മലയാളിക്ക് മതിവരാത്ത ആ ശബ്ദത്തിന് ഇന്ന് 83

മലയാളി കേട്ടിട്ടും കേട്ടിട്ടും മടുക്കാത്ത ഒരു ശബ്ദത്തിന്റെ പേരാണിന്ന് യേശുദാസ്. മറിച്ച് പേര് പറയാൻ കഴിയാത്തവിധം പതിറ്റാണ്ടുകളായി മലയാളിയുടെ സ്വന്തമാണീ പാട്ടുകാരൻ. ഈ പാട്ടിന്റെ വിസ്മയത്തിന് ഇന്ന്  83-ാം പിറന്നാൾ. ഗാനഗന്ധർവനെന്ന് മലയാളി ഒരാളെ മാത്രമെ വിളിച്ചിട്ടുള്ളൂ, അതാണീ പാട്ടുകാരന്റെ സവിശേഷത. ​കേട്ട് കേട്ടാണ് മലയാളി മനസിൽ ഈ ശബ്ദം ചേർന്ന് കിടന്നത്.

ഈ ശബ്ദമില്ലാതെ മലയാളിക്ക് ഒരു ദിവസമുണ്ടാകില്ല

യേശുദാസിന്റെ പാട്ടില്ലാതെ മലയാളിക്ക് ഒരു ദിവസമുണ്ടാകില്ല. 1961 നവംബര്‍ 14നാണ് `കാല്‍പാടുകള്‍' എന്ന സിനിമയ്ക്കായി 21 വയസ്സുകാരനായ യേശുദാസിന്റെ സ്വരം ചെന്നൈയിലെ ഭരണി സ്റ്റുഡിയോയില്‍ ആദ്യമായി റിക്കോര്‍ഡ് ചെയ്തത്. രാമന്‍ നമ്പിയത്ത് നിര്‍മിച്ച് കെഎസ് ആന്റണി സംവിധാനം ചെയ്ത `കാല്‍പാടുകള്‍'ക്കുവേണ്ടി സംഗീതം ഒരുക്കി യേശുദാസിനെ ആദ്യം പാടിച്ചത് എംബി ശ്രീനിവാസനായിരുന്നു. തുടർന്നാണ് ഈ സംഗീത യുഗം ആരംഭിക്കുന്നത്. അസാമീസ്, കാശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഭാഷകളിലും ഇദ്ദേഹം പാടി.

ചലച്ചിത്ര സംഗീത ലോകത്തു മാത്രമല്ല, കര്‍ണ്ണാടക സംഗീത രംഗത്തും ഈ പ്രതിഭ സാന്നിദ്ധ്യമറിയിച്ചു. മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്‌ക്കാരം ഏറ്റവും കൂടുതല്‍ തവണ നേടി എന്ന ബഹുമതിയും സ്വന്തമാക്കി. കേരളത്തിനുപുറമെ കര്‍ണ്ണാടക, ബംഗാള്‍ സംസ്ഥാനങ്ങളുടെയും മികച്ച പിന്നണി ഗായകനുള്ള അവാര്‍ഡുകളും ഇദ്ദേഹത്തെ തേടിയെത്തി. മലയാളത്തിനൊപ്പം കര്‍ണാടക സംഗീതത്തിനും ഇദ്ദേഹം നിരവധി സംഭാവനകള്‍ നല്‍കി. പിറന്നാളാഘോഷം ഇന്ന് കൊച്ചിയിൽ പാടിവട്ടം അസീസിയ കൺവെൻഷൻ സെന്ററിൽ നടക്കും. മമ്മൂട്ടി മുഖ്യാതിഥിയായിരിക്കും. അമേരിക്കയിലെ ഡാലസിലുള്ള യേശുദാസും ഭാര്യ പ്രഭയും ഡിജിറ്റൽ സ്‌ക്രീനിലൂടെ ആഘോഷ പരിപാടികളിൽ പങ്കെടുക്കും. രാവിലെ പത്തിന് യേശുദാസിന്റെ പുതിയ പ്രണയഗാനം `തനിച്ചൊന്നുകാണാൻ' ആൽബം മമ്മൂട്ടി പ്രകാശനം ചെയ്യും. യേശുദാസ് അക്കാദമിയാണ് സംഘാടകർ.

രാവിലെ 11-ന് സംഗീത-സാഹിത്യ-ചലച്ചിത്ര-രാഷ്ട്രീയ മേഖലകളിലെ പ്രമുഖരും സഹപാഠികളും സഹ കലാകാരന്മാരും പിന്നണി ഗായകരും സുഹൃത്തുക്കളും ഒന്നിച്ച് പിറന്നാൾ കേക്ക് മുറിക്കും. മന്ത്രി പി. രാജീവ്, ഹൈബി ഈഡൻ എം.പി., കളക്ടർ രേണുരാജ്, എ.ഡി.ജി.പി. അജിത് കുമാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും. ഗായക സംഘടനയായ `സമ'ത്തിന്റെ ആഭിമുഖ്യത്തിൽ, ഉണ്ണി മേനോൻ, എം.ജി. ശ്രീകുമാർ, വിജയ് യേശുദാസ്, സുദീപ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ അമ്പതോളം ഗായികാ ഗായകന്മാർ ആശംസാ ഗീതാഞ്ജലി അർപ്പിക്കും. ഗാന രചയിതാക്കളായ മങ്കൊമ്പ് ഗോപാലകൃഷ്ണൻ, ആർ.കെ. ദാമോദരൻ, കൈതപ്രം ദാമോദരൻ നമ്പൂതിരി, ഷിബു ചക്രവർത്തി, സംഗീത സംവിധായകരായ വിദ്യാധരൻ, ബേണി ഇഗ്നേഷ്യസ്, ശരത്, ടി.എസ്. രാധാകൃഷ്ണൻ എന്നിവർ പിറന്നാൾ ആശംസകൾ നേരും. 

Tags:    
News Summary - K J Yesudas Birthday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT