ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രിയായതിന് ശേഷമുള്ള വിജയിയുടെ തിയേറ്റർ പ്രവേശനമായ ‘ജനനായകൻ’ ബോക്സോഫീസിൽ ചരിത്രവിജയം കുറിച്ച് മുന്നേറുന്നു. ചിത്രത്തിന്റെ ലോകമെമ്പാടുമുള്ള ഗ്രോസ് കളക്ഷൻ ഇതിനോടകം 301 കോടി രൂപ കടന്നു. കേരളത്തിൽ നിന്ന് മാത്രം ചിത്രം ഇതുവരെ 14 കോടിയിലധികം രൂപയുടെ ഗ്രോസ് കളക്ഷൻ സ്വന്തമാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടിൽ മാത്രം ചിത്രം 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചു. തുടർച്ചയായി ഒമ്പതാം തവണയാണ് ഒരു വിജയ് ചിത്രം തമിഴ്‌നാട്ടിൽ മാത്രം 100 കോടിയിലധികം കളക്ഷൻ നേടുന്നത്. വിദേശ വിപണിയിൽ നിന്നും ചിത്രം 85 കോടി രൂപ വാരിക്കൂട്ടിക്കഴിഞ്ഞു.
റിലീസ് ദിവസം മുതൽ വാരാന്ത്യങ്ങളിൽ തിയേറ്ററുകളിൽ ഹൗസ് ഫുൾ ഷോകളും ഫാസ്റ്റ് ഫില്ലിംഗ് മുന്നേറ്റവുമാണ് ചിത്രം കാഴ്ചവച്ചത്. ഒരു പ്രവൃത്തിദിനമായിരുന്നിട്ടും ആദ്യ തിങ്കളാഴ്ചയും മികച്ച തിരക്കാണ് അനുഭവപ്പെട്ടത്. തുടർന്നുള്ള ദിവസങ്ങളിലും സമാനമായ രീതിയിൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ട നടൻ വിജയ്‌യെ അവസാനമായി സ്‍ക്രീനിൽ കാണാൻ പ്രായഭേദമന്യേ ആരാധകരും പ്രേക്ഷകരും വൻതോതിലാണ് തിയേറ്ററുകളിലേക്ക് ഒഴുകിയെത്തുന്നത്. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഇത്രയധികം പ്രതിസന്ധികളെ തരണം ചെയ്ത് തിയേറ്ററിലെത്തി ബ്ലോക്ക്ബസ്റ്റർ വിജയമാകുന്ന ആദ്യ ചിത്രം കൂടിയാണ് ‘ജനനായകൻ’. ഇന്ത്യയിൽ മാത്രം വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെ ഇതുവരെ 5.8 മില്യൺ ടിക്കറ്റുകളാണ് ചിത്രത്തിന്റേതായി വിറ്റഴിഞ്ഞിട്ടുള്ളത്.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ‘ജനനായകനിൽ’ ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, മമിതാ ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി തുടങ്ങി വമ്പൻ താരനിരയാണ് അണിനിരന്നിരിക്കുന്നത്. കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്: ഛായാഗ്രഹണം: സത്യൻ സൂര്യൻ, ആക്ഷൻ: അനിൽ അരശ്, കലാസംവിധാനം: വി. സെൽവ കുമാർ, കൊറിയോഗ്രാഫി: ശേഖർ, സുധൻ, ഗാനരചന: അറിവ്, കോസ്റ്റ്യൂം ഡിസൈൻ: പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈൻ: ഗോപി പ്രസന്ന, മേക്കപ്പ്: നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ: വീര ശങ്കർ, പി.ആർ.ഒ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.