അക്ഷരങ്ങൾക്ക് വിലങ്ങിടുന്ന കാലത്തെ വെല്ലുവിളിക്കുന്ന 19 (1)(എ)

മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ ഗൗരി ലങ്കേഷിന്റെ പോരാട്ടങ്ങളെ ഓർമ്മിപ്പിക്കുന്നതാണ് 19 (1)(എ). അപ്പോഴും അവരുടെ വ്യക്തി ജീവിതവുമായി യാതൊരു ബന്ധവും കഥാപാത്രത്തിനില്ല. സിനിമയ്ക്കും. അവർ ഉയർത്തിയ ആശയങ്ങളുടെ വഴിയിലൂടെയാണ് ക്യാമറ സഞ്ചരിക്കുന്നത്. അവിടെയൊക്കെ അക്ഷരങ്ങൾക്ക് വിലങ്ങിടുന്ന കാലത്തെനോക്കി സിനിമ ആവോളം വെല്ലുവിളിക്കുന്നുണ്ട്. അതിലേറെ തുറന്നു കാണിക്കുന്നുമുണ്ട്.

തിരക്ക് കഴിഞ്ഞ് ഒരു പടംകണ്ടേക്കാം എന്ന പൊതു ബോധത്തിന് അപ്പുറമാണ് സിനിമക്കുള്ളിലെ ആശയം. അലസമായി കാണേണ്ട ഒന്നല്ല 19 (1)(എ) എന്ന് അടിവരയിട്ട് പറയാൻ സാധിക്കും. ഭരണകൂടം നിശ്ശബ്ദമാക്കിയ ആയിങ്ങളുടെ ജീവിതം അത്രമേൽ സിനിമക്കുള്ളിൽ പതിഞ്ഞു കിടക്കുന്നുണ്ട്. ഏതെങ്കിലും വ്യക്തികൾക്കും അവരുടെ നിലപാടുകൾക്കുമപ്പുറം ശരിപറയുന്ന അക്ഷരങ്ങളെയാണ് ചർച്ചചെയ്യുന്നത്. സമകാലീന ഇന്ത്യയിൽ ഏറെ പ്രയാസമുള്ള ഒരു രാഷ്ട്രീയ പ്രവർത്തനമാണ് യഥാർത്ഥത്തിൽ 19 (1)(എ) എന്ന സിനിമ.

വളരെ പതിഞ്ഞ താളത്തിൽ കൊട്ടിക്കയറി ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന ചെണ്ട മേളത്തോട് ചിത്രത്തെ ഉപമിക്കാം. വ്യവസ്ഥിതികളോടുള്ള കലാപമാണ് താളത്തിൽ പറഞ്ഞു തുടങ്ങിയ തിരക്കഥ. നവാഗത സംവിധായകയായ ഇന്ദു വി.എസ് വളരെ സൂക്ഷ്മമായി തന്നെ അത് കൈകാര്യം ചെയ്തിട്ടുണ്ട്. അക്ഷരാർത്ഥത്തിൽ സിനിമ തിരക്കഥാകൃത്തിന്റെയും സംവിധായകയുടെയുമാണ്.


വിജയ് സേതുപതിയുണ്ടെങ്കിലും കേന്ദ്ര കഥാപാത്രം നിത്യാ മേനോനാണ്. പേരിലൂടെയല്ല പ്രവൃത്തിയിലൂടെയാണ് കഥാപാത്രം മുഴുനീളം പ്രേക്ഷകനോട് സംവദിക്കുന്നത്. ഗ്രാമത്തിലെ ഫോട്ടോസ്റ്റാറ്റ് കട നടത്തുന്ന അഭ്യസ്തവിദ്യയായ ചെറുപ്പക്കാരിയാണ് നിത്യയുടെ കഥാപാത്രം. അത്യാവശ്യം നാട്ടിലെ ആളുകളെയൊക്കെ അറിയാവുന്ന ഒരു സാധാരണ പെൺകുട്ടി. ഒരുദിവസം ഫോട്ടോസ്റ്റാറ്റ് എടുക്കാൻ ഒരാൾ കയ്യിൽ ഒരു കെട്ടു പേപ്പറുമായി വന്നു. അപരിചിതനായ അയാൾ ഏറെയൊന്നും പറഞ്ഞില്ല. എന്നാൽ പറഞ്ഞതൊക്കെയും ദീർഘവീക്ഷണത്തോടെ ആയിരുന്നു. അവിടെയാണ് കഥക്ക് തിരശീല ഉയരുന്നത്. 'കോപ്പി എടുത്തു വച്ചാൽ മതി, എത്ര വൈകിയാലും ഞാൻ വരും' എന്നുപറഞ്ഞു പോയ ആ മനുഷ്യൻ തിരികെവന്നില്ല. പിന്നീട് കാണുന്നത് അദ്ദേഹം കൊല്ലപ്പെട്ടു എന്ന വാർത്തയാണ്. ടി വിയിൽ അദ്ദേഹത്തിന്റെ മുഖം തെളിഞ്ഞപ്പോഴാണ് അതൊരു എഴുത്തുകാരനാണെന്ന് മനസിലായത്. തനിക്ക് തന്ന കടലാസുകളിൽ പതിഞ്ഞ അക്ഷരങ്ങളുടെ വ്യാപ്തിയും ഞെട്ടലോടെ തിരിച്ചറിഞ്ഞു. മാറോട് ചേർത്ത് പിടിച്ചു ആ അക്ഷര കെട്ടുമായി അവൾ നടത്തുന്ന യാത്രയാണ് സിനിമ.

