ബോക്സോഫീസ് തൂഫാൻ; ഇനി റോക്കി ഭായ് ഭരിക്കും...

കോലാർ ഗോൾഡ് ഫീൽഡ്സ് അഥവാ കെ.ജി.എഫിനെ അടിസ്ഥാനമാക്കി 2018ൽ പ്രശാന്ത് നീൽ സംവിധാനം ചെയ്ത റോക്കിങ് സ്റ്റാർ യാഷ് നായകനായ കെ.ജി.എഫ് ബോക്സ് ഓഫീസുകളെ ഇളക്കിമറിച്ചു എന്നതിൽ തർക്കമില്ല. കർണാടകയിൽ മാത്രമല്ല, കേരളത്തിലേയും തമിഴ്നാട്ടിലേയും ബോളിവുഡിലേയും വരെ ബോക്സോഫീസിന് ഇളക്കംതട്ടിക്കാൻ കെ.ജി.എഫിന് കഴിഞ്ഞു.


1951ൽ കോലാറിൽ സ്വർണനിക്ഷേപം കണ്ടുപിടിക്കപ്പെട്ട ദിവസം ജനിച്ച ഒരു കുട്ടിയുടെ ജീവിതവും അവൻ കെ.ജി.എഫിലേക്ക് എത്തുന്നതുമായിരുന്നു ചിത്രത്തിന്റെ പ്രമേയം. റോക്കി എന്ന ബോംബൈ അധോലോക നേതാവിന്റെ കഥയായിരുന്നു കെ.ജി.എഫ്. ഉന്നത നിലവാരത്തിലുള്ള ദൃശ്യപരിചരണവും മികവുറ്റ വി.എഫ്എക്സും അത്ഭുതപ്പെടുത്തുന്ന കലാസംവിധാനവും മികച്ച ആക്ഷനും കൊണ്ടെല്ലാം സിനിമ അന്ന് അഭിപ്രായങ്ങൾ വാരിക്കൂട്ടി.


കെ.ജി.എഫിനേയും റോക്കിയെയും അടിസ്ഥാനപ്പെടുത്തി തന്നെയാണ് ഇത്തവണ കെ.ജി.എഫ് ചാപ്റ്റർ 2 എത്തിയിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ് കേരളത്തിൽ കെ ജി എഫ് ചാപ്റ്റർ 2 വിതരണത്തിന് എത്തിക്കുന്നത്. ഇത്തവണ കഥ തുടങ്ങുന്നത് റോക്കിയുടെ നേട്ടങ്ങളിൽ നിന്നാണ്. ആയിരക്കണക്കിന് അടിമതൊഴിലാളികളുടെ ഇടയിലേക്ക് അവരിലൊരാളായെത്തിയ റോക്കി കെ.ജി.എഫിന്റെ അധിപനായി മാറുന്നതോടെ അയാൾക്ക് എതിരാളികൾ വർധിക്കുന്നു. ഗരുഡയെന്ന എതിരാളിയെ ഇല്ലാതാക്കിയ റോക്കിയുടെ കഥ പറയുന്ന ആദ്യഭാഗത്തെക്കാൾ ശക്തമാണ് രണ്ടാം ഭാഗമായ ചാപ്റ്റർ 2. ഇത്തവണ റോക്കിയുടെ മുമ്പിലെ പ്രധാന വെല്ലുവിളി അധീരയാണ്. അതോടൊപ്പം രാജ്യത്തെ സർക്കാറിനെ കൂടി അയാൾക്ക് നേരിടേണ്ടി വരുന്നു.


റോക്കി എതിരാളികളുമായി നടത്തുന്ന പോരാട്ടങ്ങൾ തന്നെയാണ് ഈ സിനിമ. ആ പ്രമേയം പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന തരത്തിൽ മാസ് രംഗങ്ങളിലൂടെ ഒരുക്കിയിരിക്കുന്നു. കമാൽ, രാജേന്ദ്ര ദേശായി, ഗുരു പാണ്ഡ്യൻ, ആൻഡ്രൂസ്, പ്രധാന മന്ത്രി രാമിക സെൻ, അധീര എന്നിവർ ശത്രുപക്ഷത്ത് നിറഞ്ഞു നിൽക്കുമ്പോൾ അവർക്കെതിരെയുള്ള റോക്കിയുടെ പോരാട്ടങ്ങൾ ത്രില്ലടിപ്പിക്കുന്നതാണ്.


ആദ്യഭാഗത്തേക്കാൾ മികച്ചതും, മാസ് - സംഘട്ടന രംഗങ്ങൾ കൊണ്ട് ഒരു പടി മുകളിൽ നിൽക്കുന്നതുമാണ് രണ്ടാം ഭാഗം. സാങ്കേതിക മികവിന്റെ കാര്യത്തിലും രണ്ടാം ഭാ​ഗം ഏറെ മുന്നിലാണ്. യാഷ് അവതരിപ്പിച്ച റോക്കിയോളം തന്നെ എടുത്തു പറയേണ്ട കഥാപാത്രമാണ് സഞ്ജയ് ദത്തിന്റെ 'അധീര' എന്ന കഥാപാത്രവും. പ്രധാനമന്ത്രിയായ രാമിക സെൻ എന്ന കഥാപാത്രമായി എത്തിയ രവീണ ടണ്ഡനും ഗംഭീര പ്രകടനമാണ് കാഴ്ച വച്ചത്. നായികയായ ശ്രീനിധി ഷെട്ടി തന്റെ ഭാ​ഗം മികച്ചതാക്കി. റോക്കിയുടെ പ്രണയത്തെ അതിഭാവുകത്വമില്ലാത്ത രീതിയിലാണ് അവതരിപ്പിച്ചത് എന്ന് എടുത്തുപറയേണ്ടതാണ്. ആദ്യഭാഗത്തിൽ കഥ പറയുന്നത് ആനന്ദ് നാഗ് ആണെങ്കിൽ രണ്ടാം ഭാഗത്തിൽ കഥ പറയുന്നത് പ്രകാശ് രാജാണ്. ഒരു പരിധിവരെ ആനന്ദിന്റെ വിടവ് നികത്താൻ പ്രകാശ് രാജിന്റെ അഭിനയം കൊണ്ട് സാധിക്കുന്നുമുണ്ട്.


കെ.ജി.എഫ് ചാപ്റ്റർ 2 തുറന്നിടുന്ന കെ.ജി.എഫ് ചാപ്റ്റർ 3 എന്ന സാധ്യതയെ വിട്ടുകളയാൻ പ്രേക്ഷകർക്കാവില്ല. റോക്കിയുടെയും കെ.ജി.എഫ് എന്ന സാമ്രാജ്യത്തിന്റെയും അവസാനത്തിലൂടെ ഒരു കൊച്ചു ഗ്രാമത്തിലെ 'ഒരമ്മയുടെ പിടിവാശിയുടെ കഥ'യായി ചാപ്റ്റർ 2 പറഞ്ഞവസാനിപ്പിക്കുമ്പോഴും ചാപ്റ്റർ 3 എവിടെ നിന്ന് തുടങ്ങും എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.

Tags:    
News Summary - KGF Chapter 2 Review, KGF Chapter 2,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-18 06:01 GMT