"എന്നിലുദിച്ചൊരു താരം നീയേ" - മകനു വേണ്ടി പാട്ടൊരുക്കി നജീം അർഷാദ്

''കണ്ണേ കൺമണിയേ, കണ്ണിൻ പൂങ്കനവേ, നെഞ്ചിൽ നീ പടര് മുല്ലേ..." - വാൽസല്യമൂറുന്ന വരികൾക്ക് സ്നേഹമലിഞ്ഞ ഈണം പകർന്ന് ഒരച്ഛൻ മകനുവേണ്ടിയൊരുക്കിയൊരു പാട്ട് തുടങ്ങുന്നതിങ്ങനെയാണ്. യുവ ഗായകൻ നജീം അർഷാദ് ആണ് മകൻ ഇൽഹാൻ അർഷഖിന് വേണ്ടി പാട്ടൊരുക്കിയത്. നജീമിൻ്റെ ഭാര്യ തസ്നിയും ഒപ്പം പാടുന്നു എന്ന പ്രത്യേകതയുമുണ്ട്. വാഗമണ്ണിൻ്റെ മനോഹാരിതയിൽ ഒരുക്കിയിരിക്കുന്ന "കണ്ണേകൺമണിയേ" എന്ന ആൽബത്തിൽ നജീമും ഭാര്യയും മകനുമാണ് അഭിനയിച്ചിരിക്കുന്നത്.

രണ്ടര വയസ്സുള്ള ഇല്ലു എന്ന ഇൽഹാൻ്റെ കളിയും ചിരിയും കുസൃതിയുമെല്ലാം ഭംഗിയായി ഒപ്പിയെടുത്തിട്ടുണ്ട് ആൽബത്തിൽ. "ഇല്ലുവിനെ അഭിനയിപ്പിക്കൽ ആയിരുന്നു ചിത്രീകരണത്തിലെ വെല്ലുവിളി. എല്ലാം സെറ്റ് ചെയ്ത് കാമറ ഓൺ ആക്കുമ്പോഴേക്കും അവൻ്റെ മൂഡ് മാറും. ഒടുവിൽ, 'ഉദയനാണ് താര'ത്തിൽ ഉദയൻ സരോജ് കുമാറിൻ്റെ ഭാവങ്ങൾ ഷൂട്ട് ചെയ്തത് പോലെയാണ് ഇല്ലുവിൻ്റെ ഭാഗങ്ങൾ ചിത്രീകരിച്ചത് " - നജീം പറയുന്നു.

Full View

മറ്റുള്ളവരുടെ പാട്ടുകൾ മകനുവേണ്ടി എപ്പോഴും പാടാറുണ്ട് നജീം. നല്ലൊരു ഈണം മനസ്സിലുദിച്ചപ്പോൾ അത് മകനുള്ള സ്നേഹ സമ്മാനമായി സമർപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. നജീമിൻ്റെ മനസ്സറിഞ്ഞ് ഗായകനും ഗാന രചയിതാവുമായ അരുൺ ആലാട്ട് വരികളൊരുക്കി. "എത്ര വളർന്നാലും ഈ പാട്ട് ഇല്ലുവിന് നല്ലയോർമ്മകൾ സമ്മാനിക്കുമെന്ന് ഉറപ്പാണ്. ഏത് പ്രായത്തിലും അവന് കുട്ടിക്കാലത്തേക്ക് ഒരു യാത്ര നടത്താൻ കഴിയും. അച്ഛൻ്റെ സംഗീതം, അച്ഛൻ്റെയും അമ്മയുടെയും ആലാപനം... ഒരുമകന് ഇതിലും മനോഹരമായ സമ്മാനം മാതാപിതാക്കളിൽ നിന്ന് ലഭിക്കില്ല. ഇല്ലുവിന് വേണ്ടി മാത്രമല്ല, എല്ലാ മാതാപിതാക്കൾക്കും മക്കൾക്കും വേണ്ടിയാണ് ഈ പാട്ട് ' - നജീം പറയുന്നു.

വീഡിയോ ആൽബത്തിൻ്റെ സംവിധാനവും എഡിറ്റിങും നിർവഹിച്ചിരിക്കുന്നത് സച്ചു സുരേന്ദ്രൻ ആണ്. ഛായാഗ്രഹണം ദാസ് കെ.മോഹനനും പ്രോഗ്രാമിങ് ശ്രീരാഗ് സുരേഷും മാസ്റ്ററിങ് ജോനാഥൻ ജോസഫും നിർവഹിച്ചിരിക്കുന്നു. നജീമിൻ്റെ സഹോദരൻ സജീം നൗഷാദ് ആണ് മിക്സിങ്.

Tags:    
News Summary - Kanne Kanmaniye Music Video By Najim Arshad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.