ക്രിസ്റ്റഫർ: ക്രിസ്റ്റൽ പവർ ഓഫ് മമ്മൂക്ക

മോഹൻലാൽ ചിത്രമായ ആറാട്ടിന് ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയിൽ ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമാണ് ​‘ക്രിസ്റ്റഫർ ബയോഗ്രഫി ഓഫ് എ വിജിലന്റ കോപ്’. ഏറെ ഹൈപ്പോടെ തിയറ്ററുകളിൽ എത്തിയ ആറാട്ട് പ്രതീക്ഷിച്ചത് പോലെ പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയിരുന്നില്ല. എന്നാൽ ആറാട്ടിന്റെ ക്ഷീണം ക്രിസ്റ്റഫറിലൂടെ ഉദയ കൃഷ്ണയും ബി ഉണ്ണികൃഷ്ണനും ഒരുപരിധിവരെ മാറ്റിയിട്ടുണ്ട് എന്നു വേണം കരുതാൻ.

സ്‍ത്രീകൾക്ക് നേരെ നടക്കുന്ന പീഡന​ങ്ങളോടും അക്രമങ്ങളോടും യാതൊരു ദയയുമില്ലാതെ പ്രതികളെ വെടിവെച്ച് കൊല്ലുന്ന ഡി.പി.സി.എ. ഡബ്ല്യൂ ചീഫാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന ക്രിസ്റ്റഫർ. ഫുഡ് ഡെലിവറി ചെയ്യുന്ന ഒരു പെൺകുട്ടിയെ കാണാതാവുകയും പിന്നീട് ബലാത്സംഗം ചെയ്യ​പ്പെട്ട നിലയിൽ മൃതശരീരം റോഡരികിൽ നിന്ന് ലഭിക്കുകയും ചെയ്യുന്നു. കേസ് ക്രിസ്റ്റഫറിനെ ഏൽപ്പിക്കുന്നത് മുതലാണ് കഥ ആരംഭിക്കുന്നത്.

പൊതുവെ തങ്ങളുടെ ചിത്രങ്ങളിൽ ട്വിസ്റ്റുകളുടെ കുമ്പാരം ഒളിപ്പിച്ചുവെക്കാറുള്ള ഉദയകൃഷ്ണയും ബി. ഉണ്ണികൃഷ്ണനും ഇതിൽ അത്തരത്തിലുള്ള ശൈലികൾക്ക് ഊന്നൽ കൊടുക്കുന്നില്ല. ടാഗ് ലൈനിൽ പറയുന്നതുപോലെ ‘ബയോഗ്രഫി ഓഫ് എ വിജിലന്റ കോപ്’ ഇതുതന്നെയാണ് മുന്നോട്ടുവെക്കുന്നത്. ഏച്ചുകെട്ടലുകൾപോലെ തോന്നുന്ന സീനുകളാണ് ബി. ഉണ്ണികൃഷ്ണൻ എന്ന സംവിധായകന്റെ പോരായ്മ. ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് ചാടുന്നതുപോലെയായിരിക്കും കഥ പറച്ചിലുകൾ. ക്രിസ്റ്റഫറിൽ ആ പോരായ്മ ഒരു പരിധിവരെ കുറച്ചിട്ടുണ്ട്. ഒരു ത്രില്ലർ സ്വഭാവത്തിനൊത്ത സംവിധാനം.

ആദ്യം മുതൽ അവസാനം വരെ മമ്മൂട്ടി സിനിമ‍യിൽ നിറഞ്ഞു നിൽക്കുകയാണ്. മറ്റുള്ള കഥാപാ​ത്രങ്ങൾ ബസ്സിലെ യാത്രക്കാരെ പോലെ ഒരോ സ്റ്റോപ്പിൽ ഇറങ്ങുകയും ഇടയ്ക്ക് അതെ ബസ്സിൽ തിരിച്ചുകയറുകയും ചെയ്യുന്നുണ്ട്.

സിനിമയിൽ കുറച്ച് സമയം മാത്രമേയുള്ളൂവെങ്കിലും വിനയ് രാജിന്റെ സീതാറാം ത്രിമൂർത്തി അയ്യർ ക്രിസ്റ്റഫറിനൊത്ത വില്ലൻ തന്നെ. ഷൈൻ ടോം ചാക്കോയുടെ ഡി.വൈ.എസ്.പി. ജോർജ്ജ് കോട്ടറക്കൽ തിയറ്ററുകളിൽ കൈയടിവാങ്ങുന്നുണ്ട്. ഓൺലൈൻ, യൂട്യൂബ് ഇൻർവ്യൂയിലൂടെ നമ്മൾ കണ്ട ഷൈനിന്റെ മാനറിസങ്ങൾ അതുപോലെ ഉൾക്കൊണ്ടാണ് കഥാപാത്രം ഒരുക്കിയിരിക്കുന്നത്. തമിഴ് നടി സ്നേഹയാണ് ക്രിസ്റ്റിയുടെ ഭാര്യയായ ബീന മറിയം ചാക്കോ എന്ന വേഷം ചെയ്തത്. അമല പോൾ, സിദ്ദിഖ്, ഐശ്വര്യ ലക്ഷ്മി, അതിഥി രവി, ദീപക് പറമ്പോൽ, ആർദ്ര തുടങ്ങിയവരെല്ലാം തങ്ങളിൽ ഏൽപ്പിക്കപ്പെട്ട കഥാപാത്രങ്ങൾ മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്.

എടുത്തു പറയേണ്ടത് സിനിമയുടെ പശ്ചാത്തല സംഗീതമാണ്. സിനിമ വിട്ടാലും ജസ്റ്റിൻ വർഗീസിന്റെ സംഗീതം കാതുകളിൽ ബാക്കിയാകുന്നുണ്ട്. ഫായിസ് സിദ്ദിഖിന്റെ കാമറയും മനോജിന്റെ എഡിറ്റിങ്- കളർഗ്രേഡിങ്ങും കാഴ്ചയുടെ വിസ്മയം തീർക്കുന്നുണ്ട്. ചിത്രത്തിൽ ഉടനീളം ഇരുണ്ട ​പച്ചനിറവും നീലകളറുമാണ് ഉ​പയോഗിച്ചിരിക്കുന്നത്. ദി ഗ്രേറ്റ് ഫാദറിന്റെ കോസ്റ്റ്യൂമുമായി സാമ്യമുണ്ടെങ്കിലും അതീവ സ്റ്റൈലിഷായിട്ടാണ് മെഗാസ്റ്റാർ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.

സിനിമ പറയുന്ന രാഷ്ട്രീയവും നിയമലംഘനങ്ങളുമെല്ലാം പരിചിതമാണെങ്കിലും പ്രേക്ഷകന് എത്രത്തോളം യോജിക്കാൻ പറ്റുന്നുവെന്നത് ചോദ്യമാണ്. വലിയ സംഭവമൊന്നുമല്ല, പക്ഷേ, മമ്മൂട്ടി എന്ന എന്റർടെയ്നർ ചിത്രത്തിലുണ്ട് എന്നതുകൊണ്ട് ഒറ്റത്തവണ തിയറ്റർ എക്സ്പിരിയൻസനുള്ള വകയുണ്ട് ക്രിസ്റ്റഫറിന്. ചുരുക്കത്തിൽ പറഞ്ഞാൽ ... As you said  ... Justice delayed is justice denied.

Tags:    
News Summary - Mammootty's Vigilante Thriller- Christopher Review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-18 06:01 GMT