ചിരിക്കൂട്ടിൽ പിറന്ന 'കേശു'-റിവ്യു

ദിലീപ്​-നാദിർഷ കൂട്ടുകെട്ട്​ എന്നും വിജയമായിട്ടുണ്ട്​​. കേരളത്തെ ചിരിപ്പിച്ച 'ദേ, മാവേലി കൊമ്പത്ത്​' എന്ന കാസറ്റ്​ പരമ്പരകളിലൂടെ അത്​ തെളിയിക്കപ്പെട്ടതാണ്​. നാദിർഷ ഓരോ സിനിമ പ്രഖ്യാപിക്കുമ്പോഴും മലയാളികൾ ആദ്യം നോക്കിയിരുന്നത്​ നായകൻ ദിലീപ്​ ആണോ എന്നായിരുന്നു. ഇരുവരുടെയും കൂട്ടുകെട്ട്​ വെച്ചുനോക്കുമ്പോൾ നാദിർഷയുടെ ആദ്യ സിനിമയിൽ തന്നെ ദിലീപ്​ നായകനാകും എന്നാണ്​ എല്ലാവരും കരുതിയിരുന്നത്​. എന്നാൽ അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ, മേരാ നാം ഷാജി എന്നീ സിനിമകൾക്ക് 'കേശു ഈ വീടിന്‍റെ നാഥൻ' എത്തേണ്ടി വന്നു ദിലീപ്​-നാദിർഷ കൂട്ടുകെട്ടിൽ ഒരു സിനിമ ജനിക്കാൻ. പ്രതീക്ഷ തെറ്റിയുമില്ല. ചിരിയുടെ കൂട്ടുകെട്ടിൽ പിറന്നത്​ മുഴുനീള എന്‍റർടെയ്​നർ തന്നെ.

ദിലീപിന്‍റെ മേക്കോവർ തന്നെയാണ്​ സിനിമയുടെ ആദ്യ ആകർഷണം. പിന്നെ ദിലീപ്​-ഉർവശി കോമ്പിനേഷനും. ഇവർക്കൊപ്പം മലയാളത്തിലെ ഒരുപിടി നല്ല ഹാസ്യതാരങ്ങളുടെ പ്രകടനം കൂടി ​ചേർന്നപ്പോൾ വീട്ടകങ്ങളിൽ ചിരിയുടെ അലമാലകൾ തീർക്കാൻ 'കേശു'വിന്​ കഴിഞ്ഞിട്ടുണ്ട്​. 67കാരനും അറുപിശുക്കനുമായ കേശുവിന്‍റെ ജീവിതത്തിലെ ചില അനുഭവങ്ങൾ ചേർത്തുവെച്ചാണ്​ ഈ ഫാമിലി എന്‍റർടെയ്​നർ നാദിർഷയും തിരക്കഥാകൃത്ത്​ സജീവ്​ പാഴൂരും ഒരുക്കിയിരിക്കുന്നത്​. കമ്മാരസംഭവത്തിലും കല്യാണരാമനിലും പ്രായമായ ഗെറ്റപ്പിൽ മുമ്പ്​ വന്നിട്ടുണ്ടെങ്കിലും കുടവയറൻ 'കേശു'വിനെ തികച്ചും വ്യത്യസ്തമാക്കാൻ ദിലീപിന്​ കഴിഞ്ഞിട്ടുണ്ട്​. ശരീരഭാഷയിലും ശബ്​ദത്തിലുമെല്ലാം കഥാപാത്രത്തോട്​ നീതി പുലർത്താൻ ദിലീപിനായി. ഇതിനോട്​ കിടപിടിക്കുന്ന പ്രകടനവുമായി ഉർവശി കൂടി എത്തുന്നതോടെ പ്രേക്ഷകർ ചിരിയുടെ ലോകത്ത്​ എത്തിപ്പെടുകയും ചെയ്യുന്നു. ദിലീപും ഉർവശിയും ആദ്യമായി ജോഡിയായി അഭിനയിച്ചപ്പോൾ നല്ലൊരു കെമിസ്ട്രി അവർക്കിടയിൽ വർക്കൗട്ട് ആയി എന്നത്​ പ്രത്യേകം എടുത്തുപറയേണ്ട കാര്യമാണ്​.


