ആനിയും ശിൽപയുമാണോ ആ ബാങ്ക് 'കൊള്ള'ക്ക് പിന്നിൽ- റിവ്യൂ

ബോബി- സഞ്ജയ് കഥയെഴുതി സൂരജ് വർമ്മ സംവിധാനം നിർവ്വഹിച്ച ചിത്രമാണ് കൊള്ള. പൂർണ്ണമായും ത്രില്ലർ മൂഡിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ രജിഷ വിജയനും പ്രിയാ വാര്യരുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയുടെ പേര് സൂചിപ്പിക്കുന്നതുപോലെ 'കൊള്ള'യടിക്കാൻ തീരുമാനിച്ച ക്രിമിനലുകളെ ചുറ്റിപ്പറ്റിയുള്ള കഥ തന്നെയാണ് ചിത്രത്തിന്റെത്. അത്തരത്തിലൊരു കൊള്ളയടിക്കായി അവർ ലക്ഷ്യമിടുന്നതാകട്ടെ ഒരു ബാങ്കിന് നേരെയും.എന്നാലിവിടെ ബാങ്ക് ലോക്കർ തുറക്കാൻ ജീവനക്കാരെ ഭയപ്പെടുത്തുന്ന സാധാരണ തോക്കുധാരികളായ കൊള്ളക്കാരല്ല എതിരാളികളെന്നതാണ് അവരെ മറ്റു മോഷ്ടാക്കളിൽ നിന്നും വ്യത്യസ്തരാക്കുന്നത്. പകരം സഹകരണ ബാങ്ക് പ്രവർത്തിക്കുന്ന അതേ കെട്ടിടത്തിൽ ബ്യൂട്ടി പാർലർ തുടങ്ങാൻ തീരുമാനിച്ചു കൊണ്ടാണ് എതിരാളികൾ അവരുടെ ലക്ഷ്യത്തിലേക്ക് മുന്നേറുന്നത്.


ബ്യൂട്ടിപാർലർ ഒരുക്കുന്ന ക്രിമിനലുകളായ ആനിക്കും(രജിഷ വിജയൻ അവതരിപ്പിച്ച) ശിൽപക്കും (പ്രിയ വാര്യർ) ആ പ്രദേശത്ത് ലഭിക്കുന്നതാകട്ടെ വലിയ സ്വീകാര്യതയും. പുതുതായി വരുന്ന ഒരു നാട്ടിൽ അത്തരം ഒരു സ്വീകാര്യത ഉണ്ടാക്കിയെടുക്കാൻ അവർക്ക് വളരെ എളുപ്പത്തിൽ കഴിയുന്നുമുണ്ട്. മാത്രമല്ല എപ്പോഴും ഒരുമിച്ച് നടക്കുന്ന അനാഥരായ ആനിയും ശിൽപ്പയും തമ്മിലുള്ള സൗഹൃദത്തിന്റെ പഴക്കം പോലെ തന്നെ ആഴമുള്ളത് കൂടിയാണ് അവർക്കിടയിലെ ബന്ധത്തിന്റെ വ്യാപ്തിയും . അതുകൊണ്ടുതന്നെ ആനിക്ക് അവളുടെ ലക്ഷ്യങ്ങളിലേക്ക് എല്ലായിപ്പോഴും പൂർണ്ണ പിന്തുണ കൊടുക്കുന്ന നല്ലൊരു സുഹൃത്ത് കൂടിയാണ് ശില്പ. അങ്ങനെ, ഒരു ബാങ്ക്കൊള്ള ലക്ഷ്യം വെച്ചു വരുന്ന അവർ,കൊള്ള നടത്തിയ ശേഷമുണ്ടാകുന്ന തങ്ങളുടെ തിരോധാനം മറ്റുള്ളവരിൽ സംശയം ജനിപ്പിക്കുമെന്ന് മുൻകൂട്ടി മനസിലാക്കി അയൽപക്കത്ത് തുടരാൻ തീരുമാനിക്കുകയും അജ്ഞാത കുറ്റവാളികൾ കുറ്റകൃത്യം ചെയ്തതാണെന്ന് പൊലീസിനെ ധരിപ്പിക്കുകയും ചെയ്യുന്നു. ഏതായാലും അധികം വൈകാതെ ഈ ബാങ്ക് കവർച്ചയുമായി ബന്ധപ്പെട്ട് വിനയ് ഫോര്‍ട്ടിന്റെ സി ഐ ഫാറൂഖ് റഹ്മാൻ കേസന്വേഷണത്തിന് വരുന്നതോടെ കഥ കൂടുതൽ ആവേശകരമാകുന്നു.


