'ഏക് പ്യാർ കാ നഗ്മ' എന്ന ഗാനത്തിലൂടെ സോഷ്യൽ മീഡിയ വൈറലായ റാണു മണ്ഡൽ തന്റെ പഴയ ജീവിതത്തിലേക്ക് മടങ്ങുന്നുവോ? നിലവിൽ പരിമിതമായ ജീവിത സാഹചര്യത്തിലാണ് റാണു ജീവിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
പശ്ചിമ ബംഗാളിലെ രണാഘട്ട് റെയിൽവേ സ്റ്റേഷനിലിരുന്ന് ലതാ മങ്കേഷ്കറിന്റെ ‘ഏക് പ്യാർ കാ നഗ്മാ ഹേ’ എന്ന ഗാനം താളം മുറിയാതെ പാടിയാണ് റാണു മണ്ഡൽ ശ്രദ്ധിക്കപ്പെട്ടത്. അവിചാരിതമായി റാണുവിന്റെ പാട്ട് ആസ്വദിച്ച ഒരാൾ പകർത്തിയ വിഡിയോ ആണ് അവരെ സമൂഹമാധ്യമ ലോകത്ത് ചർച്ചാ വിഷയമാക്കിയത്.
ലതാ മങ്കേഷ്കറിന്റെ ഉൾപ്പടെ നിരവധി പ്രമുഖരുടെ പ്രശംസ റാണുവിനെ തേടിയെത്തുകയും ചെയ്തു. പാട്ട് കേട്ടിഷ്ടമായ സംഗീത സംവിധായകൻ ഹിമേഷ് രഷ്മിയ ഗായികക്ക് സിനിമയിൽ പാടാൻ അവസരവും കൊടുത്തു. ഹിമേഷിനു വേണ്ടി റാണു മൂന്ന് ഗാനങ്ങൾ ആലപിച്ചു. സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോകളിൽ അതിഥിയായും എത്തിയ റാണുവിന്റെ മേക്ക്ഓവർ ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു.
പേരും പ്രശസ്തിയും തേടിയെത്തിയതോടെ സ്വന്തം വീട്ടിൽ നിന്നും ഗായിക പുതിയ സ്ഥലത്തേക്ക് താമസം മാറ്റുകയും ഉപേക്ഷിച്ചു പോയ മകളും കുടുംബവും ഗായികയെ അന്വേഷിച്ചെത്തുകയും ചെയ്തിരുന്നു. പിന്നീട് കുറച്ച് കാലമായി റാണുവിനെക്കുറിച്ച് യാതൊരു അറിവും ഇല്ലായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ പലരും ഗായികയെക്കുറിച്ച് അന്വേഷിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചില്ല.
ഡാൻസർ അദിതിയുടെ ഇൻസ്റ്റാഗ്രാമിലൂടെ അടുത്തിടെ റാണു മണ്ഡൽ പ്രത്യക്ഷപ്പെട്ടിരുന്നു. വിഡിയോയിൽ റാണു മണ്ഡല്‍ വസ്ത്രത്തിന് മുകളിൽ സൊമാറ്റോ ടീ-ഷർട്ട് ധരിച്ച് നിൽക്കുന്നത് കാണാം. 1.24 ലക്ഷം ലൈക്കുകൾ നേടിയ വിഡിയോക്ക് നിരവധി കമന്‍റുകളാണ് വരുന്നത്. സംഗീത സംവിധായകൻ ഹിമേഷ് രഷ്മിയ എവിടെയെന്നും ആരാധകർ ചോദിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.