'കാണെക്കാണെ' വൈകാരികമായി അടുക്കും, ഈ സിനിമയോട്

ഇമോഷൻസ് നായകനും വില്ലനുമായ സിനിമ - മനു അശോകൻ സംവിധാനം ചെയ്ത 'കാണെക്കാണെ'യെ ഒറ്റവാക്കിൽ ഇങ്ങിനെ വിശേഷിപ്പിക്കാം. കുറ്റാന്വേഷണത്തിൻ്റെ മൂഡ്, ഫാമിലി ഡ്രാമയുടെ ഫീൽ എന്നിവ പകരുന്ന ഈ സിനിമയോട് കാണെക്കാണെ വൈകാരികമായി അടുക്കുകയും ചെയ്യും പ്രേക്ഷകൻ. കാരണം, പ്രമേയത്തിലെ കുറ്റകൃത്യത്തിൻ്റെ ത്രില്ലിനൊപ്പമല്ല, കഥാപാത്രങ്ങളുടെ മാനസിക സംഘർഷങ്ങൾക്കൊപ്പാകും പ്രേക്ഷകൻ സഞ്ചരിക്കുകയെന്നത് തന്നെ. പോൾ മത്തായി എന്ന അച്ഛനായെത്തുന്ന സുരാജ് വെഞ്ഞാറമൂടും അലൻ എന്ന മരുമകനായെത്തുന്ന ടോവിനോ തോമസുമാണ് സിനിമയുടെ പ്രധാന ആകർഷണം. ഇവർ തമ്മിലുള്ള സംഘർഷത്തെ ഉദ്വേഗം ചോരാതെ മുന്നോട്ട് കൊണ്ടുപോകുന്ന ബോബി- സഞ്ജയ്മാരുടെ തിരക്കഥയും അതിലെ നിശബ്ദത പോലും ഫീൽ ചെയ്യിക്കുന്ന മനു അശോകൻ്റെ സംവിധാനവും കയ്യടി അർഹിക്കുന്നു.


'ഉയരെ' സിനിമക്ക് ശേഷം മനു അശോകൻ്റെ സംവിധാനത്തിൽ ടോവിനോ നായകനാകുന്ന ചിത്രം, 'മായാനദി'ക്ക് ശേഷം ടോവിനോ-ഐശ്വര്യ ലക്ഷ്മി എന്നിവർ ഒന്നിക്കുന്ന ചിത്രം തുടങ്ങിയ പ്രത്യേകതകളോടെയാണ് 'കാണെക്കാണെ'യുമായി സോണി ലൈവ് മലയാള സിനിമയിലേക്ക് ആദ്യ ചുവടുവെപ്പ് നടത്തിയിരിക്കുന്നത്. മനുഷ്യബന്ധങ്ങളെ മുന്‍നിര്‍ത്തി വൈകാരിക തലങ്ങളിലൂടെ കഥ പറഞ്ഞു പോകുന്ന ഒരു ഇമോഷണൽ ഡ്രാമയാണിത്. കുടുംബപശ്ചാത്തലത്തിലൂടെ കഥ പറഞ്ഞ് പ്രേക്ഷകരുടെ ഹൃദയത്തിനുള്ളിലൂടെ സഞ്ചരിക്കുന്ന സിനിമ, മനുഷ്യ ബന്ധങ്ങളെക്കുറിച്ചു ചിന്തിപ്പിക്കുന്ന ഒന്ന് കൂടിയാണ്. വിഷയം കൊണ്ട് പുതുമയൊന്നും അവകാശപ്പെടാൻ ഇല്ലെങ്കിലും ആഖ്യാനം കൊണ്ട് വ്യത്യസ്തത പുലർത്താനുള്ള ശ്രമം വിജയിച്ചിട്ടുണ്ട്.

മരുമകൻ അലന്റെ വീട്ടിലേക്ക് കയറി ചെല്ലുന്ന ഡെപ്യൂട്ടി തഹസിൽദാർ ആയ പോളിന് അലന്റെ ഭാര്യയായ സ്നേഹയെ അഭിമുഖീകരിക്കാൻ ബുദ്ധിമുട്ടുണ്ട്. അവൾ അയാളെ പപ്പ എന്നാണ് വിളിക്കുന്നതെങ്കിൽ കൂടിയും ഒരു അച്ഛൻ-മകൾ ബന്ധത്തിന്റേതായ യാതൊരുവിധ സാധ്യതകളും അവർ തമ്മിലുള്ള നോട്ടങ്ങളിലോ ഭാവങ്ങളിലോ കണ്ടെത്താൻ പ്രേക്ഷകർക്ക് സാധിക്കുന്നുമില്ല. അധികം വൈകാതെ ഈ സംശയങ്ങൾക്കുള്ള ഉത്തരവും ലഭിക്കുന്നുണ്ട്. പോളിന്റെ മകൾ ഷെറിന്റെ ഭർത്താവായ അലൻ്റെ രണ്ടാം ഭാര്യയാണ് സ്‌നേഹ. സ്വന്തം മകൾ മരിച്ച ഒരച്ഛന് മരുമകന്റെ പുതിയ ഭാര്യയോട് അത്ര എളുപ്പത്തിൽ പൊരുത്തപ്പെടാൻ സാധിക്കാത്തതിന്റെതായ എല്ലാവിധ പ്രശ്നങ്ങളും പോളിനുമുണ്ട്. അതോടൊപ്പം മകളുടെ വിയോഗം അയാളിൽ ഉണ്ടാക്കിയ മാനസിക ആഘാതം വലുതുമാണ്. മകളുടെ ഒരേ ഒരു മകൻ കുട്ടു ഇപ്പോൾ ജീവിക്കുന്നത് അലനും സ്നേഹക്കും ഒപ്പമാണ്. മരുമകനെയും കുട്ടുവിനെയും സന്ദർശിക്കാൻ ഇടക്കിടെ അവിടെയെത്തുന്ന പോളിൻ്റെ മനസിൽ ഉടലെടുക്കുന്ന ചില സംശയങ്ങളും അതിൻ്റെ ചുരുളുകള്‍ അഴിക്കാനുള്ള അയാളുടെ ശ്രമങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.


