ലൈവായൊരു 'മീഡിയ ത്രില്ലർ ' - നാരദൻ റിവ്യു

നൽകുന്ന വാര്‍ത്തകൾക്കിടയിലെ ശരി തെറ്റുകളെ കുറിച്ചുള്ള കൃത്യമായ ബോധ്യവും , അതിനോടുള്ള ഔചിത്യമാർന്ന സമീപനവും തന്നെയാണ് ഏതൊരു മധ്യമപ്രവർത്തനത്തിനും ആവശ്യമായ അടിസ്ഥാനയോഗ്യത. എന്നാൽ അത്തരം ആശയങ്ങളിൽ നിന്ന് മാറി തികച്ചും പൊതുബോധനിർമ്മിതിയുടെ ഭാഗമായി മാധ്യമങ്ങൾ മാറിയാലോ..? അത്തരത്തിൽ സമകാലിക ഇന്ത്യയിലെ മാധ്യമലോകത്തിന്റെ കാഴ്‌ചകളെ അടിസ്ഥാനമാക്കി ആഷിഖ് അബു സംവിധാനം ചെയ്ത സിനിമയാണ് നാരദൻ.

മാധ്യമ ധർമ്മത്തെ ഉയർത്തി പിടിക്കുന്ന നായക കാഴ്ചയല്ല , മറിച് മാധ്യമ ലോകത്തിലെ അറിയാ കാഴ്ചകളെയും , മാധ്യമപ്രവര്‍ത്തനത്തിന്റ മാര്‍ക്കറ്റിങ് താല്‍പര്യവും ഇഴചേർത്തു കൊണ്ട് ഗ്രേ ഷേഡിൽ കഥ പറഞ്ഞു പോകുന്ന ഒരു സിനിമയായാണ് ആഷിക് അബു നാരദനെ മുൻപോട്ട് വെക്കുന്നത്. ലോകത്തിലെവിടെയുമിരുന്ന് ആർക്കും ചെയ്യാവുന്ന ഏറ്റവും ചിലവുകുറഞ്ഞ മാധ്യമപ്രവര്‍ത്തനമായ ഡിജിറ്റൽ ജേർണലിസത്തിൻറെ ഈയൊരു കാലഘട്ടത്തിൽ നാരദൻ പ്രസക്തമാകുന്നത് കുറച്ചുകൂടി റിയലസ്റ്റിക്കായ രീതിയിലാണെന്നു മാത്രം.


ആദ്യത്തെ പ്രചാരകനായ 'നാരദനെ' അനുസ്മരിച്ചു തന്നെയാണ് ചന്ദ്രപ്രകാശ്(ടോവിനോ തോമസ്) തന്റെ പുതിയ ചാനലായ നാരദ ന്യൂസ് തുടങുന്നത്. ആവശ്യത്തിലേറെ കഴിവും സാമർഥ്യവുമുള്ള ചന്ദ്രപ്രകാശ് തന്റെ തൊഴിലിടത്തിൽ നിലനിർത്തുന്ന മത്സരാധിഷ്ഠിതമായ ഇടപെടലിൽ നിന്നാണ് ഈ സിനിമ ആരംഭിക്കുന്നത്. ചാനൽ റേറ്റിങ്ങിനായുള്ള മത്സരങ്ങളിൽ അയാൾ നേരിടുന്ന സ്വത്വപ്രതിസന്ധിയും തുടർന്ന് അയാൾ കണ്ടെത്തുന്ന അതിജീവനത്തിൻറെ വഴികളും ഒക്കെ തന്നെയാണ് ചിത്രത്തിന്റെ കഥാതന്തു.

സിനിമയുടെ തുടക്കത്തില്‍ തന്നെ ഇതൊരു സാങ്കല്‍പിക കഥയാണെന്നും ഭാവനാ സൃഷ്ടിയാണെന്നുമുള്ള നിരാകരണ കുറിപ്പ് എഴുതി കാണിക്കുന്നുണ്ടെങ്കിലും സാമ്പത്തികവും രാഷ്ട്രീയവുമായ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി പ്രവർത്തിക്കുന്ന ചില മാധ്യമ സ്ഥാപനങ്ങളെ കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ ഈ സിനിമയിൽ വന്നു പോകുന്നുമുണ്ട്. ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസം എന്ന പേരിൽ ജീവനക്കാരെ ഇരകളാക്കി ഫോണിലോ അല്ലാതെയോ ലൈംഗിക സംഭാഷണങ്ങളോ ദൃശ്യങ്ങളോ പകര്‍ത്തി എയര്‍ ചെയ്യുന്ന, അന്യന്റെ കിടപ്പറയിലേക്ക് ഒളിക്യാമറ വെക്കുന്ന, കേരളീയ സമൂഹത്തിലെ സദാചാര മാമൂലുകളെ മുൻനിർത്തിയുള്ള മാധ്യമ ഇടപെടലുകൾ കൊണ്ട് സമ്പന്നമാണ് നാരദൻ.


