ആരും ഒന്നും കാണുന്നതു പോലെയല്ല - 'ഒറ്റ്' റിവ്യൂ

ട്വിസ്റ്റോട് ട്വിസ്റ്റ്. ഒറ്റവാക്കിൽ പറഞ്ഞാൽ ഒരു കാഴ്ച്ചയിൽ ഉൾകൊള്ളാൻ എളുപ്പമല്ലാത്ത ചിത്രമാണ് ഒറ്റ്. ഒരു സസ്പെൻസ് ചുരുളഴിയും മുൻപെ മറ്റൊന്നു സംഭവിക്കുന്നു. എളുപ്പത്തിൽ ദഹിക്കാത്ത ആ രീതിയാണ് സംശയങ്ങൾ അവശേഷിപ്പിക്കുന്നത്. വലിയ പ്രതീക്ഷയുടെ ഭാണ്ഡവുമായി ടിക്കറ്റ് കീറിയാൽ കുറച്ചു പ്രയാസപ്പെടും.

ആദ്യമെ നെഗറ്റീവ് പറഞ്ഞ് തീർക്കാനുള്ള ശ്രമമല്ല. ഒരു പരീക്ഷണചിത്രമായി കണ്ടു കൈയടിക്കാവുന്ന ഒട്ടേറെ മുഹൂർത്തങ്ങൾ ഒറ്റ് സമ്മാനിക്കുന്നുണ്ട്. കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും റൊമാന്റിക്ക് ഹീറോകളുടെ മൂടുപടത്തിന് പുറത്താണ്. അതുതന്നെയാണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന ആകർഷണം. കണ്ടുശീലിച്ച ഭാവങ്ങൾ ഇരുവരുടെയും മുഖത്തില്ല. പ്രണയാർദ്രമായ മുഹൂർത്തങ്ങളും സീനുകളുമില്ല. ചാക്കോച്ചന്റെയും സ്വാമിയുടെയും അതി ഗംഭീര ആക്ഷൻ സീക്വൻസുകൾ അതിനെയെല്ലാം കടത്തി വെട്ടുന്നതാണ്.

കിച്ചുവിന്റെയും കല്യാണിയുടെയും ജീവിത സ്വപ്നങ്ങൾ പങ്കുവച്ചുകൊണ്ടാണ് ചിത്രം തിരശീല ഉയർത്തുന്നത്. തങ്ങളുടെ സ്വപ്നങ്ങളിലേക്ക് എളുപ്പമെത്താനുള്ള വഴിയായാണ് പുതിയ ദൗത്യങ്ങൾ ഏറ്റെടുക്കുന്നത്. തുടർന്നാണ് ഒട്ടേറെ പിൻ കഥകളുള്ള ഡേവിഡ് എന്ന മനുഷ്യനിലേക്ക് എത്തിപ്പെടുന്നത്. കാഴ്ച്ചയിലും പ്രവർത്തിയിലും സൗമ്യനായ ഒരാൾ. അവർ തമ്മിലുള്ള സൗഹൃദത്തിലാണ് ചിത്രത്തിന്റെ യാത്ര തുടങ്ങുന്നത്. പിന്നീടങ്ങോട്ട് കടന്നുപോയ വഴികളിലെ ഓരോ ട്വിസ്റ്റുകളും കഥയെ വ്യത്യസ്ത വഴികളിലേക്ക് തിരിച്ചു.


സ്വർണ്ണ കടത്തും തുടർന്നുണ്ടാകുന്ന ഗ്യാങ് വാറുകളുമാണ് ഒരു വലിയ യാത്രക്ക് തുടക്കം കുറിക്കുന്നത്. മുബൈ തെരുവുകളും നഗരങ്ങളും പിന്നിട്ടാണ് പല നാടുകളിലൂടെയുള്ള യാത്ര. ചാക്കോച്ചനും സ്വാമിയും തമ്മിലുള്ള കോമ്പിനേഷൻ അസാധ്യമയാണ് ചിത്രം അവതരിപ്പിക്കുന്നത്. അസാമാന്യ പ്രതിഭകളുടെ പകർന്നാട്ടമാണ് യാത്രയിൽ ഉടനീളം. ആ വഴികളിലൊക്കെ കഥാപാത്രങ്ങളുടെ ഓർമ്മകൾ പുതഞ്ഞു കിടക്കുന്നുണ്ട്. കഥ യഥാർത്ഥത്തിൽ തുടങ്ങുന്നതും അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതും യാത്രയിലാണ്.

