നായകനും വില്ലനുമില്ലാത്ത ത്രില്ലർ ചിത്രം; 'നല്ല നിലാവുള്ള രാത്രി'- റിവ്യൂ

വാഗതനായ മര്‍ഫി ദേവസി സംവിധാനം ചെയ്ത് ചെമ്പന്‍ വിനോദ് ജോസ്, ബാബുരാജ്, ജിനു ജോസഫ് തുടങ്ങിയവർ അഭിനയിച്ച ചിത്രമാണ് നല്ല നിലാവുള്ള രാത്രി. സാന്ദ്രാ തോമസ് പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ സാന്ദ്രാ തോമസും വിത്സണ്‍ തോമസും ചേര്‍ന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്, നീണ്ട ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷം ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക് സാന്ദ്ര തോമസ് കടന്നുവരുന്ന സിനിമയെന്ന പ്രത്യേകത കൂടിയുണ്ട്.

ആക്ഷൻ സർവൈവൽ ത്രില്ലർ ഗണത്തിൽ പെടുത്താൻ പറ്റിയ സിനിമയുടെ കഥ പറഞ്ഞു തുടങ്ങുന്നത് ഡൊമനിക്ക്, രാജീവ്, പീറ്റര്‍, ജോഷി എന്നീ നാല് സുഹൃത്തുക്കളിൽ നിന്നാണ്. കോളേജ് കാലം മുതലുള്ള ഈ നാല് സുഹൃത്തുക്കളും ചേർന്ന് ഇടുക്കി ജില്ലയിലെ കാന്തല്ലൂരിൽ ഒരു ഓർഗാനിക് ഫാമിംഗ് മേഖലയിൽ ബിസിനസ് ചെയ്തു വരികയാണ്. പാർട്ണർഷിപ്പായി വൻകിട ജൈവപച്ചക്കറി ബിസിനസ് നടത്തുന്ന ഇവർ തമ്മിൽ ചെറിയ ചെറിയ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും തരക്കേടില്ലാത്ത വിധത്തിൽതന്നെയാണ് ബിസിനസ് മുന്നോട്ടുകൊണ്ടുപോകുന്നത്. അത്തരമൊരു സാഹചര്യത്തിലാണ് അവർക്കിടയിലേക്ക് പഴയകാല കോളേജ് സീനിയറും സുഹൃത്തുമായിരുന്ന കുര്യൻ അപ്രതീക്ഷിതമായി കടന്നുവരുന്നത്. വലിയൊരു സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടു ബുദ്ധിമുട്ടനുഭവിക്കുകയായിരുന്ന കുര്യൻ തന്‍റെ കയ്യിലുള്ള ഷിമോഗയിലെ തോട്ടവും ബംഗ്ലാവും ഈ നാലുപേർക്കുമായി വിറ്റ് അതുവഴി തന്റെ സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാനായുള്ള തന്ത്രങ്ങൾ മെനഞ്ഞു തുടങ്ങുന്നു. ഓർഗാനിക് ഫാമിംഗ് മേഖല കർണാടകയിലെ ഷിമോഗയിലേക്ക് കൂടി വിപുലപ്പെടുത്താനുള്ള ആശയമാണ് അതിനായയാൾ നാലുപേർക്കും മുമ്പിൽവെക്കുന്നത്. അങ്ങനെ അവരെയും കൂട്ടി കുര്യൻ ഷിമോഗയിലേക്ക് പോകുന്നതോടെ കഥ മറ്റൊരു ഗതിയിലേക്ക് മാറുന്നു. ഈ യാത്രയിൽ അവർക്കൊപ്പം മറ്റു ചിലർ കൂടി കടന്നുവരുന്നതോടെ സംഘം 7 പേരായി മാറുന്നു. യാത്രയിൽ പങ്കെടുത്തതും ഒത്തുകൂടിയതുമായ എല്ലാവരുടെയും ഉദ്ദേശം ഒന്നല്ല എന്നുള്ളതാണ് അവരോരുത്തരേയും വ്യത്യസ്തമാക്കുന്ന ഘടകം. കർണാടകയിൽ വെച്ച് ഇരുമ്പൻ എന്ന സുഹൃത്ത് കൂടി സംഘത്തിലേക്ക് കടന്നുവരുമ്പോൾ സംഘം എട്ടുപേരാവുന്നു. പതിയെ കഥ പറഞ്ഞുപോകുന്ന സിനിമ ഇരുമ്പന്റെ കടന്നുവരവോടെ ഘട്ടംഘട്ടമായി പ്രധാന സംഭവങ്ങളിലേക്ക് കടന്നു കയറുന്നു.


