നാല് വർഷം പിന്നിട്ട് 'പ്രോജക്ട് ചീറ്റ'; ഇന്ത്യയിൽ ജനിച്ച 32 കുഞ്ഞുങ്ങളടക്കം 52 ചീറ്റകൾ

ഇന്ത്യയിൽ ചീറ്റകളെ പുനരധിവസിപ്പിക്കുന്നതിനായി ആരംഭിച്ച 'പ്രോജക്ട് ചീറ്റ' നാല് വർഷം പൂർത്തിയാകുമ്പോൾ രാജ്യത്തെ ചീറ്റകളുടെ എണ്ണം 52 ആയി ഉയർന്നു. ഇതിൽ 32 എണ്ണം ഇന്ത്യയിൽ ജനിച്ച കുഞ്ഞുങ്ങളാണെന്ന് അധികൃതർ അറിയിച്ചു. പദ്ധതിയുടെ അടുത്തഘട്ടത്തിൽ കൂടുതൽ അനുയോജ്യമായ ആവാസവ്യവസ്ഥകൾ വികസിപ്പിച്ച് രാജ്യത്ത് ദീർഘകാലാടിസ്ഥാനത്തിലുള്ള ചീറ്റ ജനസംഖ്യ സൃഷ്ടിക്കുന്നതിനാണ് ശ്രദ്ധ കേന്ദ്രീകരിക്കുക.

2022 സെപ്റ്റംബർ 17-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നമീബിയയിൽ നിന്ന് കൊണ്ടുവന്ന എട്ട് കാട്ടുചീറ്റകളെ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെ പ്രത്യേക എൻക്ലോഷറുകളിലേക്ക് വിട്ടയച്ചതോടെയാണ് പദ്ധതി ആരംഭിച്ചത്. നിലവിൽ 49 ചീറ്റകൾ കുനോയിലും മൂന്ന് ചീറ്റകൾ ഗാന്ധി സാഗർ വന്യജീവി സങ്കേതത്തിലുമാണുള്ളത്.

തിരിച്ചുവരവ്, പ്രജനനം, കുഞ്ഞുങ്ങളുടെ അതിജീവനം, തുറന്ന വനമേഖലകളിലേക്കുള്ള വ്യാപനം തുടങ്ങിയ നിരവധി സുപ്രധാന നേട്ടങ്ങൾ കഴിഞ്ഞ നാല് വർഷത്തിനിടെ കൈവരിച്ചതായി അധികൃതർ വ്യക്തമാക്കി. ആദ്യവർഷത്തിൽ ചീറ്റകളുടെ സ്വഭാവം, ആരോഗ്യം, ഇന്ത്യൻ സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്ന പരിപാലനരീതികൾ എന്നിവയെക്കുറിച്ച് സംഘം വിലപ്പെട്ട അനുഭവങ്ങൾ നേടിയെന്നും അധികൃതർ പറഞ്ഞു.

രണ്ടാം വർഷത്തിൽ ഇന്ത്യയിൽ ജനിച്ച കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനും വളർച്ചക്കുമായിരുന്നു പ്രധാന ശ്രദ്ധ. ജനിച്ച 13 കുഞ്ഞുങ്ങൾ ഒരു വർഷത്തിലേറെ കാലം വിജയകരമായി അതിജീവിച്ചതായും അധികൃതർ അറിയിച്ചു. 2025-ൽ ചീറ്റകളെ തുറന്ന വനമേഖലകളിലേക്ക് വിട്ടയക്കുകയും 12 ജില്ലകളിലായി വ്യാപിച്ച പ്രദേശങ്ങളിൽ 24 മണിക്കൂറും നിരീക്ഷണം തുടരുകയും ചെയ്തിരുന്നു.

നമീബിയയിൽ നിന്ന് കൊണ്ടുവന്ന എട്ട് ചീറ്റകളിൽ മൂന്ന് എണ്ണം ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ഇവയിൽ നിന്ന് ജനിച്ച 22 കുഞ്ഞുങ്ങളെ കൂടി ഉൾപ്പെടുത്തുമ്പോൾ നമീബിയൻ ചീറ്റകളുടെ എണ്ണം 25 ആയി. 2023-ൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് കൊണ്ടുവന്ന 12 ചീറ്റകളിൽ എട്ട് എണ്ണം ജീവനോടെയുണ്ട്. അവയിൽ നിന്ന് ജനിച്ച 10 കുഞ്ഞുങ്ങളെ കൂടി ചേർത്താൽ ദക്ഷിണാഫ്രിക്കൻ ചീറ്റകളുടെ എണ്ണം 18 ആയി ഉയർന്നു.

ഈ വർഷം ഫെബ്രുവരിയിൽ ബോട്സ്വാനയിൽ നിന്ന് ഒമ്പത് ചീറ്റകളെ കൂടി ഇന്ത്യയിലെത്തിച്ചതോടെ പദ്ധതിയുടെ അന്താരാഷ്ട്ര അടിത്തറ കൂടുതൽ ശക്തിപ്പെട്ടതായി അധികൃതർ വ്യക്തമാക്കി. കുനോയിലെ 49 ചീറ്റകളിൽ 17 എണ്ണം തുറന്ന വനമേഖലകളിലാണുള്ളത്. ശേഷിക്കുന്ന 32 എണ്ണം സോഫ്റ്റ് റിലീസ് എൻക്ലോഷറുകളിലാണ്. ഇവയിൽ ഒരു വയസ്സിൽ താഴെയുള്ള 19 കുഞ്ഞുങ്ങളും ഉൾപ്പെടുന്നുണ്ട്.

Tags:    
News Summary - Project Cheetah completes four years; 52 cheetahs including 32 born in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.