ചിന്തകളെ മാറ്റിയെഴുതുന്ന സിനിമാറ്റിക് എപിക്; ഒസേജ് ഇന്ത്യക്കാരുടെ ഉൻമൂലന കഥ പറഞ്ഞ് ‘കില്ലേഴ്സ് ഓഫ് ദ ഫ്ലവർ മൂൺ’

മൂന്നര മണിക്കൂർ വേറൊരു കാലഘട്ടത്തേക്ക് കൂട്ടികൊണ്ട് പോകുന്നൊരു സിനിമ. തിരക്കഥയും ആവിഷ്കാരവും ഒരു പോലെ മികച്ചതായപ്പോൾ പിറന്നത് അത്യുഗ്രനൊരു സൃഷ്ടി. മാർട്ടിൻ സ്‌കോർസെസി സംവിധാനം ചെയ്ത ‘കില്ലേഴ്സ് ഓഫ് ദ ഫ്ലവർ മൂൺ’ എന്ന ഹോളിവുഡ് സിനിമ കണ്ട് കഴിഞ്ഞാൽ കുറച്ചു സമയത്തേക്ക് നമ്മൾ ശരിക്കും അതിന്‍റെ ചുരുളുകൾക്കുള്ളിൽ തന്നെയാവും. സങ്കീർണമായൊരു കഥയെ വളരെ ലളിതമായും കൃത്യതയോടെയും പകർത്തിയപ്പോൾ പിറന്നത് കാഴ്ചകളുടെ വർണപ്രപഞ്ചം തന്നെയാണ്.

അമേരിക്കൽ മാധ്യമ പ്രവർത്തകൻ ഡേവിഡ് ഗ്രാനിന്‍റെ ‘കില്ലേഴ്സ് ഓഫ് ദ ഫ്ലവർ’ എന്ന രചനയെ അവലംബമാക്കിയാണ് സംവിധായകൻ അതേ പേരിൽ സിനിമയൊരുക്കിയത്. ടൈറ്റാനിക് നായകൻ ലിയനാഡോ ഡികാപ്രിയോ, റോബർട്ട് ഡി നീറോ, ലില്ലി ഗ്ലാഡ്‌സ്റ്റോൺ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങൾ. അഭിനയം കൊണ്ട് ഡികാപ്രിയോ ഒരുപടി മുന്നിൽ നിൽക്കുന്നെങ്കിലും സഹകഥാപാത്രങ്ങളുടെ മികവ് എടുത്തുപറയേണ്ടതാണ്.

ചരിത്രം ഇങ്ങനെ

20ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ ലോകത്തിലേറ്റവും കൂടുതൽ ആളോഹരി വരുമാനമുള്ള ജനതയായിരുന്നു അമേരിക്കയിലെ ആദിമവാസികളായ ഒസേജ് ഇന്ത്യക്കാർ. ഓക്‌ലഹോമ സംസ്ഥാനത്തെ ഒസേജ് നേഷൻ ട്രൈബൽ റിസർവേഷനിൽ നടമാടിയ വെള്ളക്കാരന്റെ പൈശാചികതയും അത്യാർത്തിയും പിന്നീട് ലോകത്തിലേറ്റവും കൂടുതൽ ആളോഹരി കൊലപാതകങ്ങൾ നടന്ന സമൂഹമാക്കി മാറ്റി. ആ നടുക്കുന്ന സംഭവങ്ങളിലൂടെയുള്ള യാത്രയാണ് സിനിമ വിവരക്കുന്നത്. അമേരിക്കൻ സമൂഹത്തിന്റെ ഓർമയിൽ നിന്നു മനപൂർവം മായ്ച്ചുകളഞ്ഞ, പല സ്കൂളുകളിലും ഇന്നും പഠിപ്പിക്കാൻ വിലക്കുള്ള ഭീകരവാഴ്ചയുടെ ആ കാലഘട്ടത്തെ വിവരിക്കുന്ന ഡേവിഡിന്റെ പുസ്തകം 25 ലക്ഷം കോപ്പികളാണ് വിറ്റഴിക്കപ്പെട്ടത്.