ഒരു മന്ത്രിയെ സംപ്രേക്ഷണം തുടങ്ങിയ ആദ്യ ദിവസം തന്നെ സ്ടിങ്ങ് ഓപ്പറേഷനിലൂടെ തെറിപ്പിച്ച ചാനലുള്ള നാട്ടിൽ നാരദൻ പറയുന്ന പൊളിറ്റിക്‌സിന് വലിയ പുതുമയൊന്നുമില്ല. എന്നാൽ അതല്പം ശക്തമാണ്താനും. ധാർമ്മികത നഷ്ടപ്പെടുന്ന മാധ്യമപ്രവർത്തനവും ചാനലുകൾ തമ്മിലുള്ള മത്സരവും കൊണ്ട് ഒരിക്കൽ കേരള സമൂഹം നേരിട്ടറിഞ്ഞ ഒരു വിഷയത്തിന്റെ പരോക്ഷമായ ദൃശ്യാവിഷ്കാരം തന്നെയാണ് നാരദൻ. ഇവിടെ നായകനും പ്രതിനായകനും ഒരാൾ തന്നെയാണ്. അത് ചന്ദ്രപ്രകാശ് എന്ന സിപി ആവുന്നു. 'ന്യൂസ് മലയാളം' എന്ന പ്രമുഖ ചാനലിലെ പ്രൈം ടൈം അവതാരകനായ ചന്ദ്ര പ്രകാശ് ന്യൂസ് മലയാളത്തിന്റെ റേറ്റിങ് നിലനിർത്തുന്ന 'ന്യൂസ് ട്രാക്ക്' എന്ന ജനപ്രിയ പ്രോഗ്രാം കൂടി നയിക്കുന്നയാളാണ്.

ചാനലിന്റെ മുഖമുദ്രയായ ചന്ദ്രപ്രകാശ് ചില സമ്മർദങ്ങളാൽ രാജി വെച്ച്, ചാനലിൽ നിന്നും പുറത്തു കടക്കുന്നതോടെയാണ് നാരദ ന്യൂസ്' എന്ന പുതിയ ചാനലിന്‍റെ ചീഫ് എഡിറ്റർ പദവിയിലേക്കുള്ള ഓഫർ അയാൾക്ക് ലഭിക്കുന്നത്. ഒന്നാമതാകുക എന്ന ലക്ഷ്യം മാത്രമുള്ള അയാളുടെ മുന്പോട്ടുള്ള കുതിപ്പ് തന്നെയാണ് ആകെമൊത്തം സിനിമ. അതിൽ അയാൾ തന്റെ ശരി തെറ്റുകളെ കുറിച്ച് ആകുലനാകുന്നില്ല. എന്ത് ചെയ്യാനും, എങ്ങനെ വാർത്തകൾ സൃഷ്ടിക്കാനും അയാൾ തയ്യാറാണ്, തന്റെ വിജയത്തിന്റെ ഫോർമുല അതാണെന്ന തിരിച്ചറിവിലാണ് അയാൾ മുന്നോട്ടുപോകുന്നത്. ഒന്നാം പകുതി ഇങ്ങനെയൊക്കെ പറഞ്ഞു പോകുമ്പോഴും സിനിമ അതിന്റെ രണ്ടാം പകുതിയിൽ എത്തുന്നതോടെ മാധ്യമങ്ങളുടെ ശരി തെറ്റുകൾ വിചാരണ ചെയ്യപ്പെടുന്നത് കോടതിയിലാകുന്നു. ആ വിചാരണക്കൊടുവിൽ കണ്ടെത്തുന്ന ഉത്തരം തന്നെയാണ് നാരദൻ.