ഷിമോ​ഗയിലുള്ള കാടിന് നടുവിലെ ബം​ഗ്ലാവിൽ അവരെല്ലാവരും ഒത്തുകൂടലിന്റെ ആഘോഷം നടത്തുമ്പോൾ , അന്ന് രാത്രി അവരെ കാത്തിരുന്നത് തികച്ചും അപ്രതീക്ഷിതമായ ചില സംഭവങ്ങളാണ്. അതിനെ അതിജീവിക്കുക എന്നതിനോടൊപ്പം തന്നെ എട്ടു പേരെയും ആശയക്കുഴപ്പത്തിലാക്കുന്നത് ആര്? എന്തിന്? എങ്ങനെ? തുടങ്ങിയ ചില ചോദ്യങ്ങൾക്കുള്ള ലഭിക്കാത്ത ഉത്തരങ്ങൾ കൂടിയാണ്. ഒരു പകൽ അവസാനിക്കുന്നതിലൂടെയാണ് ചിത്രത്തിന്റെ ആദ്യ പകുതി തീരുന്നത്. കൺമുമ്പിൽ നടക്കുന്ന കൊലപാതകങ്ങളും അതുണ്ടാക്കുന്ന ഭയവും അതിന്റെ കാരണം തേടിയുള്ള അന്വേഷണവും അതിജീവനത്തിനായുള്ള പരാക്രമണങ്ങളും കൊണ്ട് രണ്ടാം പകുതി മൊത്തത്തിൽ ഒറ്റ രാത്രിയിലെ സംഘർഷഭരിതമായ രംഗങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നു.

ചിത്രത്തിന്റെ ത്രില്ലർ മൂഡ് കൊണ്ടാണ് രണ്ടാം പകുതി ആകർഷകമാകുന്നത്. എന്നാൽ സിനിമ മൊത്തത്തിൽ ഭരിക്കുന്നത് മനുഷ്യരുടെ വന്യമായ വികാരവിചാരങ്ങൾ കൊണ്ടാണ്. അസൂയയും, കുതികാൽവെട്ടും,നിസ്സഹായതയും, പകയും, സ്നേഹവും, പരിഗണനയും, വീമ്പ് പറച്ചിലും തുടങ്ങി നിരവധിയനവധി സ്വഭാവ സവിശേഷതകൾ കൊണ്ട് കെട്ടിപ്പടുക്കപ്പെട്ടവരാണ് ഈ എട്ടുപേരും. അതുകൊണ്ടുതന്നെ ഭ്രാന്തമായ വേഗത്തിൽ ബ്രൂട്ടൽ വയലൻസിലേക്ക് കടക്കാനും അവർക്ക് മടിയില്ല. കാരണം സ്വന്തം നിലനിൽപ്പ് എന്നത് മാത്രമാണ് അവരിലോരോരുത്തരുടെയും ആത്യന്തികമായ ആവശ്യം. ആ ശ്രമം എത്രത്തോളം പ്രാവർത്തികമാക്കാൻ സാധിക്കുമെന്നത് സിനിമ കണ്ടുതന്നെ മനസിലാക്കണം. കൂടുതൽ സങ്കീർണതകൾക്കുള്ള പ്രതീക്ഷകൾ തന്നുകൊണ്ടുതന്നെയാണ് സിനിമ അവസാനിക്കുന്നതും.