അമേരിക്കയിലെ മിസിസിപ്പി, ഒഹായോ നദീതീരങ്ങളിൽ കാട്ടുപോത്തുകളെ വേട്ടയാടിയും കൃഷി ചെയ്തും സമൂഹജീവിതം നയിച്ചിരുന്ന ആദിമവംശജരാണ് ഒസേജ് ഇന്ത്യക്കാർ. വെള്ളക്കാരുടെ അധിനിവേശത്തിന്റെ ഫലമായി വാസസ്ഥാനം നഷ്ടമായ അവർ 1870ൽ ഇന്നത്തെ ഓക്‌ലഹോമ സംസ്ഥാനത്തിന്റെ വടക്കുകിഴക്കൻ മേഖലയിലെ തരിശുഭൂമിയിൽ എത്തപ്പെട്ടു. അവിടെ 15 ലക്ഷം ഏക്കർ ഒസേജുകാർ വിലകൊടുത്തു വാങ്ങി. ഒസേജ് ഗോത്രത്തിലെ ഓരോ അംഗത്തിനും 657 ഏക്കർ വീതം ഭൂമി യു.എസ് സർക്കാർ അവകാശമായി നൽകി. 1906ലെ ഒസേജ് സെറ്റിൽമെന്റ് ആക്ട് പ്രകാരം 2,229 ഒസേജ് വംശജർക്ക് ഭൂമി ലഭിച്ചു. ഈ ഭൂമിയിലുള്ള സകല ധാതു, പെട്രോളിയം നിക്ഷേപങ്ങളുടെയും അവകാശം എന്നും ഒസേജുകൾക്കായിരിക്കും എന്ന ഒരു വ്യവസ്ഥ ഗോത്രത്തലവൻമാർ അമേരിക്കൻ സർക്കാരിനെക്കൊണ്ടു സമ്മതിപ്പിച്ചു. അതിദരിദ്രരായിരുന്ന ഒസേജ് വംശജർ തങ്ങളുടെ ഭൂമിയിൽ പെട്രോളിയം നിക്ഷേപം കണ്ടെത്തിയതോടെ പെട്ടെന്ന് ലോകത്തിലെ ഏറ്റവും സമ്പന്നരായി മാറി.

എണ്ണയുൽപാദനത്തിൽ നിന്നു ലഭിച്ച ലാഭത്തിന്റെ ഒരു പങ്ക് റോയൽറ്റിയായി സ്ഥലമുടമകളായ ഒസേജുകളുടെ പക്കലെത്തി. ഈ അപ്രതീക്ഷിത സമ്പത്ത് ഒസേജ് ഇന്ത്യക്കാരുടെ ജീവിതരീതി തന്നെ മാറ്റിമറിച്ചു. മിക്കവരും വലിയ ബംഗ്ലാവുകളിലേക്കു താമസം മാറ്റി. അന്നത്തെ ഏറ്റവും വിലകൂടിയ കാറുകൾ വാങ്ങി. യൂറോപ്പിലേക്കും മറ്റും വിനോദയാത്രകൾ നടത്തി. മക്കളെ വലിയ അമേരിക്കൻ നഗരങ്ങളിലെയും യൂറോപ്പിലെയും ഉന്നത വിദ്യാലയങ്ങളിലയച്ചു പഠിപ്പിച്ചു. ഒസേജ് ബംഗ്ലാവുകളിൽ വീട്ടുജോലിക്കാരായി നിന്നിരുന്നത് വെള്ളക്കാരായിരുന്നുവെന്നതു ചരിത്രത്തിന്റെ മറ്റൊരു കാവ്യനീതി കൂടിയായി. ഒപ്പം ഒസേജ് വംശജരുടെ മനസ്സിൽ നിന്ന് ഇന്നും മായാതെ അവശേഷിക്കുന്ന ഭീകരതയുടെ വാഴ്ചക്കും തുടക്കമായി.

ഓസ്കാറിലേക്കോ?

സമയ ദൈർഘ്യം വലുതാണെങ്കിലും ഓരോ ബീറ്റിലും തിരക്കഥയെ മികവുറ്റതാക്കി ചിത്രീകരിച്ചതിനാൽ ഒരു മിനിറ്റ് പോലും ബോറഡി തോന്നില്ല. ഓസ്കാർ പുരസ്കാരത്തിനുള്ള സാധ്യതയും ചലച്ചിത്ര ലോകം കൽപ്പിക്കുന്നുണ്ട്. സംവിധാനം, തിരക്കഥ, അഭിനയം, എഡിറ്റിങ്, ഛായാഗ്രഹണം, സംഗീതം എന്നിവക്കൊക്കെയും ഓസ്കാർ നൽകിയാൽ തെറ്റ് പറയാനാവില്ല. 2023 മേയ് 20ന് 76ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദർശിപ്പിച്ചു. ഒക്ടോബർ 20ന് യു.എസിൽ റിലീസ് ചെയ്തു. നിലവിൽ ആപ്പിൾ ടി.വിയിലും ആമസോൺ പ്രൈമിലും സിനിമ ആസ്വദിക്കാം.

Tags:    
News Summary - Killers of the Flower Moon review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-18 06:01 GMT