ചിത്രത്തിൽ രണ്ട് തലത്തിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ടൊവിനോ തോമസ് ഞെട്ടിക്കുന്നുണ്ട്. ഒരാളിൽ നിന്നും മറ്റൊരാളിലേക്കുള്ള മാറ്റം, ഒരു ഇരുത്തം വന്ന നടന്റെ വൈഭവത്തോടെ ടൊവിനോ അഭിനയിച്ച് ഫലിപ്പിക്കുന്നുണ്ട്. അനുകരണമെന്ന് തോന്നാത്ത വിധത്തിൽ ചാനൽ അവതാരകരുടെ മാനറിസങ്ങളും സംസാരരീതിയും പകർന്നാടിയ ടൊവിനോ കൈയ്യടി അർഹിക്കുന്നുണ്ട്. ഷറഫുദ്ദീനും തന്റെ കഥാപാത്രത്തെ ഗംഭീരമാക്കിയിട്ടുണ്ട്. ഷാകിറ മുഹമ്മദ് എന്ന നായികാ കഥാപാത്രമായി എത്തിയ അന്ന ബെന്നും മികച്ച പ്രകടനം തന്നെയാണ് സിനിമയിൽ കാഴ്ച്ച വെച്ചിരിക്കുന്നത്.

ക്ളൈമാക്സിൽ മാത്രം എത്തുന്ന ഇന്ദ്രൻസും രൺജി പണിക്കരും മികച്ചുനിന്നു എന്നത് പ്രത്യേകമായി എടുത്തു പറയേണ്ട ഒന്നാണ്. ആവിഷ്ക്കാര സ്വാതന്ത്ര്യം സ്വാർത്ഥ താല്പര്യങ്ങൾക്കായി മുതലെടുക്കുന്ന, ചാനൽ ചർച്ചകളിലിരിക്കുന്നവരുടെ വാക്കുകൾ വളച്ചൊടിക്കുന്ന ചില മാധ്യമപ്രവർത്തകരെ ഓർമ്മിപ്പിക്കുവാനും സിനിമ പ്രേക്ഷകരിൽ അവസരമുണ്ടാക്കുന്നു. ആഷിഖ് അബു-ടോവിനോ തോമസ് എന്നിവരുടെ കൂട്ടുകെട്ടിൽ ആദ്യമായി പിറന്ന മായാനദിയെന്ന ക്ലാസിക് ചിത്രത്തിൽ നിന്നും തുടർന്ന് ചെയ്ത വൈറസിൽ നിന്നും വേറിട്ട രീതിയിലുള്ള കഥപറച്ചിലും പശ്ചാത്തലവുമൊക്കെയുള്ള ചിത്രമാണ് നാരദൻ. സോഷ്യൽ- പൊളിറ്റിക്കൽ ത്രില്ലർ എന്നോ മീഡിയ ത്രില്ലർ എന്നോ വിളിക്കാവുന്ന നാരദന്റെ കഥാ തിരക്കഥ സംഭാഷണം എന്നിവ തയ്യറാക്കിയിരിക്കുന്നത് ഉണ്ണി ആറാണ്.


കഥപറച്ചിലിന്റെ രീതി പലപ്പോഴും പ്രേക്ഷകരിൽ ലാഗ് അനുഭവപ്പെടുത്തി എന്നതാണ് ചിത്രത്തിന്റെ പ്രധാന പോരായ്മയായി അനുഭവപ്പെട്ടത്. ചാനൽ ഡെസ്ക്, ന്യൂസ് റൂം തുടങ്ങി കൊച്ചി നഗരത്തെ വരെയും ചിത്രത്തിൽ ജാഫർ സാദിഖ് തന്റെ ഛായാഗ്രഹണം കൊണ്ട് നന്നായി തന്നെ പകർത്തിവെച്ചിരിക്കുന്നു. മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ക്ക് വേണ്ടിയും ബ്രേക്കിംഗ് ന്യൂസിനുവേണ്ടിയും മത്സരിച്ചോടുന്ന ഈ കാലത്ത് എന്ത് കൊണ്ടും പ്രേക്ഷകർക്ക് സുപരിചതമാണ് നാരദൻ പറയുന്ന വിഷയം എന്നതാണ് യാഥാർഥ്യം. പക്ഷെ അതിനായി കഥാപറച്ചിലിന്റെ ഇഴചിൽ അൽപ്പംകൂടിയ അളവിൽ പ്രേക്ഷകർ സഹിക്കേണ്ടി വരും എന്ന് മാത്രം.

Tags:    
News Summary - Naaradan malayalam movie review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-18 06:01 GMT