ബാബരി മസ്ജിദ് പൊളിച്ചത് രാമന് പോലും സഹിക്കാനാവാത്ത പ്രവൃത്തിയാണെന്ന് ഗാനരചയിതാവും കവിയുമായ കൈതപ്രം ദാമോദരൻ. ബാബരി മസ്ജിദ് പൊളിച്ച ദിവസമാണ് വാത്സല്യം എന്ന സിനിമയിലെ 'അലയും കാറ്റിൻ ഹൃദയം...' എന്ന പാട്ട് എഴുതിയത്. അതിലെ 'രാമായണം കേൾക്കാതെയായ്, പൊൻമൈനകൾ മിണ്ടാതെയായ്' എന്ന വരികൾ അങ്ങനെ വന്നതാണെന്നും ചാനൽ അഭിമുഖത്തിൽ കൈതപ്രം പറഞ്ഞു.
കൈതപ്രത്തിന്‍റെ വിവിധ ഗാനങ്ങളെ കുറിച്ച് പറയവേയായിരുന്നു വാത്സല്യത്തിലെ പാട്ടിനെ കുറിച്ച് പറഞ്ഞത്. ‘വാത്സല്യം സീതാരാമൻമാരുടെ കഥയാണ്. രാമനാണ് ഏട്ടൻ. ആ പാട്ട് (അലയും കാറ്റിൻ ഹൃദയം) എഴുതുന്ന ദിവസം എനിക്ക് വേറൊരു ഫീൽ കൂടി ഉണ്ടായിരുന്നു. ആ ദിവസമാണ് ബാബരി മസ്‌ജിദ് പൊളിക്കുന്നത്. അപ്പോഴാ പാട്ടിൽ ‘രാമായണം കേൾക്കാതെയായ്, പൊൻമൈനകൾ മിണ്ടാതെയായി’ എന്ന വരികൾ അറിയാതെ വന്നു. ആ വിഷയം പെട്ടന്ന് കേൾക്കുമ്പോൾ എനിക്ക് ഭയങ്കര സങ്കടമായിപ്പോയി. എന്തൊക്കെ ന്യായം പറഞ്ഞാലും അത് രാമന് പോലും സഹിക്കാൻ പറ്റാത്തതാണ് എന്ന തോന്നലാണ് എനിക്കുണ്ടായത്. ഞാനതിൽ രാഷ്‌ട്രീയമായെന്നും പറയുന്നില്ല. എനിക്ക് പേഴ്‌സണലായി തോന്നിയ ഒരു കാര്യമാണത്. ബാബരി മസ്ജിദ് പൊളിച്ച അന്ന് രാത്രിയാണ് ആ പാട്ടെഴുതുന്നത്’ –കൈതപ്രം പറഞ്ഞു.
കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത്, മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വാത്സല്യം എന്ന ഹിറ്റ് ചിത്രത്തിലെ ഏറെ ശ്രദ്ധേയമായ പാട്ടാണ് 'അലയും കാറ്റിൻ ഹൃദയം...'. എസ്.പി. വെങ്കിടേഷ് സംഗീതം നൽകിയ ഗാനം കെ.ജെ. യേശുദാസാണ് ആലപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.