിൽ സംഭവിക്കുന്ന മാറ്റങ്ങൾ നിരീക്ഷിച്ചു. കണ്ണ് നീക്കം ചെയ്തതിന് ശേഷം 24 മണിക്കൂറിനുള്ളിൽ മുറിവ് പൂർണമായി ഉണങ്ങി. അതിനുശേഷം മുറിവേറ്റ ഭാഗത്ത് അതിവേഗം വിഭജിക്കുന്ന കോശങ്ങളുടെ ഒരു ഘടന രൂപപ്പെട്ടു. ഇതിനെ ബ്ലാസ്റ്റെമ എന്നാണ് വിളിക്കുന്നത്. പുതിയ ശരീരഭാഗങ്ങൾ രൂപപ്പെടുന്നതിനുള്ള അടിസ്ഥാന കോശസമൂഹമായാണ് ഇത് പ്രവർത്തിക്കുന്നത്. ഏകദേശം ഒമ്പതാം ദിവസം പുതിയ ‘ഓപ്റ്റിക് കപ്പ്’ രൂപപ്പെടാൻ തുടങ്ങി. റെറ്റിന രൂപപ്പെടാനുള്ള കോശങ്ങൾ ക്രമീകരിച്ച് കപ്പ് പോലെയുള്ള ഘടനയായി മാറി. 12-ാം ദിവസത്തോടെ റെറ്റിന കൂടുതൽ വ്യക്തമായി രൂപപ്പെടുകയും ലെൻസ് രൂപപ്പെടാൻ തുടങ്ങുകയും ചെയ്തു. ഏകദേശം 15-ാം ദിവസത്തോടെ കണ്ണിന്റെ ബൾബിലെ പ്രധാന ഘടനകളെല്ലാം രൂപപ്പെട്ടിരുന്നു. എന്നാൽ അതിനുശേഷവും കണ്ണിന്റെ വിവിധ ഭാഗങ്ങൾ വളരാന്‍ തുടങ്ങിയിരുന്നു. ഒടുവിൽ കണ്ണിന്റെ ബൾബും സ്റ്റോക്കും ഉൾപ്പെടെയുള്ള ഘടനകൾ ഏകദേശം ഒരു മാസത്തിനുള്ളിൽ പൂർണമായി പുനർനിർമിക്കപ്പെട്ടു.
കണ്ണിന്റെ പുനർനിർമാണത്തിനിടെ ഒച്ചിന്‍റെ ശരീരത്തിലെ ആയിരക്കണക്കിന് ജീനുകളുടെ പ്രവർത്തനത്തിൽ മാറ്റം സംഭവിക്കുന്നതായും ഗവേഷകർ കണ്ടെത്തി. കശേരുകികളിൽ കണ്ണ് രൂപപ്പെടുന്ന സമയത്ത് പ്രവർത്തിക്കുന്ന ചില ജീനുകളുമായി സാമ്യമുള്ള ജനിതക പ്രവർത്തനങ്ങളാണ് ഇവിടെ കാണപ്പെട്ടത്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് PAX6. മനുഷ്യരിലും മറ്റ് നിരവധി ജീവികളിലും കണ്ണിന്റെ വികാസത്തിൽ നിർണായക പങ്ക് വഹിക്കുന്ന ജീനാണ് PAX6. ഗോൾഡൻ ആപ്പിൾ സ്നെയിലിലും ഈ ജീൻ കണ്ണിന്റെ രൂപീകരണത്തിന് അനിവാര്യമാണെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. CRISPR ജീൻ എഡിറ്റിങ് ഉപയോഗിച്ച് ഒച്ചിന്‍റെ ഭ്രൂണങ്ങളിലെ PAX6 ജീൻ പ്രവർത്തനരഹിതമാക്കിയപ്പോൾ കണ്ണും കണ്ണിന്റെ സ്റ്റോക്കും ഇല്ലാതെയാണ് അവ വികസിച്ചത്. കണ്ണിന്റെ രൂപീകരണത്തിൽ ഈ ജീനിനുള്ള നിർണായക പങ്കാണ് ഇത് വ്യക്തമാക്കുന്നത്.
മനുഷ്യരിൽ ഇതിന്റെ പ്രയോജനം എപ്പോൾ?
ഇവിടെയാണ് ഈ കണ്ടെത്തലിന്റെ പ്രധാന പ്രസക്തി. മനുഷ്യരുടെ കണ്ണ് വളരെ സങ്കീർണവും അതിലോലവുമായ അവയവമാണ്. പരിക്കോ മറ്റ് രോഗങ്ങളോ മൂലം കണ്ണിന് സംഭവിക്കുന്ന പല പ്രശ്നങ്ങളും പൂർണമായി പരിഹരിക്കാൻ നിലവിൽ സാധ്യമായതല്ല. ചില കശേരുകികൾക്ക് റെറ്റിനയിലെ പ്രത്യേക കോശങ്ങളോ കണ്ണിന്റെ ചില ഭാഗങ്ങളോ കണ്ണിന് പരിക്കുണ്ടായ ശേഷം പുനർനിർമിക്കാൻ കഴിയും. സലമാൻഡർ, തവള, സീബ്രാഫിഷ് തുടങ്ങിയ ജീവികളിൽ ഇത് നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ മനുഷ്യരുടേതിന് സമാനമായ ക്യാമറ-ടൈപ്പ് കണ്ണ് പൂർണമായി നഷ്ടപ്പെട്ട ശേഷം വീണ്ടും വളർത്താനുള്ള കഴിവ് ഈ ഒച്ചിൽ കണ്ടെത്തിയത് ഗവേഷണരംഗത്ത് പുതിയ സാധ്യതയാണ് തുറക്കുന്നത്.
കണ്ണിന്റെ സങ്കീർണമായ ഘടന എങ്ങനെയാണ് ഒരു ജീവിക്ക് വീണ്ടും നിർമിക്കാൻ കഴിയുന്നത് എന്നതിന്റെ ജനിതകവും കോശതലത്തിലുള്ളതുമായ രഹസ്യങ്ങൾ മനസ്സിലാക്കാൻ ഇത് സഹായിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. അത്തരം പഠനങ്ങൾ ഭാവിയിൽ മനുഷ്യരിലെ കേടായ കണ്ണിന്റെ ഭാഗങ്ങൾ പുനർനിർമിക്കാനുള്ള പുതിയ മാർഗങ്ങൾ കണ്ടെത്തുന്നതിനും വഴിതെളിച്ചേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.