'അനിമൽ'യൂണിവേഴ്സിൽ പ്രണയം അസഭ്യവും സ്ത്രീ വിരുദ്ധവുമാണ് -റിവ്യൂ

വ്യക്തികളോടോ ഏതെങ്കിലും വസ്തുക്കളോടോ ആരാധന മൂത്തവരുടെ തലച്ചോറിൽ മറ്റ് കാര്യങ്ങളൊന്നും കാര്യമായി കയറില്ലെന്നും,അവർക്ക് ചിന്തിക്കാനുള്ള കഴിവ് കുറയുമെന്നുമാണ് പഠനങ്ങൾ പറയുന്നത്. അത്തരത്തിൽ ചിന്തിക്കാനുള്ള കഴിവ് കുറഞ്ഞ, മായാലോകത്തു ജീവിക്കുന്ന, സംഭവിക്കുന്നതിന്റെ യാഥാർഥ്യത്തെ കുറിച്ച് മനസിലാക്കാൻ ശ്രമിക്കാത്ത, മുഴുവൻ ചിന്തയും, സമയവും, ജീവനും, ജീവിതവും ആരാധനാമൂർത്തിയായ സ്വന്തം പിതാവിന് വേണ്ടി പണയം വെച്ച ഒരു മകന്റെ കഥ പറയുന്ന ചിത്രമാണ് 'അനിമൽ'. അർജുൻ റെഡ്ഡി, കബീർ സിങ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ സന്ദീപ് റെഡ്ഡി വങ്കയും രൺബീർ കപൂറും ആദ്യമായി ഒന്നിച്ച ചിത്രമാണ് അനിമൽ.


അച്ഛനോട് അമിതമായ അഭിനിവേശമുള്ള രൺവിജയ് സിങ് ( രൺബീർ) വ്യവസായിയായ ബൽബീർ സിങ്ങിന്റെ ( അനിൽ കപൂർ) മകനാണ്. മുന്നോട്ടുള്ള വർഷങ്ങൾ കടന്നുപോകുന്തോറും രൺവിജയ് സിങ്ങിന്റെ സ്വഭാവത്തിൽ കടന്നു വരുന്ന മാറ്റങ്ങൾ മാതാപിതാക്കളെ ആശങ്കപ്പെടുത്തുന്നു. സ്വന്തം പിതാവിന്റെ ശ്രദ്ധ പിടിച്ചു പറ്റുവാനായി അയാൾ കാണിച്ചു കൂട്ടുന്ന ശ്രമങ്ങൾ തന്നെയാണ് അതിന്റെ പ്രധാന കാരണം. മകന്റെ ഇത്തരം ചിന്തകളും പ്രവർത്തികളും എടുത്തുചാട്ടവും പിതാവിനും മറ്റു കുടുംബാംഗങ്ങൾക്കും ബുദ്ധിമുട്ടുകൾ ഉണ്ടാക്കുണ്ട്. എന്നാൽ യഥാർഥ പ്രശ്നങ്ങളാരംഭിക്കുന്നത് അവന്റെ യൗവന കാലത്താണ്. ബൽബീർ സിങ്ങിന് ഒരിക്കലൊരു വധശ്രമം നേരിടേണ്ടി വരുന്നതോടെ മകൻ രൺവിജയ് സിങ്ങ് താൻ ഒരിക്കലും തന്റെ കുടുംബത്തെ ഉപേക്ഷിക്കില്ലെന്ന പ്രതിജ്ഞയെടുന്നു. തുടർന്ന് ശത്രുപക്ഷത്തോടുള്ള അയാളുടെ പ്രതികാരവും പ്രതികാരശ്രമങ്ങളുമാണ് സിനിമയുടനീളം പറഞ്ഞു പോകുന്നത്. അതോടെ രക്തച്ചൊരിച്ചിലും, അക്രമണങ്ങളും, വെടിയുണ്ടകളുതിർക്കുന്ന തീപ്പൊരി രംഗങ്ങളുമെല്ലാം കൊണ്ട് സമ്പുഷ്ടമാവുകയാണ് ചിത്രം.

