ഗായകൻ സമീർ ബിൻസി, ഗായിക ശൈലജ 

തുടുത്ത സിക്കുവോ തുടുത്ത സൈത്തൂനോ? എവിടെയാണ് ശരി, ആർക്കാണ് തെറ്റിയത്?

മാപ്പിളപ്പാട്ടിൽ ‘തുടുത്തസിക്കൂ’ വിവാദം. പി.ടി അബ്ദുറഹ്മാൻ രചിച്ച് പീർ മുഹമ്മദും ശൈലജയും ചേർന്ന് ആലപിച്ച് അനശ്വരമാക്കിയ ‘ഒട്ടകങ്ങൾ വരി വരി വരിയായി...’എന്ന ഗാനത്തിെൻറ അനുപല്ലവിയിലെ വാക്കിനെച്ചൊല്ലിയാണ് സാമൂഹ്യമാധ്യമങ്ങളിെല ചൂടേറിയ ചർച്ച.

‘തുടത്തസിക്കൂ മരത്തിെൻറ കനികളും ജറാദെന്ന കിളികളും ചുടുകാറ്റിന്നൊലികളും...’ എന്ന മക്ക മണലാരണ്യത്തെക്കുറിച്ചുള്ള വിശേഷണ ഭാഗത്ത് ശരിക്കും ‘തുടത്ത സൈത്തൂൻ’ എന്നാണെന്നും ഗായകരെല്ലാം തെറ്റാണ് പാടിയതെന്നും വാദമുയർന്നതാണ് വിവാദങ്ങൾക്കാധാരം.

‘തുടുത്തസിക്കൂ’ എന്ന് മാത്രമല്ല, ചിലർ ‘തുടുത്തസിപ്പൂ’ എന്നും പാടിയുണ്ടെന്നും ഇത് ശരിയല്ലെന്നും അറേബ്യയുടെ പശ്ചാത്തലത്തിൽ തുടുത്ത സൈത്തൂൻ എന്നാണ് ശരിയെന്നും വാദിച്ച് ഇവർ രംഗത്തെത്തി. മാത്രമല്ല, മറ്റുള്ളവരുടേത് തെറ്റെന്ന് സ്ഥാപിക്കാൻ തുടുത്ത സൈത്തൂൻ എന്ന് പാടിയവരുടെ പാട്ടുകൾ ഷെയർ ചെയ്യുകയും ചെയ്തു. തുടത്ത സിക്കൂവിനെക്കാളും ചിര പരിചിതമായ ‘സൈത്തൂൻ’ എന്ന് കേള്‍ക്കുമ്പോള്‍ അതാകും ശരി എന്ന തോന്നലായിരുന്നു ഇൗ വാദങ്ങൾക്ക് ബലമേകിയത്.

Full View

എന്നാൽ കവി ഉദ്ദേശിച്ചത് സൈത്തൂൻ അല്ലെന്ന വാദവും മറുഭാഗത്ത് ഉയർന്നു. സൈത്തൂൻ അഥവാ ഒലിവ് മെഡിറ്ററേനിയൻ കാലാവസ്ഥയിൽ വളരുന്ന ചെടിയായാണെന്നും പാറകളാൽ വരിയപ്പെട്ട മക്കയിൽ ഒലീവ് വിളയുമോ എന്നുമായിരുന്നു ചോദ്യം. മക്കയുടെ കാലാവസ്ഥയിൽ ഒലീവ് വളരില്ല. കള്ളിമുൾചെടിക്ക് സമാനമായ ‘സക്കൂം’ ചെടിയാകും കവി ഉദ്ദേശിച്ചതെന്നതായിരുന്നു മറ്റൊരു വിശദീകരണം. പാട്ടിെൻറ കാവ്യഭംഗിക്കും താളപ്പൊരുത്തത്തിനും വേണ്ടി സക്കൂമിനെ ‘തുടുത്തസിക്കൂ’ എന്നെഴുതിയാതാകാമെന്നായിരുന്നു ഇവരുടെ വാദം.

സമീപകാലത്ത് ഗസൽ ഗായകൻ സമീർ ബിൻസി ഇൗ പാട്ടിെൻറ കവർ തയ്യാറാക്കിയിരുന്നു. തുടത്തസിക്കൂ എന്നാണ് അതിലുമുള്ളത്. കവർ സോങ് വേഗത കുറഞ്ഞതായതിനാൽ കുറച്ചുകൂടി സാവകാശം ‘തുടുത്തസിക്കൂ’ കേൾക്കാം. സ്വാഭാവികമായും ചർച്ച അദ്ദേഹത്തിെൻറ വാളിലേക്കും പടർന്നു. തുടത്തസിക്കൂ എന്ത് പഴമാണെന്നായിരുന്നു ചിലർക്ക് അറിയേണ്ടത്. കവി തന്നെ പറയുന്നതുപോലെ ‘മസ്നവിയും സിത്താറും നിസാമിയുടെ കവിതകളും കിട്ടുന്ന, കാഫു മലയുള്ള അറബിക്കെട്ടിൽ’ ഉള്ള ഒരു പഴം ആയിരിക്കാമെന്നായി മറുപടി. സൈത്തൂൻ മരമല്ലേ പാട്ടിെൻറ തീമിനോട് ചേരുക എന്നായി ചിലർ. സഖൂം എന്നോ സിഖൂം എന്നറിയപ്പെടുന്ന കള്ളിമുൾച്ചെടിയുണ്ടെങ്കിൽ തന്നെ അതിന് കനി ഉണ്ടാകില്ലല്ലോ എന്നായി ചിലരുടെ സന്ദേഹം.

അദ്ദേഹം ഈ പാട്ട് എഴുതിയത് സിക്കുമരം എന്ന് തന്നെയാണെന്നും അദ്ദേഹത്തിെൻറ രചനകൾ മാത്രം ഉൾപ്പെടുത്തിയ പുസ്തകം തെൻറ കൈവശമുണ്ട് അതിലും സിക്കുമരം എന്ന് തന്നെയാണുള്ളതെന്നുമാണ് ഗായകൻ എം.എ ഗഫൂറിെൻറ പക്ഷം. ‘തുടുത്ത് ഹസിപ്പൂ =തുടുത്തസിപ്പൂ’ എന്നായി ചിലർ. ഇതിനിടെ ശൈലജ പാടിയ ഒറിജിനൽ ട്രാക്കും ചർച്ചക്കെത്തി. അതിൽ കൃത്യമായി തുടത്തസിക്കൂ എന്നാണുള്ളത്.

‘പി.ടിയും പീർക്കയും ജീവിച്ചിരുന്ന കാലത്ത് നൂറ് കണക്കിന് ഗായകർ ‘തുടത്തസിക്കൂ’ പാടിയിട്ടും തെറ്റായിരുന്നുവെങ്കിൽ അവർ തിരുത്തുമായിരുന്നില്ലേ എന്ന് ചിലർ. വിവാദം കൊഴുക്കുന്നതിനിടെ ഇൗ ഗാനം ആദ്യമായി പാടിയ ഗായിക ശൈലജ രംഗത്തെത്തി. ‘‘സംശയം വേണ്ട, തനിക്ക് നല്ല ഒാർമ്മയുണ്ടെന്നും ‘തുടത്തസിക്കൂ’ എന്ന് തന്നെയാണ്’’ -എന്നും അവർ അടിവരയിട്ടു. മാത്രമല്ല, ‘പി.ടി അദ്ദേഹം എഴുതിയത് ഇത് തന്നെയാണ്, സംശയമേയില്ല. ഞാൻ റെക്കോർഡിങ്ങിലാണെങ്കിലും സ്റ്റേജുകളിലാണെങ്കിലും ഞാൻ പീർക്കാെൻറ ബുക്ക് നോക്കിയാണ് പാടാറ്. തെറ്റാൻ വഴിയില്ല. തെറ്റിച്ച് പാടിയിരുന്നെങ്കിൽ അന്നു തന്നെ പീർക്ക തിരുത്തുമായിരുന്നു’വെന്നും ശൈലജ കൂട്ടിച്ചേർത്തു. ഇതോടെയാണ് വിവാദങ്ങൾക്കും ചർച്ചകൾക്കും ശമനമുണ്ടായത്.

46 കൊല്ലം മുൻപ്, 1978 ൽ മദ്രാസിലെ എച്ച്.എം.വി സ്റ്റുഡിയോവിൽ തികച്ചും ആകസ്മികമായാണ് ഇൗ പാട്ടിെൻറ പിറവി. എച്ച്.എം.വിയിൽ ‘ലൈല മജ്‌നു’ റെക്കോർഡിങ് പുരോഗമിക്കുകയാണ്. അഞ്ച് മിനിട്ടിലധികം സമയം ഡിസ്കിൽ ഒഴിവുണ്ടെന്നും അവിടം നിറക്കാൻ ഒരു പാട്ടുവേണമെന്നും സൗണ്ട് എഞ്ചിനിയർ ആവശ്യപ്പെട്ടു. ഉടൻ പി.ടി അബ്ദുറഹ്മാൻ കുറച്ച് വരികൾ എഴുതുന്നു. അപ്പോൾ തന്നെ എ.ടി ഉമ്മർ ഈണം നൽകി. അങ്ങനെ പിറന്ന, പീർ മുഹമ്മദും ശൈലജയും ചേർന്ന് പാടിയ ‘‘ഒട്ടകങ്ങൾ വരി വരിയായി..’’ പിന്നീട് ഹിറ്റായി. പി.ടിയുടെ എഴുത്ത് ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് എഴുതിയ വരികൾ കൂടിയാണിത്.

തുടത്തസിക്കൂ തീരുമാനമായെങ്കിൽ ‘സംകൃത പമഗരി’ യിലേക്ക് കടക്കാമെന്ന താമശക്കമ്മൻറുകളും ഇപ്പോൾ സജീവം.



Tags:    
News Summary - ottakangal vari vari variyayi malayalam mappila song

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.