പ്രേത ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് കാണാം -'ഫീനിക്സ്' റിവ്യൂ

ലയാള സിനിമയിലെ ഒരുകാലത്തെ ട്രെൻഡിങായിരുന്ന വെള്ള സാരിയിൽ നിന്നും, പൊട്ടിച്ചിരിയിൽ നിന്നും പ്രേതങ്ങൾക്ക് മോചനം ലഭിച്ചത് അല്പം വർഷങ്ങൾക്ക് മുൻപ് മാത്രമാണ്. രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത ചിത്രമായിരുന്ന പ്രേതമാണ് ആ മാറ്റത്തിനുള്ള പ്രധാന കാരണം. ഒരു റിസോട്ടിനകത്തു അസ്വാഭാവിക ശക്തികളുടെ സാന്നിധ്യം അനുഭവപ്പെടുന്നതിനെ തുടർന്നുള്ള ചില അന്വേഷണത്തിനൊടുവിൽ കണ്ടെത്തുന്ന ആത്മാവിന്റെ കഥയായിരുന്നു പ്രേതം. ആ ആത്മാവിന് ഭയാനക മുഖവും വെള്ളസാരിയുമില്ല എന്നതായിരുന്നു ആ ചിത്രത്തിന്റെ പ്രധാന കൗതുകം . മലയാള ഹൊറർ സിനിമയെ സംബന്ധിച്ചിടത്തോളം അതൊരു വലിയ മാറ്റം തന്നെയായിരുന്നു. അതിനുശേഷം വന്ന മലയാളം ഹൊറർ സിനിമകളിലെല്ലാം അതത് കാലത്തിന്റെ സാങ്കേതിക മികവിനനുസരിച്ചായി പ്രേതങ്ങളുടെ ഇടപഴകലുകളെല്ലാം. പ്രേതങ്ങൾ മറ്റു കഥാപാത്രങ്ങളോട് സംവദിക്കുന്ന രീതിയിലും അതിന്റെതായ മാറ്റങ്ങൾ വന്നു തുടങ്ങി എന്ന് തന്നെ പറയാം.

മലയാള സിനിമയിൽ തീർത്തും അന്യമായിരുന്ന ടെക്നോ ഹൊറർ ശൈലി പരിചയപ്പെടുത്തിയ ചതുർമുഖവും, ഇൻവെസ്റ്റിഗേറ്റീവ് ഹൊറർ ചിത്രമായ കോൾഡ് കേസുമെല്ലാം ആ ഗണത്തിൽ പെടുന്നവയാണ്. അത്തരം സിനിമകളുടെ കൂട്ടത്തിലേക്കാണ് നവാഗതനായ വിഷ്ണു ഭരതൻ സംവിധാനം ചെയ്ത ഫീനിക്സ് എത്തുന്നത്. മരണത്തിന്റെ ചാരത്തിൽ നിന്നും ഉയർത്തെഴുന്നേൽക്കുന്ന ഫീനിക്സ് പക്ഷിയെ പോലെ മരണത്തിൽ നിന്നും ലക്ഷ്യത്തിലേക്ക് ഉയർത്തെഴുന്നേൽക്കുന്ന ഒരുകൂട്ടം കഥാപാത്രങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ഗരുഡന് ശേഷം മിഥുൻ മാനുവൽ തോമസ് തിരക്കഥ എഴുതുന്ന ചിത്രമെന്നത് തന്നെയാണ് ഫീനിക്സിന്റെ പ്രധാന ആകർഷണം. '21 ഗ്രാംസ്' എന്ന ചിത്രത്തിനുശേഷം ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനീഷ് കെ. എൻ നിർമ്മിച്ച ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തിയിരിക്കുന്നത് അജു വർഗ്ഗീസാണ്. പതിവ് ഹൊറർ സിനിമകളുടെ ചേരുവകളിൽ നിന്നും വലിയ മാറ്റമൊന്നുമില്ലെങ്കിലും ഹൊറർ സിനിമകളുടെ ചില ക്ളീഷേ പരിപാടികളിൽ നിന്നും അല്പം വ്യത്യസ്തം തന്നെയാണ് ഫീനിക്സ്.

ആള്‍ത്താമസമില്ലാത്ത വീട്, ഒറ്റപ്പെട്ടയിടം, ഭയപ്പെടുത്തുന്ന/ നിഗൂഢത നിറഞ്ഞ ശബ്ദം, കാറ്റ്, ലക്ഷ്യത്തിനായി മറ്റൊരു ശരീരത്തിൽ കയറിക്കൂടുന്ന പ്രേതത്തിന്റെ തന്ത്രങ്ങൾ തുടങ്ങിയ സ്ഥിരം ചേരുവകളെല്ലാം ഫീനിക്സിലും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ആത്മാവ് മനുഷ്യനുമായി സംവദിക്കുന്ന രീതിയിൽ മാത്രമാണ് ഫീനിക്സ് വ്യത്യസ്തമാകുന്നത്.

ചിത്രത്തിലെ നായകൻ ജോൺ ആണ്. വക്കീലായി ജോലി ചെയ്യുന്ന ജോണും ഭാര്യയും മൂന്നു മക്കളും കടലിനോട് ചേർന്നുള്ള വീട്ടിൽ വാടകക്ക് താമസിക്കാനെത്തുന്നു. അധികം വൈകാതെ തന്നെ ഇവർ ആ വീടിനകത്ത് നടക്കുന്ന അമാനുഷിക സംഭവങ്ങൾക്ക് സാക്ഷിയാകുന്നു. ദുരൂഹത സൃഷ്ടിക്കുന്ന അപ്രതീക്ഷിതമായ ചില സംഭവങ്ങൾ അവർക്കനുഭവപ്പെടുന്നതോടെ പതിവ് ഹൊറർ സിനിമ സ്റ്റൈൽ പോലെ തന്നെ അതിന് പുറകിലെ നിഗൂഢതകൾ തേടി പോവുകയാണ് ജോൺ. ആ യാത്ര കൊണ്ടെത്തിക്കുന്നതാകട്ടെ ചില മരണങ്ങൾക്ക് പുറകിലെ രഹസ്യങ്ങളിലേക്കും. തന്റെയും തന്റെ കുടുംബത്തിന്റെയും ജീവന് തന്നെ ഭീഷണിയായേക്കാവുന്ന അത്തരം അമാനുഷിക സംഭവങ്ങളുടെ ചുരുളഴിയിക്കാൻ ശ്രമിക്കുന്ന ഇൻവസ്റ്റിഗേറ്റിവ് സ്റ്റൈൽ ചിത്രമായി ഫീനിക്സ് ആദ്യപകുതിയെ തരക്കേടില്ലാത്ത വിധത്തിൽ കൊണ്ടുപോകുന്നുണ്ട്.

എന്നാൽ ഒരു ഹൊറർ സിനിമയെ രണ്ട് തലത്തിൽ അവതരിപ്പിക്കാൻ ശ്രമിച്ചത് കൊണ്ട് തന്നെ സെക്കൻഡ് ഹാഫ് ഇമോഷണൽ ഡ്രാമ ലൗ സ്റ്റോറി ഗണത്തിലേക്ക് മാറുന്നതോടെ കഥ മൊത്തത്തിൽ മറ്റൊരു ട്രാക്കിലേക്കെത്തുകയാണ് . എങ്കിലും പ്രേതം ശരീരത്തില്‍ കയറുന്നതിനെ ഒഴിപ്പിക്കാന്‍ നടത്തുന്ന പതിവ് പൂജ, ഹോമം, മന്ത്രവാദി ശ്രമങ്ങളൊന്നും ഈ സിനിമയിൽ ഇല്ല എന്നതും ആശ്വാസകര്യമാണ്. വാസ്തവത്തിൽ കണ്ടും കേട്ടും മടുത്ത കഥ തന്നെയാണ് ഫീനിക്സ്.എന്നാൽ ചിത്രം അല്പം വ്യത്യസ്തമാക്കുന്നത് അതിന്റെ ആഖ്യാനം കൊണ്ടാണ്.

മിഥുൻ മാനുവൽ തോമസ് എന്ന എഴുത്തുകാരനിൽ നിന്നും ഇത്തവണ പ്രേക്ഷകർക്ക് ലഭിച്ചത് ഒട്ടും സ്ട്രോങ്ങല്ലാത്ത തിരക്കഥയാണ് എന്നത് നിരാശപ്പെടുത്തുന്നു. ചന്തുനാഥിന്റെ അഭിനയം മികച്ചതായിരുന്നു. എങ്കിലും അജു വർഗീസിന്റെ ജോൺ എന്ന കഥാപാത്രം ഏറ്റെടുക്കുന്ന ചില വെല്ലുവിളികളും, സാഹസികതകളും എന്തിന് വേണ്ടി എന്നത് പ്രേക്ഷകരെ കൃത്യമായി ബോധ്യപ്പെടുത്തുന്നതിൽ തിരക്കഥ പരാജയപ്പെട്ടിരിക്കുന്നു. എന്നാൽ ജോണായി അഭിനയിച്ച അജു വർഗീസ് തന്റെ കഥാപാത്രത്തെ മികവുറ്റ രീതിയിൽ ചെയ്തിരിക്കുന്നു. പ്രണയത്തോടൊപ്പം മരണവും മഹാമാരിയും ചിത്രത്തിൽ മറ്റൊരു വിഷയമായി വരുന്നു. ചിത്രത്തിന്റെ രണ്ടാം പകുതിയിൽ പ്രണയവും അതിന്റെ തീവ്രതയും പശ്ചാത്തലമാകുമ്പോള്‍ തന്നെ സിനിമയിലെ ആദ്യ പകുതിയിൽ നിന്നും കഥ വേറിട്ട സഞ്ചരിച്ചു എന്നതും, ജോണിന്റെ ജീവിത പശ്ചാത്തലത്തിന് പൂർണ്ണ നൽകാൻ സാധിച്ചില്ല എന്നതും പരിമിതികളായി തന്നെ കണക്കാക്കാം.

അനൂപ് മേനോന്റെ കരിയറിലെ വ്യത്യസ്തമായ ഒരു കഥാപാത്രമാവും ഫീനിക്സിലേതെന്ന വാർത്തകൾ വന്നിരുന്നുവെങ്കിലും തന്റെ പതിവ് അഭിനയശൈലിയിൽ നിന്നും വ്യത്യസ്തമായി ഫീനിക്സിൽ അനൂപ് മേനോന് ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ല. ഡോ. റോണി അജി ജോൺ, അജിത് തലപ്പള്ളി, ആശാ അരവിന്ദ്, നിജില. കെ. ബേബി, സിനി ഏബ്രഹാം, ജെസ് സ്വീജൻ, അബ്രാം രതീഷ്, ആവണി എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ബേബി ആവണിയുടെ പ്രകടനം മികച്ചതാണെന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. ബ്ലെൻഡർ ജോണർ വിഭാഗത്തിൽപ്പെടുന്ന ചിത്രം റൊമാൻസും ഹൊററും ഒരുപോലെ കോർത്തിണക്കിയാണ് ഒരുക്കിയിരിക്കുന്നതെങ്കിലും പ്രേക്ഷകർക്ക് അതെത്രമാത്രം കണക്ട് ചെയ്യാൻ സാധിക്കുമെന്ന കാര്യത്തിൽ സംശയമുണ്ട്.

ഹൊറർ ത്രില്ലർ മോഡലിൽ ഒരുക്കിയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ച ആൽബിയും സംഗീത സംവിധാനം നിർവഹിച്ച സാം സി എസും തങ്ങളുടെ ജോലികൾ ഭംഗിയായി ചെയ്തിട്ടുണ്ട്. തിരക്കഥ വായിക്കാൻ ഇരിക്കുന്ന നടൻ അജു വർഗീസിസ് തിരക്കഥ വായിക്കുന്നതിനായി പേജുകൾ മറിക്കുമ്പോൾ ലൈറ്റ് ഓഫ് ആകുന്നു. പേജ് മടക്കി വയ്ക്കുമ്പോൾ വീണ്ടും ലൈറ്റ് ഓൺ ആവുന്നു. ‘ഫീനിക്സ്’ ന്റെ പ്രോമോ വീഡിയോ ദൃശ്യങ്ങളായിരുന്നു ഇവ. ഈ പ്രോമോ വീഡിയോയിൽ കണ്ട അത്ര വലിയ ബിൽഡപ്പൊന്നും സിനിമ കാണുന്നവർക്ക് അനുഭവപ്പെടില്ല എന്നതാണ് ഏറ്റവും വലിയ നിരാശ. എങ്കിലും മേക്കിങ്ങിൽ മികവ് പുലർത്തിയ സിനിമ തന്നെയാണ് ഫീനിക്സ്. പ്രേത പടങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് കാണാൻ സാധിക്കുന്ന വൺ ടൈം വാച്ചബിൾ മൂവിയായി ഫീനിക്സിനെ അടയാളപ്പെടുത്താം.

Tags:    
News Summary - Phoenix Movie Review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-18 06:01 GMT