മുംബൈ: ബോളിവുഡിന്റെ താരചക്രവർത്തിയായ ഷാറൂഖ് ഖാന് അഭിനയിക്കാനറിയില്ലെന്ന പാക് നടി മഹ്നൂർ ബലൂചിന്റെ പരാമർശം വിവാദത്തിൽ. സൗന്ദര്യത്തിന്റെ ഏത് അളവുകോലുകൾ വെച്ചളന്നാലും കാണാൻ അത്ര ഭംഗിയൊന്നുമില്ലാത്ത വ്യക്തിയാണ് ഷാറൂഖ് എന്നും മഹ്നൂർ അഭിപ്രായപ്പെട്ടു. ‘അദ്ദേഹത്തിന്റെ മികവുറ്റ വ്യക്തിത്വവും താരപരിവേഷം സമ്മാനിക്കുന്ന തേജോവലയവും ചേരുമ്പോൾ അദ്ദേഹം സുന്ദരനായി അനുഭവപ്പെടുകയാണ്. വളരെ സൗന്ദര്യമുള്ളവർക്കുപോലും അത്തരമൊരു തേജോവലയം ഉണ്ടാവില്ല. അതുകൊണ്ടുതന്നെ അവരെ ആരും ശ്രദ്ധിക്കാറുമില്ല’ -ഒരു ടെലിവിഷൻ ഷോയ്ക്കിടെ മഹ്നൂർ ബലൂച് പറഞ്ഞു.
‘ഷാറൂഖിന് അഭിനയിക്കാൻ അറിയില്ലെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. അദ്ദേഹം തന്നെ സ്വയം മാർക്കറ്റ് ചെയ്യാൻ വിരുതുള്ള മികച്ച ബിസിനസുകാരനാണ്. അദ്ദേഹത്തിന്റെ ആരാധകർ എന്റെ അഭിപ്രായത്തോട് ഒട്ടും യോജിക്കില്ലായിരിക്കാം. അതു കുഴപ്പമില്ല. ഞാൻ എന്റെ അഭിപ്രായം പറയുന്നുവെന്നു മാത്രം. നല്ല പേഴ്സണാലിറ്റിയുള്ള ഷാറൂഖ് തന്നെ നന്നായി മാർക്കറ്റ് ചെയ്യുന്നു. അതേസമയം, നന്നായി അഭിനയിക്കാനറിയുന്ന ഒട്ടേറെ നടന്മാരുണ്ട്. അവരൊന്നും പക്ഷേ, വിജയശ്രീലാളിതരല്ലെന്നുമാത്രം’ -മഹ്നൂർ ചൂണ്ടിക്കാട്ടി.
പാക് നടിയുടെ അഭിപ്രായപ്രകടനങ്ങൾക്കെതിരെ കിങ് ഖാന്റെ ആരാധകർ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ‘എന്തു വിഡ്ഢിത്തമാണിവർ പുലമ്പുന്നത്...ഷാറൂഖ് അനിതരസാധാരണമായ കഴിവുകളുള്ള നടനാണ്. ഇതിഹാസമാണദ്ദേഹം’ -ഒരു ആരാധകൻ പ്രതികരിച്ചു. ‘നിങ്ങൾക്കുതെറ്റി. ഭാവചക്രവർത്തിയാണ് ഷാറൂഖ്. അദ്ദേഹത്തിന്റെ കണ്ണുകൾ വരെ സംസാരിക്കും. നിങ്ങളോട് ബഹുമാനമുണ്ട്. പക്ഷേ, നിങ്ങൾ പറഞ്ഞതിൽ ഒരു കഴമ്പുമില്ല’-മറ്റൊരാളുടെ കുറിപ്പ് ഇങ്ങനെയായിരുന്നു.
ഷാറൂഖ് അഭിനയിച്ച ഏറ്റവും പുതിയ ചിത്രം ജവാൻ സെപ്റ്റംബർ ഏഴിന് റിലീസാകാനിരിക്കുകയാണ്. ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രം നടി നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റത്തിന് അവസരമൊരുക്കും. വിജയ് സേതുപതി, ദീപിക പദുകോൺ, സഞ്ജയ് ദത്ത് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.