Photo: Facebook, Harish Sivaramakrishnan

'അദ്ദേഹം വിദ്യാജിയെ നോക്കി ചെറുചിരിയോടെ തലകുലുക്കി, വിദ്യാജി പുഞ്ചിരിച്ചു, ഒരുപാട് കാലം പാടാൻ എനിക്കിത് ധാരാളം'

പ്രശസ്ത സംഗീതസംവിധായകൻ വിദ്യാസാഗറിന്‍റെ സംഗീതയാത്രയുടെ 25ാം വർഷത്തിൽ കൊച്ചിയിൽ നടന്ന പരിപാടിയിൽ പാടിയതിന്‍റെ ആഹ്ലാദം പങ്കിട്ട് ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ. അഴകിയ രാവണൻ എന്ന ചിത്രത്തിലെ 'ഓ ദിൽറുബാ...' എന്ന പാട്ടാണ് ഹരീഷും ശ്വേത മോഹനും ചേർന്ന് പാടിയത്. വിദ്യാസാഗറും ഗായകൻ ഹരിഹരനും വേദിയിലിരിക്കെയാണ് 'ഓ ദിൽറുബാ...' ഇരുവരും ചേർന്ന് ആലപിച്ച് കൈയടി നേടിയത്.




 

ഹരീഷ് ശിവരാമകൃഷ്ണന്‍റെ കുറിപ്പ് ഇങ്ങനെ

കഴിഞ്ഞ 20 വർഷമായി ഒരുപാട് ഒരുപാട് വേദികളിൽ ഒരുപാട് പാട്ടുകൾ പാടാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ഓരോ തവണയും ആസ്വാദകരെ നോക്കി, അല്ലെങ്കിൽ കണ്ണുകൾ അടച്ച്, അല്ലെങ്കിൽ മുകളിലേക്ക് നോക്കി പാടാൻ ഇഷ്ടം - ഈ ഒരു തവണ, ഞാൻ ഏറ്റവും ബഹുമാനിക്കുന്ന, നെഞ്ചിലേറ്റി സ്നേഹിക്കുന്ന രണ്ടു പേർ എന്റെ കൂടെ വേദിയിൽ തന്നെ ഉണ്ടായിരുന്നു - ഗസൽ രാജാവ് ഹരിഹരൻ ജി, മെലോഡികളുടെ ചക്രവർത്തി വിദ്യാസാഗർ സാർ. പ്രിയ ശ്വേത മോഹനൊപ്പം ഞാൻ ഈ വേദിയിൽ പാടുമ്പോൾ - ഇത് സമർപ്പിച്ചത് അവർക്ക് രണ്ടുപേർക്ക് വേണ്ടിയാണ്. അതുകൊണ്ടുതന്നെ, സ്വയം അറിയാതെ ഞാൻ അവരെ രണ്ടു പേരെ നോക്കിക്കൊണ്ടാണ് ഈ പാട്ടു പാടിയത്.

ഞാൻ പാടിയ വേദികളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട, മറക്കാനാവാത്ത നിമിഷങ്ങൾ ഉള്ളതും ഈ പെർഫോമൻസിലാണ്. ഹരി ജി എന്നോട് വേദിയിൽ കയറും മുമ്പേ -'നന്നാ പാട്' എന്ന് പറഞ്ഞ് അനുഗ്രഹിച്ചാണ് അയച്ചത്. 00:56ഇൽ അദ്ദേഹം പറഞ്ഞ ആ "വാഹ്" ഉം, 01:06 ഇൽ അദ്ദേഹം വിദ്യാ ജിയെ നോക്കി ചെറുചിരിയോടെ തലകുലുക്കുന്നതും, വിദ്യാജി അദ്ദേഹത്തെ നോക്കി പുഞ്ചിരിക്കുന്നതും എനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരങ്ങളിൽ ഒന്നാണ്. ഇനി ഒരുപാട് കാലം പാടാനും, എന്റെ രീതിയിൽ സംഗീതം ഉപാസിക്കാനും ഇത് ധാരാളം മതി... 

Full View


Tags:    
News Summary - Harish Sivaramakrishnan facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT