വാണീജയറാം

കലൈ വാണി

‘‘നിലച്ചാലും മനസ്സിൽ മായാജാലം തീർക്കുന്ന ചില ശബ്ദങ്ങളുണ്ട്. അത് നമ്മുടെ ആത്മാവിൽ അലിഞ്ഞുചേരുന്നവയാകും. ആ നാദം ഓർമകളെ നെഞ്ചേറ്റുകയും മനസ്സിനേറ്റ മുറിവുകൾക്ക് മറുമരുന്നാവുകയും ചെയ്യും...’’ വാണീജയറാമിന്റെ ആ നാദമനോഹാരിതക്ക് മുന്നിൽ ഗാനാഞ്ജലി അർപ്പിക്കുന്നു. മലയാളത്തിൽ ‘വാണി’ എന്ന വാക്കിനർഥം വാക്ക്, സരസ്വതി എന്നിങ്ങനെയാണ്. അത് കലൈവാണി ആകുമ്പൊഴോ, ‘കലയുടെ സരസ്വതി’ എന്ന് വിളിക്കാം. വാണീജയറാം എന്നപേര് പിന്നീട് വന്നതാണെങ്കിലും ഹിന്ദുവിശ്വാസപ്രകാരം സരസ്വതി എന്നാൽ നൃത്തത്തിന്റേയും സംഗീതത്തിന്റേയും പ്രത്യക്ഷരൂപമാണ്. വാണീജയറാം സംഗീതത്തിന്റെ പ്രത്യക്ഷ സൗന്ദര്യമായിരുന്നു. ദൈവീകചൈതന്യമുള്ള നാദവിസ്മയമായിരുന്നു. കേട്ടാൽ ഒന്നുറങ്ങാനും കൊഞ്ചിക്കുഴയാനും മതിമറന്നാടാനും കൊതിതോന്നുന്ന ഗാനങ്ങളായിരുന്നു മിക്കവയും. കാതിൽ കിളിക്കൊഞ്ചലായി കേട്ട വാണീജയറാമിന്റെ പാട്ടുകൾ മലയാളികൾക്ക് മറക്കാവുന്നതല്ല. മലയാളികൾക്ക് വാണീജയറാം സൗരയൂഥത്തിൽ വിടർന്ന കല്യാണസൗഗന്ധികമായിരുന്നു. സൗരയൂഥത്തിലെ മുഴുവൻ അക്ഷരങ്ങളും തേനിൽ ചാലിച്ച് മധുരതരമാക്കി അതിൽ അതിശയകരമായ സൗന്ദര്യം വരുത്തി നമുക്കുമുന്നിലേക്ക് അർപ്പിക്കുകയായിരുന്നു അവർ.

‘ഗുഡ്ഡി’ എന്ന ഹിന്ദി സിനിമയില്‍ പുതുതായി എത്തിയ നായികക്ക് പുതിയ ശബ്ദംതേടിയ സംവിധായകനോട് സംഗീതസംവിധായകന്‍ വസന്ത് ദേശായിയാണ് വാണിയെന്ന ഗായികയെ കുറിച്ച്‌ പറയുന്നത്. ‘‘ബോൽ രേ പപീഹരാ’’... എന്ന ഗുഡ്ഡിയിലെ ഗാനത്തിലൂടെ ഇന്ത്യയുടെ ഹൃദയംകവര്‍ന്ന വാണിക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. നിരവധി പുരസ്‌കാരങ്ങള്‍ ആദ്യ ഗാനത്തിലൂടെതന്നെ വാണിയമ്മ സ്വന്തമാക്കി. അങ്ങനെയാണ് 1973ലെ ഒരുദിവസം മലയാളക്കരയിൽനിന്ന് ‘സ്വപ്നം’ സിനിമയുടെ നിർമാതാവ് മലയാളത്തിലേക്ക് പാടാൻ വിളിച്ചത്. സലിൽ ചൗധരിയാണ് സംഗീതസംവിധാനമെന്ന് കേട്ടതും വാണി പാടാൻ സമ്മതംമൂളി.

‘‘സൗരയൂഥത്തിൽ വിടർന്നോരു കല്യാണ-

സൗഗന്ധികമാണീഭൂമീ’’...

എന്നഗാനം വാണിയമ്മയുടെ സ്വരമാധുര്യത്തിൽ കേൾക്കുമ്പോൾ സൗരയൂഥത്തിൽ വിടർന്നൊരു കല്യാണസൗഗന്ധികം ഗായികതന്നെയാണോയെന്ന് തോന്നിപ്പോകും. അത്രയേറെ മനോഹരമായി പാടിയിട്ടുണ്ടവർ. ശ്രീകുമാരൻ തമ്പി പറഞ്ഞപോലെ വാണിയുടെ പദങ്ങളുടെ ഉച്ഛാരണം, വ്യക്തത, ശ്രുതിശുദ്ധി എല്ലാം അപാരമായിരുന്നു. വടക്കേയിന്ത്യൻ സംഗീതവും ദക്ഷിണേന്ത്യൻ സംഗീതവും ഒരുപോലെ അറിയാമായിരുന്നു. കൂടാതെ രാഗങ്ങളിലുള്ള അഗാധമായ പാണ്ഡിത്യവും.

‘‘വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടിയ’’ വാണി ഏഴുസ്വരങ്ങളില്‍ ഈ ലോകത്തെയാകെ ആ മാസ്മരികശബ്ദത്തിലൂടെ ആവാഹിച്ചു. ഇന്ത്യന്‍സംഗീതത്തിൽ പകരംവെക്കാനില്ലാത്ത സംഗീതപ്രതിഭയായി മാറി. വേറിട്ട സ്വരമാധുര്യത്തിൽ താരാട്ടുമുതല്‍ പ്രണയഗാനംവരെ പാടിയ ശബ്‌ദത്തിനുടമ; ആത്മാവുള്ള പാട്ടുകള്‍ പാടി മലയാളത്തെ കൊതിപ്പിച്ച ഗായിക. മലയാളത്തില്‍ മാത്രം അറുനൂറോളം പാട്ടുകള്‍ പാടിയിട്ടുണ്ട്. അതിലെ ചില പാട്ടുകൾ നമ്മുടെ നാവിൻതുമ്പിൽ എന്നെന്നും തത്തിക്കളിക്കുന്നവയായിരുന്നു: ‘‘നാടന്‍പാട്ടിലെ മൈന’’... എന്ന ‘രാഗം’ സിനിമയിലെ ഗാനം അന്നത്തെ യുവാക്കളുടെ ഹരമായിരുന്നു. സലിൽ ചൗധരിയുടെ ‘നെല്ല്’ എന്ന ചിത്രത്തിലൊഴികെ മറ്റെല്ലാ മലയാളചിത്രത്തിലും വാണിയുടെ പാട്ടുകളുണ്ടായിരുന്നു. അത്രക്ക് മലയാളികൾ അവരെ ഏറ്റെടുത്തുകഴിഞ്ഞിരുന്നു അപ്പോഴേക്കും.

നമ്മൾ എന്നെന്നും നെഞ്ചോടുചേർത്തുപിടിച്ച നിരവധി ശ്രുതിമധുരങ്ങളായ ഗാനങ്ങൾ നൽകിയ അനുഗൃഹീത ഗായികയാണവർ. ‘‘പൂക്കൾ പനിനീർ പൂക്കൾ’’... എന്നു വാണിയമ്മ പാടുമ്പോൾ മന്ദമാരുതനിൽ ചാഞ്ചാടുന്ന പനിനീർ പൂവിന്റെ സൗന്ദര്യവും സുഗന്ധവുമപ്പാടെ ഓരോ സംഗീത പ്രേമിയുടെയും ഹൃദയത്തെ തൊട്ടുണർത്തുന്നവയായിരുന്നു. മനസ്സുകീഴടക്കുന്ന, ഉള്ളുനയയ്ക്കുന്ന മഴച്ചാറ്റലായിരുന്നു വാണിയമ്മയുടെ ഓരോ ഗാനവും നമുക്ക്.

