മാലിക്; ഒന്നാന്തരമൊരു പൊളിറ്റിക്കൽ ഡ്രാമ

ഫഹദ് ഫാസിൽ - മഹേഷ് നാരായണൻ കൂട്ടുകെട്ടിൽ പിറന്ന ചിത്രമെന്ന പേരിലായിരിക്കില്ല 'മാലിക്' ഇനി മുതൽ അറിയാൻ പോകുന്നത്. പകരം മലയാള സിനിമയിലെ ഒരുപിടി പ്രഗത്ഭരായ അഭിനേതാക്കളുടെ മികച്ച പ്രകടനങ്ങൾ കൊണ്ട് ശ്രദ്ധേയമായ ചിത്രമെന്ന പേരിലായിരിക്കും. 27 കോടിയോളം മുതൽ മുടക്കുള്ള ചിത്രം, 20 കിലോയോളം ഭാരം കുറച്ചു ഫഹദ് ഫാസിൽ, രാജ്യാന്തര ശ്രദ്ധ നേടിയ ടേക്ക് ഓഫ് എന്ന സിനിമക്ക് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം -സിനിമ റിലീസ് ആകുന്നതിനും മുൻപ് പ്രേക്ഷകരിൽ ആകാംഷ നിലനിർത്തുവാൻ ഉള്ള ഒരുപാട് എലമെന്‍റ്​സ്​ ചിത്രത്തിനുണ്ടായിരുന്നു.

Full View


ആ ആകാംഷയെ പരിഗണിച്ചു കൊണ്ട് മികച്ചൊരു തിയേറ്റർ ദൃശ്യാനുഭവം നൽകാൻ അണിയറ പ്രവർത്തകർ ശ്രമിച്ചുവെങ്കിലും കോവിഡ്‌ അനിശ്ചിതത്വം കാരണം OTT യിലൂടെയാണ്​ ഇപ്പോൾ മാലിക് പ്രേക്ഷകർക്ക് മുൻപിൽ എത്തിച്ചിരിക്കുന്നത്. സുലൈമാൻ അലിയിലൂടെ (ഫഹദ്), അയാളുടെ സുഹൃത്തുക്കളിലൂടെ പറയാൻ ശ്രമിക്കുന്ന ഒന്നാന്തരമൊരു പൊളിറ്റിക്കൽ ഡ്രാമ തന്നെയാണ് മാലിക്ക്.


സാമൂഹികവും രാഷ്ട്രീയവുമായ പശ്ചാത്തലത്തിലൂടെ സുലൈമാൻ അലിയുടെ ഇരുപത് വയസുമുതൽ അമ്പത് വയസുവരെയുള്ള ജീവിതത്തെക്കുറിച്ചാണ് മാലിക്ക് വിവരിക്കുന്നത്.എന്നാൽ അത് അയാളുടെ ജീവിതം മാത്രമല്ല,പകരം ന്യൂനപക്ഷ സമുദായത്തിന് നേരെയുള്ള അനീതികൾ അനുഭവിക്കേണ്ടി വന്ന അയാൾ ജീവിക്കുന്ന തീരദേശ ഗ്രാമത്തിലെ ഓരോ മനുഷ്യന്‍റെയും കൂടി ജീവിതമാണ്. അവിടെ സുലൈമാന് കുടുംബമുണ്ട്, സൗഹൃദങ്ങളുണ്ട്, പ്രണയമുണ്ട്.

Full View

സുഹൃത്ത് ഡേവിഡ് ക്രിസ്​തുദാസിന്‍റെ പെങ്ങൾ റോസ്​ലിനുമായി ദാമ്പത്യജീവിതം തുടങ്ങുന്നുണ്ട്. പക്ഷെ ഇതൊന്നും തന്നെയല്ല അവിടത്തെ യഥാർത്ഥ വിഷയം. മതസമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളുടെയും കലഹങ്ങളുടെയും അടിസ്ഥാനപരമായ അന്വേഷണം തന്നെയാണ് വിഷയം, കലാപങ്ങളുടെ സൂക്ഷ്മമായ തലങ്ങളിലേക്കുള്ള അന്വേഷണം തന്നെയാണ് വിഷയം. 2009 മെയ്‌ 17ന് പോലീസ് ജനങ്ങൾക്ക്‌ നേരെ വെടിവെപ്പ് നടത്തിയ / ഐക്യ കേരളം കണ്ട ഏറ്റവും വലിയ രണ്ടാമത്തെ വെടിവെപ്പായ 'ബീമാപള്ളി പോലീസ് വെടിവെപ്പ്' തന്നെയാണ് ചിത്രത്തിനുള്ള ആധാരം.എ ന്നാൽ ഇവിടെ സിനിമയിൽ കഥാ ഭൂമിക റമദാ പള്ളിയാണ്.അവിടെയാണ് സുലൈമാന്‍റെ ജീവിതം സംഭവിക്കുന്നത്. ഇസ്​ലാം യൂണിയൻ ലീഗിന്‍റെ (I.U.L.) പാർട്ടി പ്രസിഡന്‍റ്​ പി. എ. അബുബക്കറും (ദിലീഷ് പോത്തൻ), ഡേവിഡ് ക്രിസ്​തുദാസും, സുലൈമാനും ഒക്കെയുള്ള വർഷങ്ങളുടെ സൗഹൃദത്തിൽ ഇടക്കാലത്തുണ്ടാകുന്ന വിള്ളൽ നിസാരമായ ഒന്നല്ല.


