ഇതൊരു 'തല തിരിഞ്ഞ' കുടുംബചിത്രം -'ഫാലിമി' റിവ്യൂ

'ജാനേമൻ' 'ജയ ജയ ജയ ജയ ഹേ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ചിയേഴ്‌സ് എന്റർടെയിൻമെന്റ്സും സൂപ്പർ ഡ്യൂപ്പർ സിനിമയും ചേർന്ന് നിർമ്മിച്ച ചിത്രമാണ് ഫാലിമി. നവാഗതനായ നിതീഷ് സഹദേവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ ഒരു തല തിരിഞ്ഞ കുടുംബം തന്നെയാണ് 'ഫാലിമി'.

തിരുവനന്തപുരത്ത് നിന്നൊരു കുടുംബം വാരണാസിയിലേക്ക് നടത്തുന്ന യാത്രയും അതിനിടയിൽ നടക്കുന്ന രസകരവും ഹൃദ്യവുമായ സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. കുടുംബ പശ്ചാത്തലത്തിലൊരുക്കിയ കോമഡി എന്റര്‍ടെയ്‌നര്‍ ചിത്രം, ഒറ്റക്കൊരു യാത്ര പോകാനാഗ്രഹിക്കുന്ന ജനാർദ്ദനെന്ന 82 വയസ്സുകാരന്റെ ശ്രമങ്ങളിലൂടെയാണ് കഥ പറഞ്ഞു തുടങ്ങുന്നത്. വാരാണസിയിൽ ഒരിക്കലെങ്കിലും സന്ദര്‍ശിക്കണമെന്ന ജനാർദ്ദനന്റെ സ്വപ്നങ്ങൾക്ക് വിലങ്ങു നിൽക്കുന്നത് അയാളുടെ കുടുംബം തന്നെയാണ്. തിരിച്ചുവരുമെന്ന് പോലും യാതൊരു ഉറപ്പുമില്ലാത്ത ആ യാത്രയെ അയാളുടെ മക്കളും പേരക്കുട്ടികളും ഭയക്കുന്നതിന്റെ പ്രധാനകാരണം വാർദ്ധക്യകാലത്തുള്ള ജനാർദ്ദനന്റെ ശാരീരികാസ്വാസ്ഥ്യങ്ങളാണ്. ഒറ്റക്ക് പോകാനിരുന്ന വാരാണസി യാത്രയിൽ ജനാർദ്ദനനോടൊപ്പം അയാളുടെ മക്കളും പേരക്കുട്ടികളും ഉൾപ്പെടുന്നതോടെ ആ യാത്ര നർമ്മത്തിന്റെ ട്രാക്കിലേക്ക് മാറുന്നു.


ചന്ദ്രനെന്ന അച്ഛനായി ജഗദീഷും അനു ചന്ദ്രനെന്ന മകനായി ബേസില്‍ ജോസഫും എത്തുന്നെങ്കിലും ചിത്രത്തിലെ യഥാർഥ താരം ഇരുവരുമല്ല. അത് ജനാർദ്ദനനായി അഭിനയിച്ച മീനരാജ് പള്ളുരുത്തിയാണ്. വാർദ്ധക്യസഹജമായ പരാതികളും പയ്യാരം പറച്ചിലുകളുമില്ലാത്ത ജനാർദ്ദനൻ തന്നെയാണ് ചിത്രത്തിലെ സൂപ്പർ ഹീറോ. അതിഭാവുകത്വങ്ങളൊന്നുമില്ലാതെയാണ് അയാൾ തന്റെ കഥാപാത്രം ചെയ്തിരിക്കുന്നത്. പേരമകൻ അനു ചന്ദ്രനാകട്ടെ ഡിഗ്രി വിദ്യാഭ്യാസം പോലും പൂർത്തിയാക്കാത്ത, ഒരു ശരാശരി മിഡിൽ ക്ലാസ്സ്‌ മലയാളി പുരുഷന്റെ ജീവിത നൈരാശ്യങ്ങളെല്ലാം പേറുന്ന ഒരുത്തനും. പക്ഷേ അതിനും ഒരു നർമ്മത്തിന്റെ ചായിവുണ്ട്.