ചിത്രത്തിന്റെ പ്ലോട്ട് ഇങ്ങനെയൊക്കെയാണെങ്കിലും സിനിമ നമ്മളെ കൂടുതൽ അസ്വസ്ഥമാക്കുന്നത് സ്ത്രീവിരുദ്ധത കൊണ്ടാണ്. നായികയായ ഗീതാഞ്ജലിയെ (രശ്മിക മന്ദാന ) തന്റെ ജീവിതത്തിലേക്ക് കൊണ്ടുവരുവാനായി പരിണാമപരമായ വിശദീകരണം രൺവിജയ് സിങ് സിനിമയുടെ തുടക്കത്തിൽ തന്നെ അവൾക്ക് നൽകുന്നുണ്ട് . മറ്റൊരാളുമായി വിവാഹ നിശ്ചയം കഴിഞ്ഞ ഗീതാഞ്ജലിയെ അയാൾ സ്വന്തമാക്കുന്നത് ഇത്തരമൊരു സിദ്ധാന്തം പറഞ്ഞു ബ്രെയിൻ വാഷ് ചെയ്തു കൊണ്ടാണ്.


തന്റെ "ആരോഗ്യമുള്ള കുഞ്ഞുങ്ങളെ"ഗീതാഞ്ജലി അവളുടെ "വിശാലമായ പെൽവിസിൽ" ഉൾപ്പെടുത്തുന്നതോടെ "ആൽഫ പുരുഷന്റെ" കഴിവ് അവിടെ തെളിയിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്ന ഒരു സ്ത്രീവിരുദ്ധൻ കൂടിയാണ് രൺവിജയ് സിങ്. ഒരു പരിധിവരെ അത് ആത്മാരാധനയുടെ മറ്റൊരു തലം കൂടിയാണ്. താൻ മരിച്ചാൽ വീണ്ടും മറ്റൊരു വിവാഹം കഴിക്കരുതെന്ന് ഗീതാഞ്ജലിയോട് അയാൾക്ക് പറയാൻ സാധിക്കുന്നതും അതുകൊണ്ട് തന്നെയാണ്. തന്റെ ഭർത്താവിന് മറ്റൊരു സ്ത്രീയുമായുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് ചോദിക്കുന്ന ഗീതാഞ്ജലിയെ വൈകാരികപരമായി രൺവിജയ് സിങ് കീഴ്പ്പെടുത്തുകയും, അതിന് തൊട്ടു പിന്നാലെയായി അവർക്കിടയിൽ ഇന്റിമേറ്റ് രംഗങ്ങൾ കടന്നു വരികയും ചെയ്യുന്നതോടെ ചിത്രത്തിൽ നായിക വെറുമൊരു ഉപഭോഗവസ്തുവും നായകൻ ആണത്വപ്രതീകവുമായി മാറുന്നു.

മിഡിൽ ക്ലാസ് പ്രേക്ഷകർക്ക് എളുപ്പത്തിൽ കണക്ട് ചെയ്യാൻ സാധിക്കാത്ത, മറ്റെതോ യൂണിവേഴ്സിൽ നടക്കുന്ന കഥയായി 'അനിമൽ' സിനിമയെ കണക്കാക്കാം. രൺവിജയും ഗീതാഞ്ജലിയും യുഎസിലേക്ക് കുടിയേറുകയും, രണ്ട് കുട്ടികളെ വളർത്തുകയും, അവരുടെ വൈവാഹിക ജീവിതം മുന്നോട്ടുപോകുമ്പോഴും അത്തരം ആനന്ദങ്ങളൊന്നും സിനിമയിൽ കാണിക്കുന്നില്ല. ബൽബീർ സിങ്ങിന്റേയും മകൻ രൺവിജയ് സിങ്ങിന്റേയും ഇടയിലുള്ള സങ്കീർണ്ണമായ അവസ്ഥാന്തരങ്ങൾ മാത്രമാണ് അനിമലിന്റെ ഇതിവൃത്തം.

