ഫുൾ പവറിൽ രജനി, ഒപ്പം മോഹൻലാലും- 'ജയിലർ' റിവ്യു

ൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധിമാരൻ നിർമിച്ച് നെൽസൺ ദിലീപ്കുമാറിന്റെ സംവിധാനത്തിൽ തിയറ്ററിലെത്തിയ ഏറ്റവും പുതിയ സിനിമയാണ് ജയിലർ. 'അണ്ണാത്തെ' എന്ന ചിത്രത്തിന് രണ്ട് വർഷങ്ങൾക്കിപ്പുറം സൂപ്പർസ്റ്റാർ രജനികാന്ത് നായകനായെത്തുന്ന സിനിമ കൂടിയാണിത്. ചിത്രത്തിന്റെ വാർത്തകൾക്ക് ലഭിച്ചിരുന്ന സ്വീകാര്യത പോലെതന്നെ, മികച്ച അഭിപ്രായമാണ്  തിയറ്ററുകളിലേക്കെത്തുമ്പോഴും ജയിലറിന് ലഭിക്കുന്നത്.

ഏറെ വിമർശനങ്ങൾ നേരിട്ട ബീസ്റ്റ് എന്ന ചിത്രത്തിനുശേഷം നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. അതുകൊണ്ടുതന്നെ തന്റെ കരിയർഗ്രാഫ് ഉയർത്തണമെന്ന, നെൽസനെടുത്തിരിക്കുന്ന ദൃഢനിശ്ചയം ഈ സിനിമയിലൂടനീളം പ്രേക്ഷകന് കാണാൻ സാധിക്കും. ഒരു പക്കാ മാസ്സ് കോമേഷ്യൽ രജനികാന്ത് മൂവിയാണ് ജയിലറെന്ന് ഒറ്റവാക്കിൽ പറയാം. ചിരികൊണ്ടും വാക്കുകൊണ്ടും നടത്തംകൊണ്ടും നോട്ടംകൊണ്ടും സിഗരറ്റും കൂളിംഗ് ഗ്ലാസും കൊണ്ടുവരെ സിനിമാപ്രേമികളെ സ്റ്റൈൽ മന്നൻ ആവേശത്തിലാഴ്ത്തുണ്ട്.


മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന പഴയൊരു പൊലീസ് ഓഫീസറായാണ് രജനി എത്തുന്നത്.ഭാര്യക്കും പൊലീസ് ഓഫീസറായ മകനും മരുമകൾക്കും പേരക്കുട്ടിക്കുമൊപ്പം റിട്ടേയര്‍മെന്‍റ് ജീവിതം ആഘോഷമാക്കുന്ന മുത്തുവേല്‍ പാണ്ഡ്യന്റെ ജീവിതത്തിലേക്ക് വർമ എന്ന വില്ലൻ എത്തുന്നതോടെയാണ് സിനിമയുടെ കഥ മാറുന്നത്. പിന്നീട് സ്ക്രീനിൽ കാണുന്നത് സ്റ്റൈൽ മന്നന്റെ താണ്ഡവമാണ്.

സാധാരണ രജനി ചിത്രങ്ങളില്‍ കാണുന്ന ഇന്‍ട്രോ സോംഗോ, ഗംഭീര എന്‍ട്രിയോ ഇല്ലാതെ വളരെ ലളിതമായിട്ടാണ് മുത്തുവേൽ പാണ്ഡ്യനെ  നെൽസൺ  പരിചയപ്പെടുത്തുന്നത്. എന്നാൽ കഥയുടെ ഗതിമാറുന്നതോടെ രജനിയുടെ വേഷ പകർച്ച പ്രേക്ഷകരെ കാഴ്ചയുടെ മറ്റൊരു ലോകത്തിലേക്ക് കൊണ്ടു പോകുന്നു. മാസ് രംഗങ്ങൾ കാണിച്ച് പ്രേക്ഷകരെ തിയറ്ററിൽ ഇളക്കിമറിക്കുമ്പോഴും യോഗി ബാബു- രജനി കോമ്പിനേഷനിലൂടെ നർമ്മങ്ങളും മനോഹരമായി കാണിച്ചിരിക്കുന്നു. നെല്‍സണ്‍ എന്ന സംവിധായകന്‍ പലപ്പോഴും തന്‍റെ കഴിവ് തെളിയിച്ചിട്ടുള്ള 'ഡൈനിംഗ് ടേബിള്‍' സീൻ പോലെ മറ്റൊരു ഡൈനിങ് ടേബിൾ സീൻ ഉപയോഗിച്ചുകൊണ്ടാണ് ചിത്രത്തിന്റെ ഇന്റർവെൽ ബ്ലോക്ക് പ്രേക്ഷകർക്ക് മുമ്പിൽ വെളിവാക്കുന്നത്. ഏറെ കൈടിയോട് കൂടിയാണ് ഇടവേളയെ സ്വീകരിച്ചത്.


അതുപോലെ പ്രേക്ഷകരിൽ ആവേശം സൃഷ്ടിച്ചുകൊണ്ടാണ് മോഹൻലാലിന്റെ വരവ്. ഇളംമഞ്ഞ കൂളിങ് ഗ്ലാസും പൂക്കളുള്ള ഹാഫ്കൈ ഷർട്ടുമിട്ട് ഒരു യുണീക്ക് വേഷത്തിലാണ് മോഹൻലാൽ സ്ക്രീനിലെത്തുന്നത്. ബംഗളൂരുവിലെ മാഫിയതലവൻ നരസിമ്മയായി കന്നഡ സൂപ്പർസ്റ്റാർ ശിവ രാജ്കുമാറും അതിഥിവേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ ക്ലൈമാക്സ് നിമിഷത്തിൽ രജനിക്കൊപ്പം ശിവരാജ് കുമാറും മോഹൻലാലും ചുരുട്ടു കത്തിച്ചുവലിച്ച് കൈകോർക്കുന്ന ഒരു രംഗമാണ് പ്രേക്ഷകരെ ഒന്നടങ്കം ആവേശത്തിലാക്കുന്നുണ്ട്. കൂട്ട കയ്യടികളോടെയാണ് പ്രേക്ഷകർ ആ രംഗം ഏറ്റെടുത്തത്.

വലിയ ട്വിസ്റ്റുകളോ, വേറിട്ട എന്തെങ്കിലുമോ ഒന്നും ഈ സിനിമയിൽ കാണാൻ സാധിക്കില്ല. എന്നാൽ ചിത്രത്തിലൂടനീളം രജനികാന്തിന്റെ മെഗാ മാസ് കാണാം. ആ മാസ് പ്രകടനം കൊണ്ട് തന്നെയാണ് ചിത്രത്തിന്റെ ആദ്യവസാനം വരെ പ്രേക്ഷകർ ആവശത്തോടെ തിയറ്ററിൽ ഇരുന്ന് പോയത്. ചിത്രത്തിൽ പലരംഗങ്ങളിലും രജനിക്കൊപ്പം സ്ക്രീൻസ്പെയ്സ് പങ്കിടുന്നുണ്ട് പ്രതിനായകനായ വർമ്മയായി അഭിനയിച്ച നടൻ വിനായകനാണ്. എന്നാൽ പലപ്പോഴും രജനികാന്തിനേക്കാൾ കൂടുതൽ സ്കോർ ചെയ്യുന്നത് വിനായകൻ തന്നെയാണ്. കാമിയോ റോളുകളുടെ ഒരു നിര തന്നെ ഒരുക്കി കൊണ്ട് ശിവരാജ് കുമാര്‍, ജാക്കി ഷെറോഫ്, മോഹന്‍ലാല്‍, തെലുങ്ക് താരം സുനില്‍, തമന്ന തുടങ്ങിയ അഭിനേതാക്കളിലൂടെയെല്ലാം തന്നെ സംവിധായകൻ മുത്തുവേൽ പാണ്ഡ്യന്റെ പോരാട്ടം കൂടുതൽ ശക്തമാക്കുന്നു. എന്നാൽ ചിത്രത്തിലെ വയലൻസിന് പ്രാധാന്യം അൽപം കൂടിപ്പോയോ എന്നുള്ള സംശയവും പ്രേക്ഷകർക്ക് വരാതിരിക്കില്ല. എങ്കിലും രജനികാന്ത് മാസ് ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും കണ്ടിരിക്കാവുന്ന അടിപൊളി ചിത്രം തന്നെയാണ് ജയിലർ.


രജനിയുടെ 169മത്തെ ചിത്രമായ ജയിലർ കേരളത്തിൽ വിതരണത്തിനെടുത്തിരിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്. ചിത്രത്തിന്റെ കാമറ ചെയ്തിരിക്കുന്നത് കണ്ണനും, മാസ് ആക്ഷൻ രംഗങ്ങൾ ചെയ്തിരിക്കുന്നത് സ്റ്റണ്ട് ശിവയുമാണ്. ബീസ്റ്റ് നേരിട്ട വിമർശനങ്ങൾക്ക് നൽകാവുന്ന ഏറ്റവും മികച്ച മറുപടിയാണ് നെൽസന്റെ ഈ ജയിലർ.

Tags:    
News Summary - Rajinikanth And Mohanlal Movie Jailer Review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-18 06:01 GMT