ഹോം സിനിമയിൽ ഇന്ദ്രന്‍സിന്റെ ഭാര്യയായ കുട്ടിയമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മഞ്ജു പിള്ളയുടെ അഭിനയ ജീവിതത്തിലെ കരിയർ ബ്രേക്ക് തന്നെയായിരുന്നു ആ കഥാപാത്രം. ആ കഥാപാത്രത്തിന്റെ തുടർച്ച തന്നെയാണ് ഫാലിമി സിനിമയിലെ മഞ്ജു പിള്ളയുടെ രമ എന്ന കഥാപാത്രവും. കോമഡിയും വൈകാരിക രംഗങ്ങളും ഒരേപോലെ വഴങ്ങുന്ന മഞ്ജുപിള്ള ആ കഥാപാത്രം മികച്ചതാക്കിയിട്ടുമുണ്ട്. ഗൃഹനാഥൻ എന്ന സ്ഥാനം നിലനിൽക്കുമ്പോഴും കുടുംബ ഉത്തരവാദിത്വങ്ങളിൽ നിന്നും മുഖം തിരിഞ്ഞു നടക്കുന്ന ചന്ദ്രന്റെയടക്കമുള്ള (ജഗദീഷ്) ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നത് രമയാണ്. അതിന്റെ സംഘർഷങ്ങളും അവശതകളും അവരിൽ പ്രകടവുമാണ്. ചുരുക്കിപ്പറഞ്ഞാൽ എല്ലാവർക്കും റിലേറ്റ് ചെയ്യാൻ പറ്റുന്ന സിനിമ തന്നെയാണ് ഫാലിമി.


ലോകത്തിൽ പത്ത് ശതമാനം മാത്രമേ പെർഫെക്ടായ ഫാമിലി കാണൂ. ബാക്കി 90 ശതമാനം പെർഫെക്ട് അല്ല.. പക്ഷെ അവസാനം ഒരാവശ്യം വന്നാൽ നമ്മളൊക്കെ പെർഫെക്റ്റായ ഫാമിലിയായി മാറും . അതാണ് ഈ സിനിമയും പറയുന്നത്. ബേസിൽ ജോസഫ്, മഞ്ജു പിള്ള, ജഗദീഷ്, മീനരാജ് പള്ളുരുത്തി, സന്ദീപ് പ്രദീപ് എന്നിവരുടെ ഗംഭീര പ്രകടനമാണ് ഫാലിമിയെ പ്രേക്ഷകരുമായി ചേർത്തു നിർത്തുന്നത്. അതിൽ പ്രത്യേകം എടുത്തു പറയേണ്ടതാണ് സന്ദീപ് പ്രദീപ് അവതരിപ്പിച്ച അനിയൻ കഥാപാത്രം. വളരെ രസകരമായ രീതിയിൽ തന്നെ സന്ദീപ് പ്രദീപ്‌ ആ കഥാപാത്രം ചെയ്തിട്ടുണ്ട്.

ആദ്യപകുതി അവസാനിക്കുന്നതോടെ ചിത്രം ഒരു റോഡ് മൂവി ഗണത്തിലേക്ക് മാറുന്നുവെങ്കിലും പ്രേക്ഷകർക്ക് യാതൊരുവിധ തടസ്സങ്ങളുമില്ലാതെ ചിത്രത്തോടൊപ്പം മുൻപോട്ട് സഞ്ചരിക്കുവാനാകുന്നുണ്ട്. നർമ്മത്തിലൂടെ മുന്നോട്ടുപോകുന്ന ചിത്രം ഇടക്ക് പ്രേക്ഷകരുടെ കണ്ണ് നനയിപ്പിക്കുന്നുമുണ്ട്. ആ യാത്രയെയെല്ലാം കൂടുതൽ മനോഹരമാക്കുന്നത് ബബ്‍ലു അജുവിന്റെ ക്യാമറയാണ്.വിഷ്ണു വിജയ്‌യുടെ സംഗീതം ചിത്രത്തെ മുൻപോട്ടു കൊണ്ടുപോകുന്നതിൽ നിർണായക പങ്കു വഹിക്കുന്നുണ്ട്. ആദ്യ രണ്ട് ചിത്രങ്ങളും ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചതിന് ശേഷമൊരുക്കിയ മൂന്നാം ചിത്രമായ ഫാലിമിയും ഹിറ്റിലേക്ക് കടക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ചെറിയൊരു കഥാതന്തു ആകർഷകമായ രീതിയിൽ പ്രേക്ഷകരിലേക്കെത്തിച്ചതിൽ സംവിധായകൻ നിതീഷ് സഹദേവ് വിജയിച്ചിരിക്കുന്നു. കുടുംബത്തോടൊപ്പമിരുന്ന് മനസ്സുതുറന്ന് ചിരിക്കാനാഗ്രഹിക്കുന്നവർക്ക് ഈ തലതിരിഞ്ഞ കുടുംബത്തെ കാണാം.

Tags:    
News Summary - Falimy movie review: Basil Joseph film is fun and funny

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-18 06:01 GMT