സോഷ്യൽ മീഡിയ അപ്രത്യക്ഷമായാൽ!

ഒരുവേള സമൂഹ മാധ്യമങ്ങൾ ഭൂലോകത്തുനിന്ന് അപ്രത്യക്ഷമായാൽ എന്താവും സ്ഥിതി? സമൂഹ മാധ്യമങ്ങൾ അത്രമേൽ സ്വാധീനം ചെലുത്തിയ ഈ കാലത്ത് ഇങ്ങനെയൊരു ചോദ്യവുമായെത്തുന്ന സിനിമക്ക് ഏറെ പ്രധാന്യമുണ്ട്. മൂന്ന് സുഹൃത്തുക്കൾ അവരുടെ ജീവിതം, ബന്ധങ്ങൾ, കരിയർ എന്നിവയിലൂടെ സഞ്ചരിക്കുന്നതും മുംബൈ എന്ന മഹാനഗര ജീവിതത്തിലെ തിരക്കുകളെ കൃത്യമായി അടയാളപ്പെടുത്തുന്നതുമായ ഹിന്ദി ചിത്രമാണ് ‘ഖോ ഗയേ ഹം കഹാൻ’. റിയലും റീലും തമ്മിലുള്ള അകലം അപകടകരമാം വിധം കുറഞ്ഞുവന്ന ഈ കാലത്ത് ആളുകൾ സോഷ്യൽ മീഡിയ അപ്ഡേറ്റുകൾ പരിശോധിക്കാത്ത ഒരുദിനം പോലുമുണ്ടാവില്ല. ചെയ്യുന്ന ജോലി ഒരിക്കലെങ്കിലും ഫോണിലെ മെസേജ് വായിക്കാതെ പൂർത്തിയാക്കാൻ സാധിക്കുകയെന്നത് ഇന്ന് വലിയൊരു സാഹസമാണ്.

അഹാന (അനന്യ പാണ്ഡെ), ഇമാദ് (സിദ്ധാന്ത് ചതുർവേദി), നീൽ (ആദർശ് ഗൗരവ്) എന്നീ മൂന്ന് സുഹൃത്തുക്കളെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. ഇമാദ് ഒരു സ്റ്റാൻഡ് അപ്പ് കോമേഡിയനാണ്. നീൽ ഒരു ജിം ഇൻസ്ട്രക്ടറും. തങ്ങളുടെ തൊഴിൽ എങ്ങനെ വികസിപ്പിക്കാമെന്ന ചിന്തയിലാണ് ഇവർ. മറുവശത്ത്, എം.ബി.എ ബിരുദധാരിയായ അഹാന ഒരു ബന്ധത്തിൽപെട്ട് പ്രശ്‌നത്തിലകപ്പെടുന്നു. ഈ മൂവർ സംഘത്തിന്‍റെ ജീവിതത്തിൽ എന്ത് സംഭവിക്കുന്നു എന്നതാണ് സിനിമയുടെ ബാക്കി ഭാഗം.

ന്യൂജെൻ ആളുകളെ ലക്ഷ്യമിട്ട് ചെയ്ത സിനിമയാണെങ്കിലും സോഷ്യൽ മീഡിയ അഡിക്റ്റഡായ എല്ലാവർക്കും സിനിമ ആസ്വാദ്യകരമായേക്കാം. ദിവസം മുഴുവൻ മൊബൈൽ സ്‌ക്രീനുകളിൽ ഒട്ടിപ്പിടിക്കുന്നതിനെക്കാൾ പ്രിയപ്പെട്ടവരുമായി ചെലവഴിക്കാൻ കിട്ടുന്ന സമയം എത്രമാത്രം ഉപയോഗയുക്തമാക്കാമെന്ന കാര്യം ചിത്രം മുന്നോട്ടുവെക്കുന്നു. സിനിമ മുന്നോട്ടുപോകവെ അലസമായി പോകുന്നു എന്ന തോന്നലുണ്ടാകുമ്പോൾ ആ നിമിഷംതന്നെ സുഹൃത്തുക്കൾക്കിടയിലുണ്ടാകുന്ന സംഘർഷവും വഴക്കുമെല്ലാം ബോറഡി തോന്നാതെ പിടിച്ചിരുത്തും.

അനന്യ പാണ്ഡെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സിദ്ധാന്ത് ചതുർവേദിയും ആദർശ് ഗൗരവും അവരവരുടെ വേഷങ്ങൾ ഗംഭീരമാക്കി. സ്‌ക്രീൻ സമയം കുറവാണെങ്കിലും, കൽക്കി കൊച്ച്‌ലിനും തന്‍റേതായ അടയാളം സിനിമയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ആശയവും കഥയും വളരെ മികച്ചതാണെങ്കിലും പതിഞ്ഞ താളം പിറകോട്ട് വലിക്കുന്നു. പ്രത്യേകിച്ച് ആദ്യ മണിക്കൂർ. ചിലയിടങ്ങളിൽ എഡിറ്റിങ് പോരായ്മകളും ശ്രദ്ധയിൽപെട്ടേക്കാം. സിനിമയുടെ പ്രമേയവുമായി ഇഴചേരുന്നതാണ് പഞ്ചാത്തല സംഗീതം. തനയ് സതമിന്റെ ഛായാഗ്രഹണവും പ്രൊഡക്ഷൻ ഡിസൈനും എടുത്തുപറയേണ്ടതാണ്. തന്‍റെ ആദ്യ ചിത്രത്തിലൂടെതന്നെ സംവിധായകൻ അർജുൻ വരൈൻ സിങ് വരവറിയിച്ചിട്ടുണ്ട്. 2023 ഡിസംബർ അവസാനത്തിൽ പുറത്തിറങ്ങിയ ചിത്രം നെറ്റ്ഫ്ലിക്സിൽ ആസ്വദിക്കാം.

Tags:    
News Summary - Kho Gaye Hum Kahan- movie review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-18 06:01 GMT