വിരലിലെണ്ണാവുന്ന ചിത്രങ്ങളാണ് റോഡ് മൂവിക്ക് സമാനമായി മലയാളത്തിൽ വന്നത്. യാത്രയിൽ ഫ്ലാഷ് ബാക്ക് പറയുന്നത് അത്ര എളുപ്പവുമല്ല. കയറുപൊട്ടാതെ മുത്ത്‌ കോർക്കണം. അൽപ്പം മാറിപ്പോയാൽ നിലതെറ്റി കൂപ്പുകുത്താൻ സാധ്യത ഏറെയാണ്. അത്തരം ഇടത്തെല്ലാം ചാക്കോച്ചനും സ്വാമിയുമാണ് പ്രതിഭയുടെ ഇന്ധനം കൊണ്ടു മുന്നോട്ടു നയിച്ചത്.


നായകൻ വില്ലൻ സങ്കൽപ്പങ്ങളേയും ചിത്രം ഇടിച്ചിടുന്നുണ്ട്. ഇരുവരും നായകനായും വില്ലനായും ഇടകലർന്ന് വരുന്നതായി അനുഭവപ്പെടും. മലയാള സിനിമക്ക് ശീലമില്ലാത്ത ആക്ഷൻ രംഗങ്ങളും ചിത്രത്തെ വ്യത്യസ്തമാക്കുന്നു. ഞെട്ടിക്കുന്ന മെയ്വഴക്കത്തോടെയാണ് ചാക്കോച്ചൻ അത്തരം സീനുകളിൽ കയ്യടി വാങ്ങുന്നത്. പുതിയ കാലത്തിന്റെ വേഷവിധാനങ്ങളും എടുത്ത് പറയേണ്ടതാണ്.

ടി. പി ഫെല്ലിനിയാണ് യാത്രയുടെ വഴി തെറ്റാതെയാണ് സംവിധാനം ചെയ്തത്. അദ്ദേഹത്തിന്റെ മുൻ ചിത്രമായ തീവണ്ടിയുമായി പുലബന്ധമില്ലാത്ത ഒന്നാണ് ഒറ്റ്. എസ് സജീവിന്റേതാണ് തിരക്കഥ. മൂന്ന് ഭാഗങ്ങളുള്ള ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. ദാവൂദിന്റെയും അസൈനാരുടെയും ട്വിസ്റ്റുകൾ നിറഞ്ഞ കഥയുടെ ആരംഭമാകാം ഒന്നാം ഭാഗം. കണ്ടു തീർത്ത ട്വിസ്റ്റുകൾ ഒരുപക്ഷേ അപ്പോൾ വ്യക്തമാകും.

പശ്ചാത്തല സംഗീതം അതുൽ രാജ് കെന്നഡി മനോഹരമാക്കി. ഗൗതം ശങ്കറിന്റെ ക്യാമറയും എടുത്ത് പറയേണ്ടതുണ്ട്. യാത്രയുടെ സീക്വൻസുകൾ മുതൽ പ്രതിഭയുടെ ആഴം ഓരോ ഫ്രേമിലും പ്രതിഫലിച്ചു. അപ്പു എൻ ഭട്ടതിരിയിടെ എഡിറ്റിങ്ങും കഥയുടെ ചേർത്തു വപ്പിന് വഴിവച്ചു. ഇനി യഥാർത്ഥത്തിൽ ചുരുളഴിയാൻ പോകുന്ന സത്യങ്ങൾക്കായുള്ള കാത്തിരിപ്പാണ്. ഒറ്റുകാരൻ ആരെന്നുള്ള ഉത്തരം അവിടെയുണ്ടാകും.

Tags:    
News Summary - Kunchacko Boban And Aravind Swami's gangster Movie ,Malayalam Movie Ottu Review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-18 06:01 GMT