ആരാധകരെ ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഗായകൻ ഡാബ്സീ. കരിയർ വളർച്ചയിലും ക്രിയേറ്റിവിറ്റിയിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഒരു വർഷത്തേക്ക് ഇടവേളയെടുക്കുകയാണെന്നാണ് ഡാബ്സീ സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്.
'പ്രിയരേ, നിങ്ങളുമായി ചില പ്രധാനപ്പെട്ട വിവരം പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. വളരെയധികം ആലോചനകൾക്കും പരിഗണനകൾക്കും ശേഷം, എന്റെ വ്യക്തിപരമായ വളർച്ചയിലും സർഗ്ഗാത്മകതയിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ഒരു വർഷത്തെ ഇടവേള എടുക്കാൻ ഞാൻ തീരുമാനിച്ചു. ഇത് വെറുമൊരു ഇടവേളയെടുക്കൽ മാത്രമല്ല. ഒരുചുവട് പിന്നോട്ടുവെക്കുന്നത് പുതിയ ആശയങ്ങളുമായി തിരികെ വരാനും റീചാർജ് ആവാനും പുതിയ പ്രചോദനങ്ങൾ കണ്ടെത്താനും എന്നെ സഹായിക്കും. മുന്നിലുള്ള സാധ്യതകളെക്കുറിച്ച് ഞാൻ ഏറെ ആവേശഭരിതനാണ്. നിങ്ങൾ എനിക്ക് നൽകിയ സ്നേഹത്തിനും പിന്തുണക്കും നന്ദി. ഉടൻ വീണ്ടും കാണാം' -ഡാബ്സീ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു.
ഈയിടെ ഉണ്ണിമുകുന്ദൻ നായകനായെത്തിയ 'മാർക്കോ' സിനിമയിലെ ഗാനവുമായി ബന്ധപ്പെട്ട് ഡാബ്സീ വിവാദത്തിലായിരുന്നു. മാർക്കോയിലെ ബ്ലഡ് എന്ന ഗാനം പുറത്തെത്തിയതിന് ശേഷം ഒരുപാട് വിമർശനം ഉയർന്നിരുന്നു. ഗാനം പോരെന്നും ഡാബ്സീയുടെ ശബ്ദം പാട്ടുമായി ചേരുന്നില്ലെന്നും എല്ലാം ആരാധകർ വിമർശിച്ചു. ഇതിന് പിന്നാലെ അണിയറപ്രവർത്തകർ ഡാബ്സീയുടെ ഗാനം മാറ്റി കെ.ജി.എഫ് ഫെയിം സന്തോഷ് വെങ്കി ആലപിച്ച ഗാനത്തിന്റെ മറ്റൊരു പതിപ്പ് പുറത്തുവിടുകയും ചെയ്യുകയായിരുന്നു.
എന്നാൽ, വിവാദങ്ങൾ തന്നെ ബാധിക്കില്ലെന്നാണ് അന്ന് ഡാബ്സീ വ്യക്തമാക്കിയത്. 'മാര്‍ക്കോ എന്ന സിനിമയെ ചൊല്ലി കുറച്ചധികം പ്രശ്‌നങ്ങള്‍ നടന്നുവരുന്നുണ്ട്. ആദ്യം തന്നെ പറയാനുള്ളത്, ഇതിലിപ്പോൾ ഒന്നുമില്ല. ചിത്രത്തില്‍ പാടാനായി ഞാൻ ചോദിച്ച പണം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ എനിക്ക് നല്‍കുകയും ഞാന്‍ പ്ലേബാക്ക് പാടുകയും ചെയ്തു. അതിനുശേഷം ആ ഗാനം ഒഴിവാക്കുകയോ അല്ലെങ്കില്‍ വില്‍ക്കുകയോ ചെയ്യുന്നതില്‍ എനിക്ക് യാതൊരു കുഴപ്പവും ഇല്ല. അവരോട് എനിക്ക് യാതൊരു വിരോധവുമില്ല. പാട്ടിന്റെ കമ്പോസര്‍ ഞാന്‍ അല്ല. പാട്ടിന്റെ പോരായ്മകള്‍ പരിഹരിക്കുക എന്നുള്ളത് അതിന്റെ സംവിധായകന്റെ ഉത്തരവാദിത്വമാണ്' -എന്നായിരുന്നു ഡബ്സീ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.