പൊലീസുകാർ രചന, സംഗീതം, അഭിനയം എന്നിവ നിർവഹിച്ച ‘മൗനം പൂക്കുന്ന നേരം’ എന്ന മ്യൂസിക് വിഡിയോ ഇറങ്ങി. ഒരു പൊലീസുകാരന് കമാന്റിങ്ങ് ഓഫിസറോട് തോന്നുന്ന പ്രണയമാണ് ഗാനത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. പൊലീസുകാരായ ബിനൂപ്, സബൂറ എന്നിവരാണ് കേന്ദ്ര കഥാപാത്രത്തിലെത്തുന്നത്. അജിത് ദേവിന്റെ വരികൾ ആലപിച്ചിരിക്കുന്നത് വില്യം ഐസക് ആണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് വിഡിയോക്ക് ലഭിക്കുന്നത്.
2022ൽ ഗാനത്തിന്റെ ചിത്രീകരണം ആരംഭിച്ചു. പക്ഷേ പല കാരണങ്ങളാൽ വിഡിയോ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. പിന്നീട് അതിനെ കുറിച്ച് ചിന്തിച്ചിട്ടേയില്ല അജിത് ദേവ് പറഞ്ഞു. ഒറ്റക്കുള്ള യാത്രക്കിടയിൽ മനസ്സിലേക്ക് കടന്നുവന്ന ഈണങ്ങളാണ് ഇങ്ങനെയൊരു മ്യൂസിക് വിഡിയോയിലേക്ക് എത്തിച്ചതെന്ന് അജിത് ദേവ് പറഞ്ഞു. മനസ്സിലേക്ക് കടന്നുവരുന്ന ഈണങ്ങൾ നല്ലതാണെന്ന് തോന്നിയാൽ അപ്പോൾ തന്നെ ഫോണിൽ റെക്കോർഡ് ചെയ്ത് വെക്കും. പിന്നീട് വരികൾ എഴുതി ചിട്ടപ്പെടുത്തും. സുഹൃത്തുക്കളെ പാടികേൾപ്പിക്കും. അവർക്ക് ഇഷ്ടപ്പെട്ടപ്പോൾ ഇത് മറ്റുള്ളവരും കേൾക്കണമെന്ന് തോന്നി.
2025ൽ ബിനൂപ് സ്റ്റേഷനിലേക്ക് വന്നപ്പോഴാണ് വീണ്ടും ഗാനത്തെ കുറിച്ച് ചിന്തിച്ച് തുടങ്ങുന്നത്. പിന്നീട് സബീറയെ കൂടി കണ്ടപ്പോൾ ഇങ്ങനെയൊരു പാട്ട് ചെയ്യാം എന്ന് തീരുമാനിച്ചു. പൊലീസ് ആയത് കൊണ്ട് ഒരുപാട് കടമ്പകൾ കടക്കേണ്ടിയിരുന്നു. വിഡിയോ ചിത്രീകരിക്കാൻ അനുമതി കിട്ടുന്നതും ഏറെ വൈകിയാണ്. അങ്ങനെ പൊന്മുടിയിൽ വെച്ച് വിഡിയോ ചിത്രീകരിക്കാൻ തീരുമാനിച്ചു. രണ്ട് ദിവസത്തിനുള്ളിൽ ചിത്രീകരണം പൂർത്തിയാക്കി.
വിഡിയോ പുറത്തിറങ്ങിയതിന് ശേഷം വലിയ പിന്തുണയാണ് ഡിപ്പാർട്ട്മെന്റിൽ നിന്ന് ലഭിച്ചത്. കേരള പൊലീസിന്റെ ഗ്രൂപ്പുകളിലേക്ക് വലിയ രീതിയിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്. പത്തോളം പാട്ടുകൾ ചെയ്തുവെച്ചിട്ടുണ്ട്. ഇതിന്റെ പ്രതികരണം അനുസരിച്ച് വേണം ഇനിയുള്ള ഗാനങ്ങളും പുറത്തിറക്കാൻ അജിത് ദേവ് പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.