ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ എത്തിയ 'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആന്‍റണി വർഗീസ് പെപ്പെ, ദുഷാര വിജയൻ, സുനിൽ, കബീർ സിങ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷരീഫ് മുഹമ്മദ് നിർമിച്ച് പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന 'കാട്ടാളൻ' സിനിമക്കായി സംഗീത സംവിധായകൻ രവി ബസ്രൂർ ഒരുക്കിയ തീം മ്യൂസിക് പുറത്ത്. 'മാർക്കോ'ക്ക് ശേഷമാണ് വീണ്ടും ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സുമായുള്ള രവി ബസ്രൂറിന്‍റെ സഹകരണം. പാൻ-ഇന്ത്യൻ സിനിമകളിൽ തന്‍റെ പവർഫുൾ ബാക്ക്ഗ്രൗണ്ട് സ്കോറുകൾ കൊണ്ട് തരംഗം സൃഷ്ടിച്ച രവി ബസ്രൂർ കാട്ടാളനിലും അത്ഭുതങ്ങൾ പ്രവർത്തിക്കുമെന്ന സൂചനയാണ് തീം മ്യൂസിക് നൽകുന്നത്. സിനിമയുടെ വേൾഡ് വൈഡ് റിലീസ് മെയ് മാസമാണ്.
''വേട്ട തുടങ്ങും മുമ്പ് അവിടെ ഒരു ശബ്‍ദമുണ്ടാകും. കാടകം കുലുക്കുന്ന ശബ്‍ദം, ഭയത്തെ നിയന്ത്രിക്കുന്ന ഒരു ശബ്‍ദം, സംഗീതം മാത്രമല്ല, ഒരു ശക്തി, ഒരു കൊടുങ്കാറ്റ്. ഇതിഹാസങ്ങൾ പിറവിയെടുത്ത ഭൂമികയിൽ നിന്നും, കെ.ജി.എഫിന്‍റേയും മാർക്കോയുടേയും ഗർജനങ്ങള്‍ക്ക് പിന്നിലെ മനുഷ്യൻ, ശക്തിയുടെ താളം രവി ബസ്രൂർ 'മാർക്കോ'ക്ക് ശേഷം ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സുമായി വീണ്ടും കൈകോർക്കുന്നു'' എന്ന വാചകങ്ങളുമായാണ് കഴിഞ്ഞ ദിവസം രവി ബസ്രൂറിനെ കാട്ടാളനിലേക്ക് സ്വാഗതം ചെയ്തുള്ള വിഡിയോ പുറത്തിറങ്ങിയിരുന്നത്. കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥും കാട്ടാളനിൽ സംഗീതമൊരുക്കുന്നുണ്ട്.
ഇന്ത്യൻ സിനിമാ സംഗീതത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന പേരുകളിൽ ഒന്നാണ് രവി ബസ്രൂർ. കന്നഡ സിനിമയെ ആഗോളതലത്തിൽ എത്തിച്ചതിൽ രവിയുടെ പശ്ചാത്തല സംഗീതം വഹിച്ച പങ്ക് വളരെ വലുതാണ്. കെ.ജി.എഫ്, സലാർ തുടങ്ങിയ സിനിമകളിലെ സംഗീതം തന്നെ അതിന് ഉദാഹരണമാണ്. മാർക്കോയിലൂടെ മലയാളത്തിലും വലിയ സ്വാധീനം ചെലുത്താൻ അദ്ദേഹത്തിന് സാധിച്ചു. ഈ വർഷം പുറത്തിറങ്ങാനിരിക്കുന്ന യാഷ് ചിത്രമായ 'ടോക്സിക്' ആണ് അദ്ദേഹത്തിന്‍റെ വരാനിരിക്കുന്ന വമ്പൻ പ്രോജക്റ്റ്.
ക്യൂബ്സ് എന്‍റർടൈൻമെന്‍റുമായുള്ള രവി ബസ്രൂറിന്‍റെ രണ്ടാമത്തെ സഹകരണമാണിത്. രവി ബസ്രൂറിന്‍റെ സംഗീതം 'കാട്ടാളൻ' സിനിമയെ മറ്റൊരു തലത്തിലേക്ക് എത്തിക്കും, എന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. സംഗീത പ്രേമികൾ ഒന്നടങ്കം ഈ മാന്ത്രിക സംഗീതത്തിനായി കാത്തിരിക്കുകയുമാണ്.140 ദിവസത്തെ ഷെഡ്യൂളിന് ശേഷം അടുത്തിടെയാണ് 'കാട്ടാളൻ' പാക്കപ്പായത്. ടി സീരീസാണ് സിനിമയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഷിമാരൂ ആണ് ഡിജിറ്റൽ ആൻഡ് സാറ്റലൈറ്റ് ഡിസിട്രിബ്യൂട്ടർ പാർട്നർ.