‘‘ഏതോ ജന്മകൽപനയിൽ

ഏതോ ജന്മവീഥികളിൽ’’

എന്ന് വാണി പാടുമ്പോൾ ആസ്വാദകരുടെ മനസ്സും പ്രണയാതുരമായി മാറുകയായിരുന്നു. മനസ്സിന്റെ മാസ്മരിക വൈകാരികതയിൽ ആ സ്വരമാധുര്യം നീന്തിത്തുടിച്ചിരുന്നു. നമ്മൾ കേൾക്കേണ്ടതെന്ന് കാലം തീരുമാനിച്ച ശബ്ദമായിരുന്നു അത്. പ്രണയവും വാത്സല്യവും വിരഹവേദനയും ലാസ്യവും കിളിക്കൊഞ്ചലുമെല്ലാം മാറിമാറിവന്നു. ജന്മജന്മാന്തരങ്ങളിൽ അനുഭവിച്ചറിയാൻ പാകമാക്കിയ ഗാനങ്ങൾ നമ്മുടെ മനസ്സുനിറക്കും.

‘‘ഓലഞ്ഞാലി കുരുവി ഇളം കാറ്റിലാടി വരൂ നീ

കൂട്ടുകൂടി കിണുങ്ങി മിഴിപ്പീലി മെല്ലെ തഴുകീ’’...എന്ന ഗാനം കേട്ടാൽ ഇളംകാറ്റിന്റെ ഓളങ്ങളാൽ നമ്മെ മെല്ലെയൊന്നു തഴുകി അതിലങ്ങനെ ലയിച്ച് മതിമറന്നൊന്നുറങ്ങാൻ കൊതിക്കാത്ത മലയാളികളുണ്ടാവുമോ എന്ന് സംശയം. വിഷുക്കണിയിലെ കണ്ണിൽപൂവ്..., മദനോത്സവത്തിലെ ഈ മലര്‍ക്കന്യകള്‍..., എയര്‍ഹോസ്റ്റസിലെ ഒന്നാനാം കുന്നിന്മേല്‍..., അപരാധിയിലെ മാമലയിലെ പൂമരം പൂത്തനാള്‍... സലില്‍ ചൗധരി-വാണീജയറാം കൂട്ടുകെട്ട് മലയാളത്തിന് സമ്മാനിച്ച ഗാനങ്ങളായിരുന്നു ഇവയൊക്കെയും. അര്‍ജുനന്‍ മാഷിന്റെയും ശ്രീകുമാരന്‍ തമ്പിയുടെയും പാട്ടുകളാണ് വാണി കൂടുതല്‍ പാടിയിട്ടുള്ളത്. അതിൽ അതിമനോഹരമാണ്

‘‘തിരുവോണപ്പുലരിതൻ

തിരുമുൽക്കാഴ്ച വാങ്ങാൻ

തിരുമുറ്റമണിഞ്ഞൊരുങ്ങീ’’... എന്ന ഗാനം. മലയാളിക്ക് ഓേരാ തിരുവോണത്തിനും മറക്കാൻകഴിയാത്ത പാട്ടാണ് ‘തിരുവോണം’ സിനിമയിൽ വാണീജയറാം-അർജുനൻ മാഷ്-ശ്രീകുമാരൻ തമ്പി കൂട്ടുകെട്ടിൽ ജനിച്ച ഈ ഗാനം. വാണി ഇത് ഹിന്ദിയിൽ എഴുതിയെടുത്താണ് പാടിയത്. എന്നിട്ടും ആ ശബ്ദത്തിൻ മാധുര്യത്താൽ മലയാണ്മ മലയാളത്തിന്റെ തിരുമുറ്റമാകെ നിറഞ്ഞൊഴുകി. തിരുവോണപ്പുലരിയിലെ ആ തിരുമുൽക്കാഴ്ച വാണിയമ്മയുടെ നാദംതന്നെയാണെന്ന് വിശ്വസിക്കാനാണ് മലയാളികൾക്കിഷ്ടം. ഓണത്തിനോളം പ്രിയപ്പെട്ടതായി ആ ഗാനവും ഗായികയും മലയാളികളുടെ മനസ്സിൽ ഇന്നും ഇടംപിടിച്ചിരിക്കുന്നുണ്ട്. എന്റെ കൈയില്‍ പൂത്തിരി..., തേടിത്തേടി ഞാനലഞ്ഞു..., വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി..., ഒരു പ്രേമലേഖനം എഴുതിമായ്ക്കും..., മാവിന്റെ കൊമ്പിലിരുന്നൊരു മൈന വിളിച്ചു..., സീമന്തരേഖയില്‍ ചന്ദനംചാര്‍ത്തിയ എത്രയോ നല്ല പാട്ടുകള്‍.