അതിന്‍റെ വ്യാപ്തി രണ്ട് മതങ്ങൾ തമ്മിലുള്ള വർഗീയ ധ്രുവീകരണത്തിലാണ് കലാശിക്കുന്നത്. അതിൽ നിന്നും ആ സംഘർഷത്തെ ആഴത്തിൽ വിലയിരുത്തി, റമദാ പള്ളിയിൽ ഉണ്ടാകുന്ന കലാപത്തിനും വെടിവെപ്പിനുമുള്ള യഥാർത്ഥ കാരണങ്ങളെ പറ്റിയുള്ള ധീരമായ ഉത്തരം കണ്ടെത്തലാണ് മാലിക്. വർഷങ്ങൾക്കു മുൻപ്, പരാശ്രയം ആവശ്യമായ ഘട്ടത്തിൽ സുലൈമാൻ അലിയുടെ കുടുംബത്തിന് അഭയം നൽകിയ ഇടമാണ് റമദാപള്ളി. കാലാന്തരത്തിൽ അയാളുടെ ജീവിതം റമദാപള്ളിക്കാർക്കായി അയാൾ ഉഴിഞ്ഞു വെക്കുകയാണ്. വ്യവസ്ഥിതികളെ ചോദ്യം ചെയ്യുന്ന സുലൈമാൻ തീരദേശവാസികളുടെ രക്ഷകനായി പലപ്പോഴും മാറുന്നു. നാടിന്‍റെയും അവിടുത്തെ മനുഷ്യരുടെയും പ്രശ്​നങ്ങൾ പലപ്പോഴും അയാൾക്ക് അയാളുടെ പ്രശ്‌നങ്ങൾ തന്നെയായി മാറുന്നു. അയാൾ അവ ഏറ്റെടുക്കുകയും അവക്ക് പരിഹാരം കാണുകയും ചെയ്യുന്നുണ്ട്.


 എന്നാൽ ഈ കഥപറച്ചിലിനിടയിലും രാഷ്ട്രീയ, സാംസ്‌കാരിക,സാമ്പത്തിക ഇടങ്ങളിൽ സ്ഥാനമില്ലാത്ത തീരദേശജനതയേയും അവരുടെ പ്രശ്നങ്ങളെയും കൃത്യമായി അഡ്രസ്​ ചെയ്യുവാനും സംവിധായകൻ മറക്കുന്നില്ല. പൊതുവിൽ സാമുദായിക അധികാരികൾക്ക് തീരദേശങ്ങളിലുള്ള സ്വാധീനം വിലപ്പെട്ടതാണ്. ഇവിടെ അത് റമദാ പള്ളിയിലെ ഇമാം ഹൈദർ സമാദാനി തങ്ങളിലൂടെ( സലീം കുമാർ ) അത് കൃത്യമായി പറഞ്ഞു വെക്കുന്നുമുണ്ട്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിന്‍റെ പഴയതാരം ജലജ അഭിനയരംഗത്തേക്ക് മടങ്ങിയെത്തുമ്പോൾ സുലൈമാന്‍റെ അമ്മ ലൈല ബീഗമായി അവർ ഗംഭീര പ്രകടനം തന്നെ കാഴ്ച വെച്ചിരിക്കുന്നു.

അതോടൊപ്പം ഇന്ദ്രൻസ് ചെയ്ത സി ഐ ജോർജ് സക്കറിയ എന്ന കഥാപാത്രവും, തിരുവനന്തപുരം സബ് കലക്ടർ അൻവർ അലി ആയി എത്തു ജോജു ജോർജിന്‍റെ​ കഥാപാത്രവും എടുത്തു പറയേണ്ട ഒന്നാണ്. റോസ്​ലിൻ ആയി എത്തുന്ന നിമിഷ സജയൻ മികച്ച രീതിയിൽ മുൻപിട്ട്​ നിന്നു. കൂടുതൽ കരുത്താർജിച്ച പ്രകടനം തന്നെയായിരുന്നു നിമിഷയുടേത്. ചുരുക്കി പറഞ്ഞാൽ ചെറുതും വലുതുമായ കഥാപാത്രങ്ങൾൾ ചെയ്ത എല്ലാവരും മികച്ചു നിന്നു. യഥാർത്ഥ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ,തന്‍റെ ഭാവന കൂടി ചേർത്ത മഹേഷ് നാരായണന്‍റെ പൊളിറ്റിക്കൽ ഡ്രാമ തന്നെയാണ് മാലിക്ക്. ദോലി പാട്ടിൻറെ സ്വാധീനമുള്ള പശ്ചാത്തലഗാനവും, കെ.എസ് ചിത്രയുടെ ആലാപനത്തിലുള്ള ചിത്രത്തിലെ ഗാനവും ഹൃദ്യമാണ്. സാനു വർഗീസിന്‍റെ ഛായാഗ്രഹണം മികവുറ്റതാണ്. ഫഹദ് എന്ന നടന്റെ അഭിനയ സാധ്യതകളെ കൂടുതൽ പുറത്തെത്തിച്ച സിനിമ കൂടിയാണ് മാലിക്. ന്യൂനപക്ഷ ജനതയുടെ മേല്‍ ഭരണകൂടത്തിന്‍റെ വേട്ടയെ കുടി സിനിമ ചർച്ചചെയ്യുന്നത്​.​ 

Tags:    
News Summary - Malik A political drama

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-18 06:01 GMT