അതോടൊപ്പം ബാങ്ക് കൊള്ളയുടെ മാസ്റ്റർ ബ്രയിൻ അവരിലൊരാളാണെന്ന് കൂടി കണ്ടെത്തുന്നതോടെ സിനിമ മറ്റൊരു ഗതിയിലേക്ക് മാറുന്നു. കുറ്റകൃത്യം നടക്കുന്ന സമയത്തുള്ള പ്രതിയുടെ സാന്നിധ്യം സിസിടിവി വഴി പൊലീസ് കണ്ടെത്തുകയും അവർ അവനെ പിടികൂടുകയും ചെയ്യുന്നെങ്കിലും നിർഭാഗ്യവശാൽ, ഹൃദയാഘാതം മൂലം കസ്റ്റഡിയിലിരിക്കെ അവൻ മരിക്കുന്നു. അതോടെ ബുദ്ധിമുട്ടിലാകുന്നത് കൊള്ള പ്ലാൻ ചെയ്ത ആനിയും ശില്പയും അവർക്കൊപ്പമുള്ള മൂന്നാമൻ കൂടിയാണ്. കാരണം ആ കൊള്ള മുതൽ എവിടെയാണെന്ന് അറിയുന്ന വ്യക്തിയാണ് മരണപ്പെട്ടിരിക്കുന്നത്. മാത്രമല്ല മുമ്പോട്ടുളള ഫാറൂഖിന്റെ പൊലീസ് അന്വേഷണത്തിൽ മോഷണത്തിന് പദ്ധതിയിട്ട ബാക്കി മൂന്നു പേർക്കെതിരെ കുറ്റകരമായ തെളിവുകളും കണ്ടെത്തുന്നു. തുടർന്ന് അവർക്ക് നേരെയുള്ള ഫാറൂഖിന്റെ അന്വേഷണവും അതിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന പ്രതികളുടെയുമൊക്കെ കഥയാണ് ചിത്രം പറയുന്നത്.

'കൊള്ള' വിഷയമായി വന്ന മലയാള സിനിമകൾ തന്നെ വളരെ പരിമിതമാണ്.അത്തരം പരിമിതമായ സിനിമകളുടെ പട്ടികയിൽ ഏറ്റവും പുതിയതായി ഉൾപ്പെടുത്താവുന്ന ചിത്രമാണ് സൂരജ് വർമ്മ സംവിധാനം ചെയ്ത ഈ ചിത്രം. സാധാരണ ക്രൈം ത്രില്ലറുകളിൽ നിന്നും ഹീസ്റ്റ് സിനിമകളിൽ നിന്നും വ്യത്യസ്‌തമായി രണ്ട് സ്ത്രീകളെ പ്രധാന വേഷങ്ങളിൽ നിലനിർത്തി കൊണ്ടാണ് ഇത്തരം ഒരു വിഷയം സംവിധാനം കൈകാര്യം ചെയ്തിരിക്കുന്നത്. പൊതുവിൽ ഇത്തരം പ്രമേയങ്ങൾ സിനിമയാക്കുമ്പോൾ നിലനിർത്താറുള്ള പുരുഷ മേധാവിത്വ ​​സ്വഭാവം കണക്കിലെടുക്കുമ്പോൾ ഇപ്പോൾ നടത്തിയിരിക്കുന്ന ഈ ശ്രമം അഭിനന്ദനാർഹമാണ്. മാത്രമല്ല വലിയ ക്രിമിനൽ മനസ് ഉള്ളിൽ സൂക്ഷിക്കുന്ന വ്യക്തികൾ നമുക്കിടയിൽ പോലും ഉണ്ടായിരിക്കുമെന്നും ജനറൽ വ്യത്യാസം പോലും അവരിൽ കാണേണ്ടെന്നും, അവർ ചെയ്ത കുറ്റങ്ങൾ ബോധ്യപ്പെടും വരെ ആൾക്കൂട്ടത്തിനിടയിൽ നിന്ന് നമുക്കവരെ ഒരു കുറ്റവാളിയെന്ന നിലയ്ക്ക് തിരിച്ചറിയാൻ സാധിക്കില്ല എന്നും ഈ ചിത്രം ഓർമിപ്പിക്കുന്നു.


പ്രധാന കഥാപാത്രങ്ങളായ രജിഷ വിജയനും പ്രിയ വാര്യരും തങ്ങളുടെ കഥാപാത്രങ്ങൾ മികച്ച രീതിയിൽ ചെയ്തിട്ടുണ്ട്. നാട്ടിൻപുറത്തെ കാഴ്ചകൾ ഛായാഗ്രാഹകൻ രാജവേൽ മോഹൻ തന്റെ കാമറകണ്ണുകളിലൂടെ മനോഹരമായി ഒപ്പിയെടുത്തിട്ടുണ്ട്. ബോബി-സഞ്ജയ്‌യുടെ കഥയെ അടിസ്ഥാനമാക്കി തിരക്കഥ തയാറാക്കിയിരിക്കുന്നത് ജാസിം ജലാലും നെൽസൺ ജോസഫും ചേർന്നാണ്. ഒരു ത്രില്ലർ സിനിമയ്ക്ക് ആവശ്യമായ എല്ലാ ചേരുവകളോടും കൂടി തന്നെയാണ് അവർ തിരക്കഥയൊരുക്കിയിരിക്കുന്നത്.ജിയോ ബേബി, പ്രശാന്ത് അലക്സാണ്ടർ, പ്രേം പ്രകാശ്, ഷെബിൻ ബെൻസൺ തുടങ്ങിയവർക്കൊപ്പം സംഗീത സംവിധായകൻ ഷാൻ റഹ്മാനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. അതോടൊപ്പം കഴിഞ്ഞദിവസം വാഹനാപകടത്തിൽ മരിച്ച കൊല്ലം സുധിയുടെ കഥാപാത്രം പ്രേക്ഷകരിൽ ഒരു നീറ്റലായി അവശേഷിക്കുമെന്നതും ഓർമ്മിപ്പിക്കുന്നു. രവി മാത്യു പ്രൊഡക്‌ഷൻസിന്റെ ബാനറിൽ രജീഷ് കുന്നുംവീട്ടിലാണ് കൊള്ള നിർമ്മിച്ചിരിക്കുന്നത്. ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് കണ്ടിരിക്കാൻ സാധിക്കുന്ന ഒരു സിനിമ തന്നെയാണ് കൊള്ള.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-18 06:01 GMT