ഏറെക്കാലത്തെ ഇടവേളക്കുശേഷം 2014ൽ ‘1983’ എന്ന ചിത്രത്തിൽ ഗോപീസുന്ദറിന്റെ സംഗീതത്തിൽ പി. ജയചന്ദ്രനൊപ്പം ‘ഓലഞ്ഞാലി കുരുവി...’ എന്ന ഗാനം പാടിയപ്പോൾ വാണിയമ്മ പറഞ്ഞത് ‘‘മലയാളത്തില്‍ എനിക്ക് മതിയായിട്ടില്ല, സംഗീതസംവിധായകർ വിളിച്ചാല്‍ എപ്പോള്‍ പാടാനും ഞാന്‍ റെഡി’’ എന്നായിരുന്നു. അതിൽനിന്നുതന്നെ നമുക്ക് വായിച്ചെടുക്കാം അവർ മലയാളത്തെ എത്രമാത്രം സ്നേഹിച്ചിരുന്നെന്ന്. നമ്മൾ വാണിയമ്മക്കൊന്നും തിരിച്ചുനൽകിയില്ലെങ്കിലും അവർക്കതിൽ പരിഭവം ഒട്ടുമില്ലായിരുന്നു. 19 ഭാഷകളില്‍ പാടിയതില്‍ മലയാളമാണ് തനിക്ക് ഏറ്റവും കൂടുതല്‍ സ്നേഹം തന്നിട്ടുള്ളത് എന്നും വാണീജയറാം ഒരിക്കല്‍ പറഞ്ഞിരുന്നു. 2017ൽ പുലിമുരുകനിലെ ‘മാനത്തെ മാരിക്കുറുമ്പേ’..., ആക്ഷൻ ഹീറോ ബിജുവിലെ ‘പൂക്കൾ പനിനീർ പൂക്കൾ’..., ക്യാപ്റ്റനിലെ ‘പെയ്തലിഞ്ഞ നിമിഷം’ തുടങ്ങിയ അവസാനകാലത്തെ വാണീജയറാം പാടിയ പാട്ടുകളും നമ്മൾ മലയാളികൾ രണ്ടും കൈയും നീട്ടി സ്വീകരിച്ചവയാണ്. വാണിക്ക് ഭാഷയുടെ വേർതിരിവുകളുണ്ടായിരുന്നില്ല. അത്രമേൽ അവർ സംഗീതത്തെ സ്നേഹിക്കുന്നുണ്ടായിരുന്നു. വാണിയമ്മ പാടിയ ഓരോ ഗാനവും മലയാളികളുടെ ഹൃദയഭിത്തികളെ ആർദ്രമായി സ്പർശിക്കുന്നതായിരുന്നു. അവർ സ്വരഭേദങ്ങൾ തീർത്ത വിസ്മയലോകം ’80, ’90 കാലഘട്ടമാണ്. ഏതുഗാനവും അതാവശ്യപ്പെടുന്ന ഫീൽ കൊടുത്ത് പാടാനുള്ള കഴിവായിരുന്നു വാണിയിലെ പ്രതിഭയുടെ മാറ്റുകൂട്ടിയത്. അഞ്ചു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന സംഗീതജീവിതത്തിനിടയിൽ ആയിരക്കണക്കിന് ഗാനങ്ങളാണ് അവർ പാടിയത്. തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, ബംഗാളി തുടങ്ങി ഭാഷകളിൽ ആ മാന്ത്രികശബ്ദം അലയടിച്ചു. ഇനി കേൾക്കില്ല നാം, പുതിയതായൊരു ഗാനം... ഗാനവസന്തം തീർത്ത ആ കാലം അസ്തമിച്ചു... ആ വിസ്മയനാദം മേഘങ്ങൾക്കിടയിലൂടെ മാസ്മരികവീചിയായി നേർത്ത ചാറ്റൽമഴയായി നമ്മെ കുളിരണിയിപ്പിക്കുമായിരിക്കും; കാത്തിരിക്കാം...

‘‘വാവാവം പാടിയുറക്കാൻ ഇല്ലില്ലെന്നമ്മയെൻ പൊന്നേ....

ചാരത്തെ നോവുതാരാട്ടിൽ നീയുറങ്ങാരാരോ’’....

Tags:    
News Summary - Kalai Vaani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT