ഡൽഹിക്കടുത്തുള്ള യമുനയിൽ ഛാത് പൂജ അർപ്പിക്കുന്ന സ്ത്രീ.
മുഖോപാധ്യായക്ക് അംഗീകാരം നേടിക്കൊടുത്ത ചിത്രം


യമുന മലിനീകരണത്തിന്റെ ഭീകരത വെളിവാക്കുന്ന ചിത്രങ്ങൾ പകർത്തിയ ഫോട്ടോഗ്രാഫർക്ക് അംഗീകാരം

കൊൽക്കത്ത: ലോകത്തിലെ ഏറ്റവും മലിനമായ നദികളിൽ ഒന്നാണ് യമുന. വർഷങ്ങളായി അനിയന്ത്രിതമായ വ്യാവസായിക മാലിന്യങ്ങൾ, മലിനജലം, കാർഷിക മാലിന്യങ്ങൾ എന്നിവ നദിയെ ഗുരുതരമായി മലിനപ്പെടുത്തിയിരിക്കുന്നു. യമുനയുടെ മലിനീകരണം എല്ലായ്പ്പോഴും ദേശീയ തലസ്ഥാനത്ത് രാഷ്ട്രീയ ചർച്ചാവിഷയമാണ്.


30 വർഷം മുമ്പാണ് സോമനാഥ് മുഖോപാധ്യായ കാമറ എടുത്തത്. കഴിഞ്ഞയാഴ്ച നേച്ചർ ഇൻഫോക്കസ് ഫോട്ടോഗ്രാഫി അവാർഡിൽ രാംകി ശ്രീനിവാസൻ കൺസർവേഷൻ എന്ന ഉപവിഭാഗത്തിന് കീഴിൽ പശ്ചിമ ബംഗാൾ ആസ്ഥാനമായുള്ള ഈ ഫോട്ടോഗ്രാഫർ പ്രത്യേക പരാമർശം നേടി. ഡൽഹിക്കടുത്തുള്ള യമുനയിൽ ഛാത് പൂജ അർപ്പിക്കുന്ന ഒരു സ്ത്രീയുടെ ചിത്രമായിരുന്നു മുഖോപാധ്യായ പകർത്തിയത്.


2019 നവംബറിലാണ് അദ്ദേഹം ചിത്രത്തിനായി ക്ലിക്ക് ചെയ്തത്. യമുനാ നദി ‘പിടിച്ചടക്കാനുള്ള’ മുഖോപാധ്യായയുടെ യാത്ര ആരംഭിച്ചത് ഒരു സഹപ്രവർത്തകൻ എടുത്ത ഫോട്ടോ കണ്ടതോടെയാണ്. ‘നദിയിലെ നുരയുടെ അളവ് കണ്ട് ഞാൻ ഞെട്ടിപ്പോയി. അതിനുശേഷം, സ്വന്തമായി ഒരു സീരീസ് തീർക്കാൻ ഞാൻ വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങി. 2019ൽ ഛാത് പൂജക്കിടെ ഡൽഹിക്കടുത്തുള്ള യമുനയിലേക്ക് യാത്ര ചെയ്തു. ആദ്യം അവിടെ എത്തിയപ്പോൾ വൻ ജനക്കൂട്ടം ഉണ്ടായിരുന്നതിനാൽ പൊലീസ് നദിയുടെ അടുത്തേക്ക് പോകാൻ അനുവദിച്ചില്ല. മലിനീകരണ ചിത്രം എടുക്കാൻ കഴിയാത്തവിധം അവർ എന്നെ തടയുകയാണെന്ന് എനിക്കറിയാമായിരുന്നു.  എങ്ങനെയോ ആൾക്കൂട്ടത്തിനിടയിലൂടെ കടന്നുപോകാനും ചില ചിത്രങ്ങൾ പകർത്താനും കഴിഞ്ഞു. എനിക്ക് അംഗീകാരം നേടിത്തന്ന ചിത്രങ്ങളിലൊന്ന് ഇതാണ്. ഇത് എനിക്ക് ‘ബാർടൂർ‘ ഫോട്ടോ അവാർഡും നേടിത്തന്നു -57 കാരനായ മുഖോപാധ്യായ വിശദീകരിച്ചു.


‘പാപി’ എന്നാണ് എന്റെ ചിത്രത്തിന്റെ പേര്. ഇപ്പോൾ ആരാണ് ഇവിടെ പാപിയെന്നത് വലിയ വിരോധാഭാസമാണ്. ചിത്രത്തിൽ പ്രാർഥിക്കുകയും കർമങ്ങൾ ചെയ്യുകയും ചെയ്യുന്ന ആൾ, അവളോ അവനോ പാപിയാണോ? അതോ നദി സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ട നമ്മൾ ആണോ? മതത്തിന്റെ പേരിൽ നാം നദീസ്രോതസ്സുകളെ മലിനമാക്കുകയാണ്. ഇപ്പോഴിതാ, കുംഭമേളയുടെ സമയത്ത് എല്ലായിടത്തും വെള്ളം മലിനമാക്കപ്പെടുന്നു. ഇതെല്ലാം മതത്തിന്റെയും ആരാധനയുടെയും ആചാരങ്ങളുടെയും പേരിൽ നടക്കുന്നു. മനുഷ്യന്റെയും കാർഷിക ജലജീവികളുടെയും ആരോഗ്യത്തിൽ ഈ മലിനീകരണം നിരവധി പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. ഇതെല്ലാം ദൈവികതയാണെന്ന് ആളുകൾ കരുതുന്നു. പക്ഷേ അതങ്ങനെയല്ല. പരിസ്ഥിതി, നദീ മലിനീകരണം, സംരക്ഷണം എന്നിവയാണ് എന്റെ പ്രിയപ്പെട്ട വിഷയങ്ങളിൽ ചിലത് -അദ്ദേഹം പറഞ്ഞു.


ഇപ്പോൾ, ഗംഗയുടെ തീരത്തുള്ള നദീതീരത്തെ മണ്ണൊലിപ്പിന്റെ ചിത്രങ്ങൾ പകർത്തുന്ന പണിയിലാണ്. മുർഷിദാബാദിൽ നിന്ന് മാൾഡയിലേക്കുള്ള നദീതീരത്തിന്റെ വലിയൊരു ഭാഗത്തേക്ക് ഞാൻ യാത്ര ചെയ്തു -മുഖോപാധ്യായ സമാനമായ പ്രോജക്ടുകളിൽ പ്രവർത്തിക്കുന്നത് തുടരുന്നു.



‘നേച്ചർ ഇൻഫോക്കസ് ഫോട്ടോഗ്രാഫി’ അവാർഡുകൾ ശക്തമായ ചിത്രങ്ങളിലൂടെ ലോകത്തെ കാണിക്കുകയും അവബോധം വർധിപ്പിക്കുകയും സംരക്ഷണത്തിന്റെ അനിവാര്യതകളിലേക്ക് വെളിച്ചം വീശുകയും ചെയ്യുന്നു.


Tags:    
News Summary - Bengal photographer wins special mention for Yamuna pollution picture

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.