എഴുത്തുകാരനാണ് വിജയ് സേതുപതിയുടെ ഗൗരി ശങ്കർ എന്ന കഥാപാത്രം. ആദ്യാവസാനം കഥാപാത്രത്തോട് അങ്ങേയറ്റം നീതി പുലർത്താൻ അദ്ദേഹത്തിനായി. നോട്ടങ്ങളിൽ പോലും ആക്ഷരങ്ങളുടെ അഗ്നിയുള്ള എഴുത്തുകാരനായി നിറഞ്ഞു നിന്നു. കഥാപാത്രം രക്തത്തിൽ അലിഞ്ഞ മനുഷ്യനെ അവിടെക്കാണാൻ സാധിക്കും.

നിത്യയുടെ അച്ഛനായി വേഷമിട്ട ശ്രീകാന്ത് മുരളിയുടെ ഗംഗേട്ടനും കയ്യടിനേടുന്നതാണ്. അദ്ദേഹത്തിന്റെ കരിയറിലെ മികച്ച കഥാപാത്രമായി രേഖപ്പെടുത്താവുന്ന ഒന്നാണ് ഗംഗേട്ടൻ. അത്രത്തോളം കയ്യടക്കത്തോടെയാണ് അവതരിപ്പിച്ചത്. ഭഗത് മാനുവലിന്റെ നാട്ടിൻ പുറത്തെ സഖാവും അതുല്യയുടെ ഫാത്തിമയും കഥയോടും കഥാപാത്രത്തോടും നീതിപുലർത്തുന്നവയാണ്. പലയിടത്തും കാണാൻ സാധിക്കുന്ന കഥാപത്രമാണ് ഫാത്തിമ്മ. മറ്റാരൊക്കെയോ തയ്യാറാക്കുന്ന തിരക്കഥയിൽ ജീവിക്കേണ്ടി വരുന്ന എത്രയോ പെൺകുട്ടികളുടെ പ്രതിനിധിയാണവൾ. സുഹൃത്ത് ബന്ധത്തിന്റെ തണലും തണുപ്പും വളരെ ഭംഗിയായി നിത്യയോടൊപ്പം അവതരിപ്പിക്കാൻ അതുല്യക്ക് സാധിച്ചിട്ടുണ്ട്. ഒരിറ്റു കണ്ണീർ പൊടിയാതെ ഫാത്തിമയുടെ ഒടുവിലെ വാക്കുകൾ കേട്ടുതീരില്ല. ഫാത്തിമ്മയോട് തികഞ്ഞ നീതിപുലർത്താൻ അതുല്യ കാണിച്ച മികവ് പ്രശംസനീയമാണ്. ഇന്ദ്രൻസ്, ദീപക് പാറമ്പോൽ, ശ്രീലക്ഷ്മി, ആര്യ സലിം, ഡിനോയ് പൗലോസ്, മനോ ജോസ് തുടങ്ങിയവരും സിനിമയുടെ ചലനാത്മകത ഭംഗിയാക്കുന്നുണ്ട്.


മനേഷ് മാധവന്റെ ക്യാമറയും മികവു പുലർത്തുന്നുണ്ട്. കഥയുടെ വൈകാരികത കൂടുതൽ ശ്രദ്ധേയമാക്കാൻ അദ്ദേഹത്തിനായിട്ടുണ്ട്. മനോജിന്റെ ചിത്രസംയോജനവും വിഷയത്തോട് ചേർന്നുനിൽക്കുന്നു. ഗോവിന്ദ് വസന്തയുടെ പശ്ചാത്തലസംഗീതം വിസ്‍മയിപ്പിക്കുന്നതാണ്. സിനിമയ്‌ക്കൊപ്പം പ്രേക്ഷകനെ കൊണ്ടുപോകുന്നതിൽ വലിയ പങ്കുവഹിക്കാൻ അദ്ദേത്തിന് സാധിച്ചിട്ടുണ്ട്. രണ്ടു പാട്ടുകളും നിലവാരം പുലർത്തുന്നവയാണ്. ആന്റോ ജോസഫും നീറ്റ പിന്റോയും ചേർന്നു നിർമിച്ചിരിക്കുന്ന ചിത്രം ഡിസ്നി ഹോട്ട്സ്റ്റാറിലാണ് റിലീസ് ചെയ്തിരിക്കുന്നത്.

ഒരിക്കൽ കൂടി ഓർമ്മിപ്പിക്കട്ടെ അലസമായ കാഴ്ചയല്ല 19 (1)(എ). തുറന്ന ചിന്തകളോട് സംവദിക്കാനുള്ള കരുത്ത് ചിത്രത്തിനുണ്ട്. കഥാ തന്തുവായ ഗൗരി ശങ്കർ നിശബ്ദമായ സമൂഹത്തിന്റെ വിപ്ലവമാണ്. അയാളെ മുൻധാരണകളോടെ സമീപിക്കാതിരിക്കുക. പണത്തിനപ്പുറം നീതിക്കുവേണ്ടി അക്ഷരങ്ങളെ സംയോജിപ്പിക്കുന്ന അപൂർവ്വം ചില മുഖങ്ങളെ പിന്നീട് അയാൾക്കൊപ്പം കാണാൻ സാധിക്കും. സിനിമ കഴിയുന്നിടത്ത് ചിന്തിച്ചു തുടങ്ങാൻ സാധിക്കുന്ന വാതിൽ മലർക്കെ തുറന്നിടുന്നുണ്ട് 19 (1)(എ).

Tags:    
News Summary - Nithya Menen, Vijay Sethupathi Movie 19(1)(a) movie review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-18 06:01 GMT