ആശയക്കുഴപ്പം സ്വഭാവികം! ലൂസിഡ് ഡ്രീംസുമായി'പെൻഡുലം'- റിവ്യൂ

ന്ദ്രൻസ്, വിജയ് ബാബു, ദേവകി രാജേന്ദ്രൻ,അനുമോൾ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ റെജിൻ എസ് ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് പെൻഡുലം. മലയാളത്തിലെ ആദ്യത്തെ ടൈം ട്രാവൽ സിനിമ എന്ന വിശേഷണത്തോടുകൂടി തിയറ്ററുകളിലെത്തിയ ചിത്രത്തിൽ പ്രധാന പ്രമേയമായെത്തുന്നത് സ്വപ്നങ്ങളും ലൂപ്പുകളുമാണ്.'ലൂസിഡ് ഡ്രീംസ്' എന്ന വിഷയത്തെക്കുറിച്ച് പ്രേക്ഷകർക്ക് പുതിയൊരു അറിവ് നൽകുന്ന ചിത്രം കൂടിയാണ് പെൻഡുലം. .

ഇവിടെ യാഥാർഥ്യത്തിനും സ്വപ്നത്തിനും ഇടയിൽ പെട്ടുപോയ അമീർ, എയ്ഞ്ചൽ, മഹേഷ്‌ എന്നിവരിലൂടെയാണ് ചിത്രം മുമ്പോട്ട് പോകുന്നത്. പക്ഷേ കഥയിലെ പ്രധാന കോൺഫ്ലിക്ട് എന്ന് പറയുന്നത് സ്വപ്നവും യാഥാർത്ഥ്യം നടക്കുന്ന കാലഘട്ടങ്ങൾ രണ്ടാണ് എന്നതാണ്. രണ്ട് കാലഘട്ടങ്ങളിൽ നിൽക്കുന്ന ചില കഥാപാത്രങ്ങൾ തങ്ങൾ പോലുമറിയാതെ മറ്റുള്ളവരുടെ സ്വപ്നങ്ങളിലേക്ക് കടന്നു കയറുന്നതോടെ കഥാപാത്രങ്ങൾക്കൊപ്പം ആശയക്കുഴപ്പത്തിലാകുന്നത് പ്രേക്ഷകർ കൂടിയാണ്.


സിനിമ ആരംഭിക്കുന്നത് കുട്ടികളായ അമീറിൽ നിന്നും എയ്ഞ്ചലിൽ നിന്നുമാണ്. മറ്റുള്ളവരുടെ തടസമില്ലാതെ സ്വപ്നത്തിലൂടെ പരസ്പരം സംസാരിക്കുവാനുള്ള ഉപാധി എയ്ഞ്ചലിന് പറഞ്ഞു കൊടുക്കുന്നത് അമീറാണ്. അമീർ അവൾക്ക് പറഞ്ഞു കൊടുക്കുന്ന ആ രഹസ്യത്തിലൂടെയാണ് എയ്ഞ്ചൽ തന്റെ സ്വപ്നങ്ങളിലൂടെ അമീറുമായി സംസാരിക്കാൻ തുടങ്ങുന്നത്. ദിവ്യാത്ഭുതങ്ങളുള്ള അമീറിന്റെ ഉപ്പയെയും അവനെയും ഒരു നാട് മൊത്തത്തിലായി ഭയക്കുമ്പോൾ അതിൽനിന്ന് വ്യത്യസ്തമായി അവനെ ചേർത്തുപിടിക്കുന്നത് എയ്ഞ്ചലാണ്. നാട്ടുകാരോ മറ്റാരും തന്നെ തങ്ങളുടെ സൗഹൃദത്തിന് എതിർപ്പ് പ്രകടിപ്പിക്കാതിരിക്കാൻ വേണ്ടിയായിരുന്നു അമീർ സ്വപ്നത്തിലൂടെ സംസാരിക്കാനുള്ള അത്തരമൊരു രഹസ്യമവൾക്ക് പകർന്നു കൊടുക്കുന്നതും. എന്നാൽ എയ്ഞ്ചലിന്റേയും അമീറിന്റെയും ആ സ്വപ്നത്തിലേക്ക് അനുവാദമില്ലാതെ കയറി വരുന്ന മൂന്നാമത്തെ വ്യക്തിയിൽ നിന്നാണ് ഇരുവരുടെയും കഥ മറ്റൊരു തലത്തിലേക്ക് സഞ്ചരിക്കുന്നത്.

ഇതിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല ഡോക്ടർ മഹേഷിന്റെ അനുഭവവും. ടൗണിൽ ഭാര്യ ശ്വേതയും മകൾ തനുവുമൊത്തു ജീവിക്കുന്ന മഹേഷിന്റെ സ്വപ്നത്തിലേക്ക് പെട്ടെന്നൊരു ദിവസത്തിൽ കടന്നുവരുന്നത് അമീറിന്റെ ഉപ്പയാണ്. തന്റെ മകനെ കണ്ടെത്തണമെന്ന ആവശ്യവുമായി ഹോസ്പിറ്റലിലേക്ക് കയറി വരുന്ന ആ വൃദ്ധൻ താൻ കണ്ട സ്വപ്നത്തിലെ ഒരാൾ മാത്രമായിരുന്നുവെന്ന് മഹേഷ് തിരിച്ചറിയുമ്പോഴേക്കും മഹേഷിന്റെ സ്വപ്നങ്ങൾ കൂടുതൽ സങ്കീർണ്ണതയിലേക്ക് എത്തിക്കഴിഞ്ഞിരുന്നു. അതോടെ അമീറിനെ കണ്ടെത്തുക എന്നത് മഹേഷിന്റെ ആവശ്യമായി മാറുന്നു. അത്രയേറെ സങ്കീർണമായ ഒരു ലൂപ്പിലാണ് മഹേഷ് പെട്ടുകഴിഞ്ഞിരിക്കുന്നത്. അതിൽ നിന്ന് പുറത്ത്കടന്നാൽ മാത്രമേ മഹേഷിന് ബാക്കിയുള്ള ജീവിതം സമാധാനമായി ജീവിക്കാൻ സാധിക്കു.അങ്ങനെ അമീറിനെ കണ്ടെത്തി കഴിഞ്ഞാൽ മാത്രമേ തനിക്ക് ഈ സ്വപ്നത്തിന്റെ ലൂപ്പിൽ നിന്ന് പുറത്തു കടക്കാൻ കഴിയു എന്ന് മനസിലാക്കുന്ന മഹേഷ് താൻ കാണുന്ന സ്വപ്നങ്ങളിലൂടെ തന്നെയാണ് അമീറിനെ അന്വേഷിച്ചിറങ്ങുന്നതും. അതിനു സഹായമായി അയാൾക്കൊപ്പം അയാളുടെ സുഹൃത്തുക്കളും സഹപ്രവർത്തകരുമായ ഡോക്ടർമാരുടെ പിന്തുണയുമുണ്ട്.പതിയെ അയാൾ തിരിച്ചറിയുന്നു തന്റെ സ്വപ്നത്തിൽ കടന്നുവരുന്ന കഥാപാത്രങ്ങളായ അമീറും എയ്ഞ്ചലുമെല്ലാം മറ്റൊരു കാലഘട്ടത്തിൽ ജീവിച്ചിരുന്നവരായിരുന്നെന്ന്. അതോടൊപ്പം മഹേഷ് പതിയെ കയറി ചെല്ലുന്നതാകട്ടെ താൻ അന്വേഷിച്ചിറങ്ങിയ അമീറിന്റെയും അവന്റെ സുഹൃത്ത് എയ്ഞ്ചലിന്റെയും സ്വപ്നത്തിലേക്കാണ്. ചുരുക്കിപ്പറഞ്ഞാൽ പ്രേക്ഷകരെ മൊത്തത്തിൽ ആശയക്കുഴപ്പത്തിലാക്കുന്ന ഒരു ലൂപ്പ് തന്നെയാണ് സംവിധായകൻ റെജിൻ എസ് ബാബു അണിയിച്ചൊരുക്കിയിരിക്കുന്നത്.