അത്യാവശ്യം പിശുക്കും കുടുംബ പ്രാരാബ്​ധവുമൊക്കെയുള്ള കേശു ഒരു ഡ്രൈവിങ്​ സ്‌കൂൾ നടത്തിപ്പുകാരനാണ്​. അമ്മയും ഭാര്യ രത്നമ്മയും രണ്ടു മക്കളും അടങ്ങുന്ന കേശുവിന്‍റെ കുടുംബത്തിലേക്ക് എന്നും ഓരോ ആവശ്യങ്ങളുമായി മൂന്നു പെങ്ങന്മാരും അവരുടെ ഭർത്താക്കന്മാരും എത്തുന്നുണ്ട്​. സ്ഥലത്തിന്‍റെ വീതംവെപ്പ് പറഞ്ഞാണ്​ അവർ അയാളെ ബുദ്ധിമുട്ടിക്കുന്നത്​. അമ്മയുടെ ആഗ്രഹവും നിർബന്ധവും കാരണം അച്​ഛന്‍റെ ചിതാഭസ്മം രാമേശ്വരത്ത്​ നിമജ്ജനം ചെയ്യാൻ അവർ തീരുമാനിക്കുന്നു.

അതിനുവേണ്ടി കേശുവും കുടുംബാംഗങ്ങളും ചേർന്നു നടത്തുന്ന യാത്രയിലാണ്​ കഥ വികസിക്കുന്നത്​. യാത്രാമധ്യേ കേശുവിന് 12 കോടി രൂപ ലോട്ടറിയടിച്ചെന്ന വാർത്ത നാട്ടിൽ നിന്ന്​ വരുന്നു. ഇത്​ ഒപ്പമുള്ള ബന്ധുക്കൾ അറിയുന്നതിന് മുമ്പേ വീടിനുള്ളിൽ വെച്ചിട്ട് പോയ ആ ലോട്ടറി ടിക്കറ്റ് എത്രയും പെട്ടെന്ന് കണ്ടെത്തി ലോട്ടറിത്തുക കൈപ്പറ്റാനായി കേശുവും കുടുംബവും നടത്തുന്ന ശ്രമങ്ങളും അതിനെ ചുറ്റിപ്പറ്റിയുണ്ടാകുന്ന നർമ്മങ്ങളുമാണ്​ സിനിമ പറയുന്നത്​.


സഹതാരങ്ങളായ കലാഭവൻ ഷാജോൺ, കോട്ടയം നസീർ, ജാഫർ ഇടുക്കി, ഹരിശ്രീ അശോകൻ, ഹരീഷ്​ കണാരൻ, സീമാ ജി. നായർ, വത്സല മേനോൻ, നസ്ലിൻ കെ. ഗഫൂർ, വൈഷ്ണവി വേണുഗോപാൽ, റിയാസ് നർമ്മകല, സ്വാസിക, പ്രിയങ്ക, ഷൈനി സാറാ, ആതിര, നേഹ റോസ് തുടങ്ങിയ ഒരു നീണ്ടനിര തന്നെ ഉണ്ട് ഈ സിനിമയിൽ. പലപ്പോഴും ലളിതമായി പറയേണ്ട ചില കാര്യങ്ങളെ അനാവശ്യമായി നീട്ടി പറയാൻ ശ്രമിച്ചു എന്നത്​ തിരക്കഥയിലെ ഒരു പോരായ്മയായി ചൂണ്ടിക്കാണിക്കാനാകും.

ഛായാഗ്രഹണം അനിൽ നായരും എഡിറ്റിങ്​ സാജനും നിർവഹിച്ചിരിക്കുന്നു. നാദിർഷ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് വരികൾ എഴുതിയിരിക്കുന്നത് ഹരിനാരായണനാണ്. പശ്​ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്​ ബിജിബാലും. ചിരിക്കാൻ ആഗ്രഹിക്കുന്നവർക്ക് പുതുവത്സരത്തിൽ കുടുംബസമേതം കണ്ടിരിക്കാവുന്ന ഒരു എന്‍റർടെയ്​നർ തന്നെയാണ്​ ഒ.ടി.ടി പ്ലാറ്റ്ഫോമായ ഡിസ്നി ഹോട്ട്സ്റ്റാർ റിലീസ്​ ചെയ്തിരിക്കുന്നത്​. 

Full View


Tags:    
News Summary - Keshu ee veedinte nadhan: A simple domestic comedy from Dileep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-18 06:01 GMT