അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന നരിവേട്ടയിലെ പുതിയ ഗാനം പുറത്ത്. ജേക്സ് ബിജോയ് സംഗീതം പകർന്ന ഗാനം റാപ്പർ വേടനാണ് ആലപിച്ചിരിക്കുന്നത്. പാട്ടിന്‍റെ തുടക്കത്തിൽ കൈവിലങ്ങിട്ട് പൊലീസിനൊപ്പം എത്തുന്ന വേടൻ അവസാനത്തിലേക്ക് എത്തുമ്പോൾ അത് പൊട്ടിക്കുന്നുണ്ട്. വേടൻ വേട്ടക്കിറങ്ങുന്നു എന്ന കുറിപ്പോടെ സംവിധായകനാണ് കഴിഞ്ഞ ദിവസം പാട്ടിന്‍റെ റിലീസ് അറിയിച്ചത്.
വേടന്‍ തന്നെയാണ് പാട്ടിന്‍റെ വരികളെഴുതിയിരിക്കുന്നത്. അറസ്റ്റിനും വിവാദങ്ങള്‍ക്കും ശേഷം വേടന്‍ ആദ്യമായി സിനിമയില്‍ പാടുന്ന പാട്ടാണിത്. ചിത്രത്തിലെ ചില രംഗങ്ങൾ പാട്ടിലുണ്ട്. പൊലിസുമായുള്ള ഏറ്റുമുട്ടലാണ് പാട്ടിൽ അവതരിപ്പിക്കുന്നത്. നാല് ലക്ഷത്തിലധികം പേരാണ് ഇതുവരെ പാട്ടിന്‍റെ വിഡിയോ യുട്യൂബിൽ കണ്ടത്. മേയ് 23നാണ് ചിത്രം തിയറ്ററുകളിൽ എത്തുക.
ടോവിനോ തോമസാണ് ചിത്രത്തിലെ നായകൻ. പൊലീസ് കോൺസ്റ്റബിൾ വർഗീസ് പീറ്റർ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ടൊവിനോ അവതരിപ്പിക്കുന്നത്. മറവികൾക്കെതിരായ ഓർമയുടെ പോരാട്ടം എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിന്‍റെ അവതരണം. പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ചേരനും, സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ഇൻഡ്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ, എന്നിവരാണ് ചിത്രം നിർമിക്കുന്നത്. അബിന്‍ ജോസഫിന്റേതാണു തിരക്കഥ. ആര്യാസലിം, റിനി ഉദയകുമാർ, സുധി കോഴിക്കോട്, നന്ദു, പ്രശാന്ത് മാധവൻ, അപ്പുണ്ണി ശശി, എൻ.എം. ബാദുഷ, എന്നിവരുംചിത്രത്തിലെ പ്രധാന താരങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.