ഒരു വാഹനാപകടത്തിലാണ് ഷെറിൻ കൊല്ലപ്പെടുന്നത്. അവളെ ഇടിച്ചിട്ട് നിർത്താതെ പോയ ഡ്രൈവറെ കുറിച്ച് തൻ്റേതായ സംശയങ്ങള്‍ക്കുള്ള കൃത്യമായ ഉത്തരം കണ്ടെത്താന്‍ പോള്‍ നടത്തുന്ന യാത്രയാണ്‌ ഈ സിനിമ. സങ്കീര്‍ണമായ വൈകാരികതലങ്ങളാണ് ഓരോ കഥാപാത്രങ്ങളെയും ഈ യാത്രയിൽ മുന്നോട്ട് നയിക്കുന്നത്. ഒരു ചെറിയ ത്രെഡ് അതിന്റെ അന്തഃസത്ത ഒട്ടും ചോർന്നുപോകാത്ത വിധത്തിൽ കാച്ചിക്കുറുക്കി തന്നെയാണ് തിരക്കഥയിലൂടെ ബോബി-സഞ്ജയ് അവതരിപ്പിച്ചിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂടിന്റെ പോൾ എന്ന കഥാപാത്രമാണ് യഥാർഥത്തിൽ ഈ തിരക്കഥക്ക് ജീവൻ നൽകുന്നതും. ബാക്കിയുള്ള എല്ലാവർക്കും അയാളോടൊപ്പം വന്നുപോകേണ്ടുന്ന ആവശ്യമേ ഇവിടെയുള്ളു. 'ആൻഡ്രോയിഡ് കുഞ്ഞപ്പന്' ശേഷം സുരാജ് ചെയ്ത ഒരു മികച്ച അച്ഛൻ വേഷം തന്നെയാണ് പോൾ. അലൻ്റെ സംഘർഷങ്ങളും വെല്ലുവിളികളും ടോവിനോയുടെ കൈകളിൽ ഭദ്രമായി.


പ്രേം പ്രകാശ്, ഐശ്വര്യ ലക്ഷ്മി, ശ്രുതി രാമചന്ദ്രൻ, ബിനു പപ്പു, റോണി ഡേവിഡ് രാജ്, മാസ്റ്റർ അലോഖ് കൃഷ്ണ, ശ്രുതി ജയൻ, ധന്യ മേരി വർഗീസ് തുടങ്ങിയവരെല്ലാം അവരുടെ കഥാപാത്രങ്ങൾ മികച്ചതാക്കി. 'ഉയരെ' കഴിഞ്ഞൊരു സിനിമയിലെത്തുമ്പോൾ സംവിധായകനായുള്ള മനു അശോകൻ്റെ ഗ്രാഫ് മുകളിലേക്ക് തന്നെയാക്കുന്നതിൽ ആൽബിയുടെ കാമറയും രഞ്ജിൻ രാജിൻ്റെ സംഗീതവും അഭിലാഷിൻ്റെ എഡിറ്റിങും കട്ടക്ക് കൂടെ നിൽക്കുന്നുണ്ട്. വിനായക് ശശികുമാർ രചിച്ച് സിത്താര കൃഷ്ണകുമാറും ജി.വേണുഗോപാലും ആലപിച്ച ഗാനങ്ങളും കഥാഗതിയോട് ലയിച്ചു നിന്നു. ഡ്രീം കാച്ചർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ടി.ആർ. ഷംസുദ്ദീൻ ആണ് നിർമ്മാണം. കാണെക്കാണെ ഇഷ്ടപ്പെടുന്ന സ്ലോ പേസ് സിനിമകൾ ആസ്വദിക്കുന്നവർക്ക് വേണ്ട എല്ലാവിധ ചേരുവകളും അടങ്ങിയ സിനിമ തന്നെയാണ് 'കാണെക്കാണെ'.

Tags:    
News Summary - kaanekkaane malayalam movie review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-18 06:01 GMT