നൻപകൽ നേരത്തു മയക്കം; ചെറുകഥ പോലൊരു ചെറു സിനിമ

വേളാങ്കണ്ണി യാത്രക്ക് ശേഷം മടങ്ങുന്ന ജെയിംസ് ഉൾപ്പടെയുള്ള ഒരു മലയാളി സംഘത്തിന്റെ യാത്ര അപ്രതീക്ഷിതമായ ഒരു കാരണത്താൽ തടസ്സപ്പെടുന്നു. ആ കാരണവും തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങളും അടങ്ങുന്ന ചിത്രമാണ് 'നൻപകൽ നേരത്തു മയക്കം'. 

ഐ.എഫ്.എഫ്​.കെയിലെ പ്രദർശനത്തിന് ഏറെ കഷ്ടപ്പെട്ട് കയറി തീയറ്ററിലെ സീറ്റിൽ സ്ഥാനം ഉറപ്പിച്ച ശേഷം ഒരു ദീർഘനിശ്വാസത്തോടു കൂടിയാണ് ചിത്രം കാണാൻ അനുഭവിച്ച പ്രയാസങ്ങളുടെ ഭാരം അഴിച്ചുവച്ചത്. ചിത്രം തുടങ്ങുന്നതിനു മുൻപ് തന്നെ പുഞ്ചിരി വിടർത്തിയത് അതിൽ ഉൾപ്പെടുത്തിയ ഗാനങ്ങളുടെ നിര സ്‌ക്രീനിൽ തെളിഞ്ഞപ്പോഴായിരുന്നു. വെറുതെ വന്നു പോകുന്ന ഗാനങ്ങൾ കൂടാതെ കഥാപരിസരവുമായി ഇഴചേർന്നു നിൽക്കുന്ന ഗാനങ്ങളും ചിത്രത്തിലുണ്ട്. 


'നൻപകൽ നേരത്തു മയക്ക'ത്തെ സുന്ദരമായ കലാസൃഷ്ടിയാക്കുന്നതിൽ ചിത്രത്തിന്റെ ഛായാഗ്രഹണത്തിനു മികച്ച പങ്കുണ്ട്. കാഴ്ചക്കാരന്റെ കണ്ണുകളെ കൈയ്യിലെടുക്കാൻ ഈയിടെയായി മലയാള സിനിമയിൽ അമിതമായി ഉപയോഗിച്ച് കാണുന്ന ഹെലി കാം എരിയൽ ഷോട്ടുകളും വ്യത്യസ്ത ചലനങ്ങളും കോണുകളും തേടിയിറങ്ങുന്ന കാമറയും ചിത്രത്തിൽ ഇല്ല. പകരം സിനിമയെ മനോഹരമാക്കുന്നത് അവർത്തിച്ചുവരുന്ന സ്റ്റാറ്റിക്ക് ഷോട്ടുകളാണ്. യൂറോപ്പിയൻ റെനൈസ്സൻസ് പെയിറ്റിംഗുകളെ അനുസ്മരിക്കും വിധമുള്ള ചില ഫ്രെയിമുകളും ചിത്രത്തിൽ കാണാം. സംഭാഷണങ്ങളുടെ പിന്തുണയില്ലാതെ കഥ പറഞ്ഞു പോയ ഫ്രെയിമുകളെ പ്രേക്ഷകർ കയ്യടിയോടെ സ്വീകരിച്ചു. 

ഇളം നീല വർണമുള്ള വീടുകൾ നിറഞ്ഞ ഒരു തമിഴ് ഗ്രാമത്തിൽ പുരോഗമിക്കുന്ന കഥ പ്രേക്ഷകനെ തമിഴ് സംസ്കാരത്തിലേക്ക് എത്തിക്കുന്നതിനൊപ്പം തമിഴ് സിനിമ ലോകവുമായി മലയാള സിനിമ കൂട്ടിമുട്ടുന്ന പ്രതീതി ലിജോയും തിരക്കഥ ഒരുക്കിയ എസ്. ഹരീഷും തേനി ഈശ്വറിന്റെ കാമറ കണ്ണിലൂടെ സൃഷ്ടിച്ചു. തമിഴ് ഭൂപ്രകൃതിയും ഭാഷയും പാട്ടുകളും ഗ്രാമത്തിലെ ടെലിവിഷനുകളിൽ വന്നുപോകുന്ന സിനിമകളും നാടകങ്ങളുടെ ഒപ്പം ഇളം നീല വർണങ്ങൾ ചാലിച്ച ചെറു വീടുകളും ചായക്കടയും ഹോട്ടലും ടാസ്മാക്കിലെ ലക്കുകെട്ട ആട്ടവും ടി വി എസ് ഹെവി ഡ്യൂട്ടി വണ്ടിയുടെ ശബ്ദം പോലും ചിത്രത്തിനു ഭംഗിയേകുന്നുണ്ട്. 