വമ്പൻ സാങ്കേതിക മികവോടെയും വൻ ബഡ്ജറ്റോടെയും എത്തുന്ന ചിത്രം മലയാളത്തിലെ തന്നെ മികച്ചൊരു ദൃശ്യ വിസ്മയം തന്നെ ആകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. തമിഴ് സിനിമാ ലോകത്ത് ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ തന്‍റേതായ ഇടം നേടിയെടുത്ത ദുഷാര വിജയനാണ് ചിത്രത്തിലെ നായിക. ആന്‍റണി വർഗ്ഗീസ് പെപ്പെ നായകനായെത്തുന്ന ചിത്രത്തിൽ മലയാളത്തിൽ നിന്നുള്ളവരും പാൻ ഇന്ത്യൻ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്.
പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ് എന്നിവരേയും ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോള്‍, രാജ് തിരൺദാസു, ഷോൺ ജോയ് തുടങ്ങിയ ശ്രദ്ധേയ താരങ്ങളേയും റാപ്പർ ബേബി ജീനിനേയും ഹനാൻ ഷായേയും കിൽ താരം പാർത്ഥ് തീവാരിയേയും, 'ലോക' ഫെയിം ഷിബിൻ എസ്. രാഘവിനേയും ഹിപ്സ്റ്റർ പ്രണവ് രാജിനേയും കോൾ മീ വെനത്തേയും ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അടുത്തിടെ പോസ്റ്ററുകള്‍ എത്തിയിരുന്നത് വലിയ ശ്രദ്ധ നേടിയിരുന്നു.
സിനിമയുടെ ചിത്രീകരണത്തിന് തായ്‌ലൻഡിലായിരുന്നു തുടക്കം കുറിച്ചിരുന്നത്. ഓങ്-ബാക്ക് 2, ബാഹുബലി-2: കൺക്ലൂഷൻ, ജവാൻ, ബാഗി 2, പൊന്നിയൻ സെൽവൻ പാർട്ട് 1 തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ആക്ഷൻ ഒരുക്കിയ ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെ ആണ് ചിത്രത്തിൽ ആക്ഷനൊരുക്കുന്നത്. ലോക പ്രശസ്ത തായ്‌ലൻഡ് മാർഷ്യൽ ആർട്സ് ചിത്രമായ 'ഓങ്-ബാക്കി'ന്‍റെ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെയുടെ നേതൃത്വത്തിലുള്ള ടീമിനോടൊപ്പമാണ് 'കാട്ടാളൻ' ഷൂട്ട് ആരംഭിച്ചിട്ടുള്ളത്.
സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത് പോൾ ജോർജ്, ജോബി വർഗ്ഗീസ്, ജെറോ ജേക്കബ് എന്നിവരാണ്. സംഭാഷണം ഒരുക്കുന്നത് ബിഗ് ബി, ചാപ്പ കുരിശ്, മുന്നറിയിപ്പ്, ചാർലി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ എഴുത്തുകാരൻ ഉണ്ണി ആറാണ്. എഡിറ്റിംഗ് നിർവ്വഹിക്കുന്നത് ഷമീർ മുഹമ്മദ് ആണ്. വേറിട്ട ഗാനങ്ങളൊരുക്കി ചുരുങ്ങിയ കാലം കൊണ്ട് സംഗീത ലോകത്ത് ശ്രദ്ധേയനായ നിഹാൽ സാദിഖ് 'കാട്ടാളന് ' വേണ്ടി ഒരു ഇലക്ട്രിഫൈയിങ് പ്രൊമോ ഗാനം ഒരുക്കുന്നുമുണ്ട്. ഐഡന്‍റ് ലാബ്സ് ആണ് ടൈറ്റിൽ ഗ്രാഫിക്സ്.
ഡി.ഒ.പി: ചന്ദ്രു സെൽവരാജ്, രെണദേവ്, ഓഡിയോഗ്രഫി: എം.ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഡിപിൽ ദേവ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ: കിഷാൻ, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്: അമൽ സി സദർ, കോറിയോഗ്രാഫർ: ഷെരീഫ്, സ്റ്റണ്ട് സന്തോഷ് മാസ്റ്റർ, ഗാനരചന: വിനായക് ശശികുമാർ, സുഹൈൽ കോയ, ചീഫ് അസ്സോസിയേറ്റ്: രാജേഷ് ഭാസ്കർ, വിഎഫ്എക്സ്: ത്രീഡിഎസ്, അഡീഷണൽ സോങ്ങ്: ബി. അജനീഷ് ലോക്‌നാഥ് , ഡിജിറ്റൽ മാർക്കറ്റിങ്: ഒബ്സിക്യൂറ എന്‍റർടൈൻമെന്‍റ്സ്, പി.ആർ ആൻഡ് മാർക്കറ്റിങ്: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, പി.ആർ.ഒ: ആതിര ദിൽജിത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.