ജനീവ/അന്റാർട്ടിക്ക: ലോകത്തിലെ ഏറ്റവും വലിയ പെൻഗ്വിൻ വർഗമായ എംപറർ പെൻഗ്വിനുകളെ (Emperor Penguins) ഐ.യു.സി.എൻ ഔദ്യോഗികമായി വംശനാശഭീഷണി നേരിടുന്ന 'അപകടസാധ്യതയുള്ള' (Endangered) ജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്തി.
മുൻപ് 'ഭീഷണി നേരിടാൻ സാധ്യതയുള്ളവ' (Near Threatened) എന്ന വിഭാഗത്തിലായിരുന്ന ഇവയെ ഉൾപ്പെടുത്തിയിരുന്നത്. കാലാവസ്ഥ വ്യതിയാനം മൂലം അന്റാർട്ടിക്കയിലുണ്ടായ ഗുരുതരമായ സാഹചര്യങ്ങൾ പരിഗണിച്ചാണ് അതീവ ഗൗരവമുള്ള പട്ടികയിലേക്ക് മാറ്റിയത്.
എംപറർ പെൻഗ്വിനുകൾ അന്റാർട്ടിക് സമുദ്രത്തിലെ മഞ്ഞുപാളികളിലാണ് മുട്ടയിടുന്നതും കുഞ്ഞുങ്ങളെ വിരിയിക്കുന്നതും വളർത്തുന്നതും. അതിശൈത്യത്തിൽ ജീവിക്കുന്ന ഇവക്ക് ഏകദേശം 4 അടി ഉയരവും 40 കിലോയിലധികം ഭാരവുമുണ്ടായിരിക്കും. ഇവക്ക് കറുപ്പും വെളുപ്പും നിറമാണുള്ളത്. വയർഭാഗം വെളുപ്പുനിറവും ചിറകുകൾ കറുപ്പുമാണ്.
കട്ടിയുള്ള ഒരു രോമക്കുപ്പായം ഇവക്കുണ്ട്. പെൻഗ്വിനുകളുടെ ഏറ്റവും വലിയ പ്രത്യേകത അവയുടെ കഴുത്തിലും ചെവിയുടെ ഭാഗത്തുമുള്ള തിളങ്ങുന്ന മഞ്ഞ അല്ലെങ്കിൽ ഓറഞ്ച് നിറത്തിലുള്ള പാടുകളാണ്. ഇതാണ് അവക്ക് ഒരു രാജകീയ പരിവേഷം നൽകുന്നത്. ഏകദേശം 15-20 വർഷം വരെയാണ് ഇവയുടെ ആയുസ്സ്. പെൺ പെൻഗ്വിൻ മുട്ടയിട്ട ശേഷം ആൺ പെൻഗ്വിനാണ് അടയിരിക്കുന്നത്.
എന്നാൽ ആഗോളതാപനം മൂലം മഞ്ഞുപാളികൾ റെക്കോർഡ് വേഗതയിൽ ഉരുകുന്നത് ഇവയുടെ പ്രജനനത്തെ സാരമായി ബാധിച്ചു. പെൻഗ്വിൻ കുഞ്ഞുങ്ങൾക്ക് വെള്ളത്തിൽ നീന്താൻ സഹായിക്കുന്ന വാട്ടർപ്രൂഫ് തൂവലുകൾ വളരുന്നതിന് മുൻപേ മഞ്ഞുപാളികൾ തകരുന്ന സാഹചര്യം നിലവിലുണ്ട്. ഇതുമൂലം ആയിരക്കണക്കിന് പെൻഗ്വിൻ കുഞ്ഞുങ്ങൾ മരവിച്ച വെള്ളത്തിൽ വീണ് ചത്തുപോകുന്നു. 2016 മുതൽ അന്റാർട്ടിക്കയിലെ പല കോളനികളിലും നൂറു ശതമാനം പ്രജനന പരാജയമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഉപഗ്രഹ ചിത്രങ്ങൾ വഴിയുള്ള നിരീക്ഷണത്തിൽ 2009-നും 2018-നും ഇടയിൽ മുതിർന്ന എംപറർ പെൻഗ്വിനുകളുടെ എണ്ണത്തിൽ 10 ശതമാനത്തോളം കുറവുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ ഇതേ രീതിയിൽ തുടർന്നാൽ, 2100-ഓടെ എംപറർ പെൻഗ്വിൻ കോളനികളിൽ 98 ശതമാനവും നാമാവശേഷമാകാൻ സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. 2080-ഓടെ മാത്രം ജനസംഖ്യ പകുതിയായി കുറയാം. സമുദ്ര താപനില ഉയരുന്നത് പെൻഗ്വിനുകളുടെ പ്രധാന ഭക്ഷണമായ 'ക്രിൽ' എന്ന ചെമ്മീൻ വർഗ്ഗത്തിന്റെ ലഭ്യതയെയും കുറച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.