വര്‍ഗ്ഗം, മതം, ജാതി എന്നിവ അടിസ്ഥാനപ്പെടുത്തി സൃഷ്ടിക്കപ്പെട്ട മുന്‍വിധികളാൽ തീർത്ത ഉപരിഭാവഭ്രമം വളരെ പ്രകടമായി നിൽക്കുന്ന ഒരു സമൂഹത്തിനോട് ആ അടിസ്ഥാനങ്ങൾക്ക് അർത്ഥമില്ലെന്ന് ലിജോ പറയാൻ ശ്രമിക്കുന്നുമുണ്ട്. അന്യന്റെ സംസ്കാരവും ഭക്ഷണ രീതിയും അവജ്ഞയോടെ കാണുന്ന കൂട്ടത്തോട് മറുപുറത്തിന്റെ ഭംഗിയും നന്മയും കാഴ്ചവെച്ചു കൊടുക്കുകയാണ് ചിത്രം. 

എല്ലാ താരങ്ങളും സിനിമ ആവശ്യപെടുന്ന തന്മയത്വത്തോടെ അവരവരുടെ കഥാപാത്രങ്ങളിൽ മികവ് പ്രകടിപ്പിച്ചു. മമ്മൂട്ടിയുടെ മറ്റൊരു നല്ല പ്രകടനത്തിന് സാക്ഷിയാണെന്നിരിക്കെ തന്നെ, കഥാപാത്രം ആവശ്യപ്പെട്ട തമിഴ് ഭാഷ അനായാസം കൈകാര്യം ചെയ്യാൻ പറ്റുന്ന കഥാപാത്രമായി മാറാൻ അദ്ദേഹത്തിന് സമ്പൂർണമായും കഴിഞ്ഞോ എന്നത് സംശയമാണ്. 


ഇത്തരം മികവുറ്റ ചിത്രങ്ങളിലും താരപരിവേഷത്തിന്റെ ബാധ്യതയാൽ കുത്തികേറ്റുന്ന റെഫറൻസുകൾ മുഴച്ചു നിൽക്കും. അത്തരത്തിൽ കൃത്രിമമായി തിരുകി കയറ്റിയ ഒരു സീൻ അലോസരപ്പെടുത്തി.  

വളരെ മിനിമലായി ചിത്രീകരിച്ച ചിത്രത്തിൽ പുഞ്ചിരി പകരുന്ന ഹാസ്യ സന്ദർഭങ്ങളും തെല്ലൊന്ന് വൈകാരികമാകുന്ന രംഗങ്ങളും ഉണ്ട്. തുടർവായന ആവശ്യപെടുന്ന ഭംഗിയും ഉള്ളും 'നൻപകൽ നേരത്ത് മയക്കം' എന്ന ചിത്രത്തിലുണ്ട്. 


  തീയറ്ററിൽ കാണേണ്ട സിനിമ എന്ന ടാഗ് പ്രേക്ഷകർ പൊതുവെ നൽകുന്നത് മാസ്സ് മസാല ചിത്രങ്ങൾക്കോ ബിഗ് ബഡ്ജറ്റ് ലൗഡ് ത്രില്ലർ സ്വഭാവമുള്ള ചിത്രങ്ങൾക്കോ ആണ്. ഫ്രയിമുകൾ കൊണ്ട് കഥ പറയുന്ന സൂക്ഷ്‌മമായ ശബ്ദമിശ്രണത്തോടെ സ്‌ക്രീനിലെത്തുന്ന ഇത്തരം ചിത്രങ്ങളും തീയറ്റർ വാച്ച് ആവശ്യപെടുന്നുണ്ട്. 

Tags:    
News Summary - Nanpakal Nerathu Mayakkam-review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-18 06:01 GMT