തിയറ്ററുകൾ ത്രസിപ്പിച്ച് 'വിക്രം'

കമല്‍ഹാസന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവര്‍ ഒന്നിച്ച ബിഗ് ബജറ്റ് ചിത്രം 'വിക്രം' തിയേറ്ററുകളിലെത്തിയിരിക്കുന്നു. കൈതി, മാസ്റ്റേഴ്സ്, മാനഗരം തുടങ്ങിയ ചിത്രങ്ങളിലൂടെയെല്ലാം ശ്രദ്ധേയനായ ലോകേഷ് കനകരാജ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം കമലഹാസൻ ആരാധകരെയെല്ലാം ഒന്നടങ്കം തൃപ്തിപ്പെടുത്തുന്നതാണ്. സിനിമ റിലീസിനെത്തുന്നതിന് തലേദിവസം പ്രേക്ഷകരോടായി കൈതി ഒരിക്കൽ കൂടി കാണണമെന്ന് സംവിധായകൻ അഭ്യർത്ഥിച്ചിരുന്നു. അത് വെറുമൊരു അഭ്യർത്ഥനയല്ലായിരുന്നു. കൈദിക്ക് സമാനമായ പശ്ചാത്തലം തന്നെയാണ് വിക്രമിലുമുള്ളത്. എന്നാൽ അത് പറയുവാനുള്ള ക്യാൻവാസ് കുറേക്കൂടി വലുതാണെന്ന് മാത്രം.

മുഖംമൂടിധാകാരികളായ സംഘം നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയിലെ രണ്ട് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുന്നു. ഒപ്പം കർണ്ണൻ എന്ന വ്യക്തി കൂടി കൊല്ലപ്പെടുന്നു. സമാനരീതിയിലുള്ള കൊലപാതകം വീണ്ടും അരങ്ങേറുന്നു. അണ്ടർകവർ ഏജന്റായ അമർ (ഫഹദ് ഫാസിൽ) എന്ന ഉദ്യോഗസ്ഥന്‍റെ അന്വേഷണം മയക്കുമരുന്ന് കടത്തുകാരനായ സന്താനത്തിലേക്കും (വിജയ് സേതുപതി) കര്‍ണന്‍ അഥവാ വിക്രമിലേക്കുമെല്ലാം (കമല്‍ ഹാസന്‍) എത്തുന്നു. ആദ്യം മരിച്ച രണ്ടുപേർ പൊലീസുദ്യോഗസ്ഥർ ആകുമ്പോൾ തന്നെ അതിൽ ഉൾപ്പെടാത്ത മൂന്നാമനായ കർണ്ണനിലേക്കാണ് അമറിന്‍റെ ശ്രദ്ധ പോകുന്നത്. പിന്നീട് അയാള്‍ കൂടുതല്‍ അന്വേഷിച്ചിറങ്ങുന്നതും ഇതേ കർണ്ണനെക്കുറിച്ചാണ്. പലരില്‍നിന്നും പലതരം കഥകള്‍ കേള്‍ക്കുന്ന കർണ്ണനെക്കുറിച്ച് അമർ തന്‍റേതായ കണ്ടെത്തലുകൾ നടത്തുന്നു. വൈകാതെ, അയാൾ ആരെന്നും അയാളുടെ ഭൂതകാലം എന്തെന്നും നഗരത്തില്‍ നിലവില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് അയാളുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നുമെല്ലാം അന്വേഷിക്കുന്നു.


ചിത്രത്തിന്റെ ആദ്യപകുതിയെല്ലാം അമറിലൂടെ കഥ പറഞ്ഞു പോകുമ്പോൾ രണ്ടാം പകുതിയിൽ സ്കോർ ചെയ്യുന്നത് കമലഹാസനാണ്. എന്നാൽ ചിത്രത്തിൽ തീർച്ചയായും സ്ക്രീൻ സ്പേസ് കൂടുതൽ ഫഹദ് ഫാസിലിനു തന്നെയാണ്. മള്‍ട്ടിസ്റ്റാര്‍ കാസ്റ്റുമായി എത്തിയ ചിത്രത്തില്‍ പ്രധാന അഭിനേതാക്കൾക്കെല്ലാം ഒരേപോലെ സ്ക്രീൻ സ്പേസും പ്രാധാന്യവും നൽകുവാൻ സംവിധായകൻ പ്രത്യേകം ശ്രമിച്ചിരിക്കുന്നു. ചെമ്പൻ വിനോദ്, നരേൻ തുടങ്ങിയ താരനിര തന്നെയുണ്ട് ചിത്രത്തിൽ. വിജയ് സേതുപതിയുടെ അതിഗംഭീരമായ പ്രതിനായകവേഷവും, കൈതിയിലെ ഇന്‍സ്പെക്ടര്‍ ബിജോയ് ആയുള്ള നരേന്റെ തിരിച്ചുവരവും,1986ല്‍ പുറത്തെത്തിയ വിക്രം സിനിമയുടെ റെഫറൻസുമെല്ലാം കൗതുകം ഉണ്ടാക്കുന്നതാണ്.

ഏജന്റ് ടീന എന്ന കഥാപാത്രത്തിന്റെ സംഘട്ടന രംഗങ്ങൾ കൂടുതൽ ആവേശമുണർത്തുന്നുണ്ട്. കൈതിയിലേക്കുള്ള മറ്റൊരു തുടക്കവുമായാണ് സിനിമ അവസാനിക്കുന്നതും. അതുകൊണ്ട് തന്നെയാണ് കൈതി കാണണമെന്ന ഓർമ്മപ്പെടുത്തൽ സംവിധായകൻ നടത്തിയത്.


ഇതുവരെ ഇറങ്ങിയ സിനിമകളിൽ ഗിരീഷ് ഗംഗാധരൻ ഏറ്റവും വലിയ ക്യാൻവാസിൽ ചായാഗ്രഹണം ചെയ്തിരിക്കുന്ന സിനിമ വിക്രം തന്നെയാണ്. ആക്ഷൻ ത്രില്ലർ ചിത്രത്തിന്റെ എല്ലാതരം ഭംഗിയോടും കൂടി തന്നെ ക്യാമറ ചലിപ്പിക്കുന്നതിനൊപ്പം അനിരുദ്ധിന്റെ പശ്ചാത്തല സംഗീതം നൽകുന്ന ഇമ്പാക്ട് വലുതാണ്. എല്ലാത്തിലുമുപരി അതിഥി വേഷത്തിൽ സൂര്യ കൂടി എത്തുന്നതോടെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള ഓപ്പണിങ് മാരക കൈയടികളോടെയാണ് പ്രേക്ഷകർ ഏറ്റുവാങ്ങിയിരിക്കുന്നത്. രാജ് കമൽ ഇന്റർനാഷണലിന്റെ ബാനറിൽ കമലഹാസൻ തന്നെ ചിത്രം നിർമ്മിച്ചിരിക്കുന്നു.

Tags:    
News Summary - Vikram 2022 film review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-18 06:01 GMT