അത് എളുപ്പത്തിൽ പറഞ്ഞു കൊണ്ടൊന്നും പ്രേക്ഷകരെ ബോധ്യപ്പെടുത്താൻ പറ്റിയ ഒന്നല്ല എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രതിസന്ധി. അത്തരം പ്രതിസന്ധികളെ വെല്ലുവിളിച്ചു കൊണ്ട് തന്നെയാണ് സംവിധായകൻ സിനിമ ഒരുക്കിയിരിക്കുന്നതും. തുടർന്ന് ഈ സ്വപ്നങ്ങളുടെ കാരണവും, സ്വപ്നങ്ങളിലൂടെ കണ്ടെത്താൻ ശ്രമിക്കുന്ന യാഥാർഥ്യവും , സ്വപ്നത്തിൽ നിന്ന് പുറത്തേക്ക് കടക്കാനുള്ള വഴികളും തുടങ്ങി ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരം തന്നെയാണ് സംവിധായകൻ പ്രേക്ഷകർക്ക് നൽകുന്നത്. എന്നാൽ എല്ലാ ചോദ്യങ്ങൾക്കുമുള്ള മറുപടികളും അതോടൊപ്പം കാഴ്ചകൾക്ക് ബുദ്ധിമുട്ടില്ലാത്ത തരത്തിൽ സ്വപ്നങ്ങളും യാഥാർത്ഥ്യങ്ങളും അവതരിപ്പിച്ചു കൊണ്ടും സംവിധായകൻ ശ്രദ്ധ കൈപ്പറ്റുന്നു. തീർച്ചയായും ഇത്തരം ജോണറുകളിൽപെട്ട സിനിമകൾ ആസ്വദിക്കുന്ന പ്രേക്ഷകർക്ക് ഇഷ്ടപ്പെടാൻ വളരെയധികം സാധ്യത കൂടുതലുള്ള സിനിമ തന്നെയാണ് പെൻഡുലം. എന്നാൽ എല്ലാത്തരം പ്രേക്ഷകർക്കും കൃത്യമായി മനസ്സിലാക്കാൻ സാധിക്കാത്ത സിനിമയുമാണ് പെൻഡുലം.


വിജയ് ബാബുവിന്റെ കരിയറിലെ വളരെ നല്ലൊരു കഥാപാത്രം തന്നെയാണ് മഹേഷ്. അനുമോൾ, സുനില്‍ സുഖദ, ഷോബി തിലകന്‍, ദേവകീ രാജേന്ദ്രന്‍, ബേബി തനു തുടങ്ങിയ എല്ലാ നടി നടന്മാരും നല്ല രീതിയിൽ തന്നെ തങ്ങളുടെ കഥാപാത്രങ്ങൾ ചെയ്തിരിക്കുന്നു.അരുൺ ദാമോദരന്റ ചായഗ്രഹണം, മീര്‍ ബിന്‍സി, ടിറ്റോ പി. പാപ്പച്ചന്‍, ലിഷ ജോസഫ് എന്നിവരുടെ വരികളും ജീൻ നൽകിയ സംഗീതവുമെല്ലാം ശരാശരി നിലവാരം പുലർത്തുന്നു. തിരക്കഥ മികച്ച നിലവാരം പുലർത്തുമ്പോഴും സംഭാഷണങ്ങൾ പലപ്പോഴും നാടകീയ സ്വഭാവം നിലനിർത്തി.സ്വപ്നങ്ങളിൽ നിന്നുമൊരു പുതിയ ലോകം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന പ്രേക്ഷകരെ സിനിമ ഒരിക്കലും നിരാശപ്പെടുത്തില്ല. സൈക്കോളജിക്കൽ ത്രില്ലർ ഗണത്തിൽ കാണാൻ സാധിക്കുന്ന സിനിമ കൂടിയാണ് പെൻഡുലം. പുതുമയുള്ള വിഷയം പ്രേക്ഷകർക്കിടയിലേക്ക് കൊണ്ടുവന്നെന്ന നിലയ്ക്ക് സംവിധായകനും കൈയ്യടി അർഹിക്കുന്നു. തീർച്ചയായും പ്രേക്ഷകർക്ക് ഇതൊരു പുതിയ അനുഭവം തന്നെയായിരിക്കും.

Tags:    
News Summary - Pendulum Movie Review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-18 06:01 GMT