സിനിമ കാര്യമായി പലതും പറഞ്ഞു പോകുന്നെങ്കിലും പലപ്പോഴും അത് തമാശയായിട്ടാണ് പ്രേക്ഷകർക്ക് അനുഭവപ്പെടുന്നത്. സ്വന്തം തീരുമാനങ്ങളിൽ ചുറ്റുമുള്ള മനുഷ്യരെല്ലാം തന്റെ വരുതിയിൽ വരുത്തുന്ന, സ്ത്രീയുടെ പ്രസവിക്കുന്ന ഇടുപ്പിനെ അഭിനന്ദിക്കുന്ന, ആർത്തവ വേദനയെ പരിഹസിക്കുന്ന നായകന്റെ ഏറ്റവും വലിയ പ്രശ്നം 'കഥ'യിലെ ലക്ഷ്യമില്ലായ്മ തന്നെയാണ്. എന്നാൽ പശ്ചാത്തലസംഗീതവും ഗാനങ്ങളും മികച്ച അനുഭവങ്ങൾ നൽകുന്നു. മുതിർന്നവർക്കു മാത്രം' സർട്ടിഫിക്കറ്റ് ലഭിച്ച 203 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം ഒരേസമയം നിങ്ങളെ ചിരിപ്പിക്കുകയും അതോടൊപ്പം ലാഗടിപ്പിക്കുകയും ചെയ്തേക്കാം.


ആക്ഷൻ സീക്വൻസുകൾ, നന്നായി കൊറിയോഗ്രാഫ് ചെയ്തിട്ടുണ്ടെങ്കിലും വൈകാരികപരമായി സിനിമ പ്രേക്ഷകർക്ക് കണക്ട് ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും. മുൻ ചിത്രമായ അർജുൻറെഡ്ഢി പോലെതന്നെ, സന്ദീപ് റെഡ്ഡി വങ്കയുടെ യൂണിവേഴ്സിൽ പ്രണയം അസഭ്യവും സ്ത്രീവിരുദ്ധവുമാണെന്ന് ഒരിക്കൽ കൂടി ഊട്ടിയുറപ്പിക്കുകയാണ് അനിമൽ. അതിനാൽ തന്നെ അനിമൽ സിനിമയിൽ പ്രണയം എന്നാൽ പുരുഷന് സ്ത്രീക്ക് മുകളിലുള്ള അധിനിവേശം തന്നെയാണ്. ഒരു ഇതിഹാസ കുടുംബ-കുറ്റകൃത്യ കഥയുടെ ചായിവ് സിനിമയിൽ പ്രകടമായി തന്നെ കാണാമെങ്കിലും സംഭാഷണങ്ങളിലൂടെ തന്നെ അത് വ്യക്തമാക്കുവാൻ സംവിധായകൻ ശ്രമിച്ചു എന്നത് അഭിനന്ദനാർഹമാണ്.

രൺബീർ കപൂർ, രശ്മിക മന്ദാന, ബോബി ഡിയോൾ, അനിൽ കപൂർ, തൃപ്തി ദിമ്രി തുടങ്ങിയവരെല്ലാം തങ്ങളുടെ കഥാപാത്രങ്ങൾ വളരെ നാടകീയമായി അഭിനയിച്ചു തീർത്തിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ പ്രത്യേകിച്ച് പണിയൊന്നുമില്ലെങ്കിൽ, നിങ്ങൾക്ക് മുമ്പിൽ ഒരുപാട് സമയം ബാക്കിയുണ്ടെങ്കിൽ, സ്ത്രീവിരുദ്ധതയും, വയലൻസും, സംഭാഷണങ്ങളുമെല്ലാം കണ്ടും കേട്ടും ചിരിക്കാൻ തയാറാണെങ്കിൽ നിങ്ങൾക്കീ ആൽഫ പുരുഷന്റെ ' കഥയില്ലാത്ത കഥ കണ്ടു ചിരിക്കാം '.

Tags:    
News Summary - Ranbir kapoor movie Animal review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-18 06:01 GMT