കേൾക്കുമ്പോൾ വളരെ കാവ്യാത്മകമെന്ന് തോന്നുന്ന പേരാണ് ചിത്രത്തിന്റെത്. ഒരു ത്രില്ലർ സിനിമക്ക് ഇത് എത്രമാത്രം യോജിക്കുമെന്നുള്ളത് സംശയിക്കുമ്പോൾ തന്നെ എന്തുകൊണ്ട് ഇങ്ങനെയൊരു പേര് നൽകിയെന്നത് സിനിമ കണ്ടുകഴിയുന്ന പ്രേക്ഷകർക്ക് എളുപ്പത്തിൽ ബോധ്യപ്പെടുകയും ചെയ്യും. കാമറ, എഡിറ്റിങ്, കളർ ടോൺ എന്നിവയിലൂടെ നല്ല നിലാവുള്ള രാത്രിയുടെ ഭീകരത പ്രേക്ഷകരിലേക്കെത്തിക്കാൻ സാധിച്ച ടെക്നീഷ്യൻമാർ അഭിനന്ദനം അർഹിക്കുന്നു.ചെമ്പൻ വിനോദ് ജോസ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പാപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിൻ ജോർജ്, സജിൻ ചെറുകയിൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്നത്. എല്ലാവരും അവരവരുടെ കഥാപാത്രങ്ങൾ ഗംഭീരമായി അഭിനയിച്ചു തീർക്കുമ്പോൾ തന്നെ കൃത്യമായ നായകന്മാരോ വില്ലന്മാരോ ഇല്ല എന്നുള്ളതാണ് സിനിമയുടെ വേറിട്ട സവിശേഷതയും. എന്നാൽ കുര്യനായ ബാബുരാജും ഇരുമ്പനായ ചെമ്പൻ വിനോദും സിനിമയിൽ കൂടുതൽ സ്കോർ ചെയ്യുന്നുമുണ്ട്. സുഹൃത്തുക്കളുമായി മദ്യപിക്കുന്നവരിൽ ഏറിയ ആളുകളും റിയൽ ലൈഫിൽ പാടിതിമിർത്തിട്ടുള്ള താനാരോ താനാരോ എന്ന ഗാനം ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റിലീസിന് മുൻപേ തന്നെ ഗാനം ശ്രദ്ധ നേടിയിട്ടുമുണ്ട്.


ഛായാഗ്രഹണം, പശ്ചാത്തല സംഗീതം, കലാസംവിധാനം, ആക്ഷൻ കൊറിയോഗ്രഫി, എഡിറ്റിങ് എന്നിവയുടെ ക്വാളിറ്റികൊണ്ട് തന്നെ ഉയർന്ന ദൃശ്യ നിലവാരമുള്ള സിനിമ കൂടിയാണ് നല്ല നിലാവുള്ള രാത്രി. വരത്തൻ പോലെയുള്ള നിരവധി സിനിമകൾക്ക് പശ്ചാത്തലമായ കുട്ടിക്കാനത്തെ അമ്മച്ചിക്കൊട്ടാരമാണ് ചിത്രത്തിലും ഫാം ഹൗസായി വേഷമിടുന്നത്. തീർച്ചയായും തിയറ്റർ എക്സ്പീരിയൻസിൽ അറിഞ്ഞിരിക്കേണ്ട കാഴ്ച്ചാനുഭവം തന്നെയാണ് ചിത്രത്തിന്റെത്. ഇന്നും ഉത്തരം ലഭിക്കാത്ത, മനുഷ്യസ്വഭാവം നന്മയാണോ അതോ തിന്മയാണോ എന്നുള്ള ചോദ്യത്തിനെ വീണ്ടും സംവാദത്തിന് കൊണ്ടിടാൻ പ്രാപ്തമായ സിനിമ തന്നെയാണ് നല്ല നിലാവുള്ള രാത്രി. മനുഷ്യന്റെ വന്യതകൾ കാണാനാഗ്രഹിക്കുന്നവർക്ക് ടിക്കറ്റ് എടുത്താൽ നഷ്ടമാവാൻ സാധ്യതയില്ലാത്ത സിനിമയാണിത്. കാരണം ഒരു നവാഗത സംവിധായകനിൽ നിന്നും പ്രതീക്ഷിക്കാവുന്നതിനും അപ്പുറം ദൃശ്യാനുഭവങ്ങൾ സംവിധായകൻ പ്രേക്ഷകർക്ക് തന്നുകഴിഞ്ഞിരിക്കുന്നു.

Tags:    
News Summary - Nalla Nilavulla Rathri Malayalam Movie Review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-18 06:01 GMT