ആശങ്കയുടെ മുൾമുനയിൽ നിർത്തി 'എലി' - റിവ്യു

ജിനീഷ് കെ ജോയ് തിരക്കഥ രചിച്ച് രാഹുൽ ചക്രവർത്തി സംവിധാനം ചെയ്‌ത ഹ്രസ്വ ചിത്രമാണ് 'എലി'. സൈന മൂവീസിന്‍റെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് മുൻപിലെത്തിയ 'എലി'യിൽ ഭിന്നശേഷി പെൺകുട്ടികൾക്ക് നേരെ നടക്കുന്ന ലൈംഗിക അതിക്രമവും അതിനെതിരായുള്ള ചെറുത്തു നിൽപ്പുമാണ് പ്രമേയമാക്കിയിട്ടുള്ളത്.

സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ പീഡനം ഏറ്റുവാങ്ങേണ്ടി വരുന്നത് അവർക്ക് പരിചയമുള്ളവരിൽ നിന്ന് തന്നെയാകുമെന്നു പറയുന്നതുപോലെതന്നെയാണ് ഇവിടെ നിത്യ എന്ന ഭിന്നശേഷി പ്രശ്നമുള്ള പെൺകുട്ടിയുടെ ജീവിതത്തിലും സംഭവിക്കുന്നത്. നിത്യക്ക് കൂട്ടിനായുള്ളത് സഹോദരി സോഫി മാത്രമാണ്. സ്വന്തം ആവശ്യങ്ങൾ നിറവേറ്റാൻ പോലും പരസഹായം ആവശ്യമുള്ള പെൺകുട്ടിയാണ് നിത്യ. അവൾക്ക് സംസാരിക്കാൻ കഴിയില്ല. എന്നാൽ അവൾ നല്ലൊരു ആർട്ടിസ്റ്റാണ്. സ്വന്തം ജീവിതത്തിലെ സന്തോഷങ്ങൾ പോലും അനിയത്തിക്ക് വേണ്ടി മാറ്റിവെച്ചു ജീവിക്കുന്ന സോഫി ഏറെ കരുതലോടെയാണ് അവളെ വളർത്തുന്നത്. എന്നിട്ടും ഒരു സാഹചര്യത്തിൽ ഫ്ലാറ്റിനകത്ത് നിത്യ തനിച്ചാകേണ്ടി വരുമ്പോൾ ആ സൗകര്യം മുതലെടുത്തുകൊണ്ടാണ് തൊട്ടടുത്ത ഫ്ലാറ്റിലെ ചെറുപ്പക്കാരൻ നിത്യയെ പീഡിപ്പിക്കുന്നു. തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളും ഇതിനെ നിത്യയും സഹോദരി സോഫിയും എങ്ങനെ നേരിടുന്നുവെന്നാണ് ഹ്രസ്വചിത്രം പറയുന്നത്.

ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന ആളുകളോടുള്ള സമൂഹത്തിന്റെ മോശമായ മനോഭാവത്തെയും സംവിധായകൻ പ്രേക്ഷകർക്ക് മുൻപിൽ കാണിക്കുന്നുണ്ട്. ഭിന്നശേഷി പ്രശ്നങ്ങൾ അനുഭവിക്കുന്നവരെ ഏതെങ്കിലും ഒരു അനാഥാലയത്തിൽ കൊണ്ടുപോയി തള്ളിവിടാനാഗ്രഹിക്കുന്ന മനുഷ്യരെയും, സ്വന്തം സുഖസൗകര്യങ്ങളിൽ നിന്നും അവരെ ഒഴിവാക്കാൻ ശ്രമിക്കുന്ന മനുഷ്യരുടെ മനോഭാവത്തെയും സംവിധായകൻ കാണിക്കുന്നുണ്ട്. എന്നിരുന്നാലും ഭിന്നശേഷിക്കാർക്കെതിരെയുള്ള ബലാത്സംഗവും പീഡനവും വർധിക്കുന്ന കാലത്ത് കാലികപ്രസക്തമായിട്ടുള്ള വിഷയം തന്നെയാണ് എലിയിലൂടെ രാഹുൽ ചക്രവർത്തി പറയാൻ ശ്രമിച്ചിട്ടുള്ളത്.

ദുർബല വിഭാഗങ്ങൾക്കെതിരായിട്ടുള്ള അതിക്രമങ്ങൾ തടയാൻ കാലകാലങ്ങളായി ശക്തമായ നിയമങ്ങളുണ്ടെങ്കിലും അതുകൊണ്ടൊന്നും പീഡനങ്ങളും കുറ്റവാളികളും കുറയുന്നില്ല എന്നുള്ളതാണ് വലിയൊരു യാഥാർത്ഥ്യം. അതിനാൽ തന്നെ ഭിന്ന ശേഷിക്കാരായ പെൺകുട്ടികൾക്ക് നേരെ നടക്കുന്ന പീഡനങ്ങൾക്ക് എതിരെ വ്യത്യസ്തമായ ശബ്‌ദമുയർത്തുന്ന,സാമൂഹിക പ്രതിബദ്ധതയുള്ള വിഷയം പറയുന്ന എലി എല്ലാ പ്രേക്ഷകരെയും അൽപനേരത്തേക്കെങ്കിലും ആശങ്കയുടെ മുൾമുനയിൽ നിർത്തുമെന്ന് ഉറപ്പാണ്.

ചിത്രത്തിൽ മീനാക്ഷി രവീന്ദ്രനാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്. കൂടാതെ സംഗീത, പ്രമോദ് മോഹൻ, സരീഷ് ചന്ദ്രൻ എന്നിവരും ചിത്രത്തിൽ മുഖ്യ വേഷത്തില്‍ എത്തുന്നു.ആരോൺവിയ സിനിമാസ് ആണ് ഈ ചിത്രത്തിന്‍റെ നിർമാണം. പവി കെ പവൻ ഛായാഗ്രഹണവും എഡിറ്റിങ് മനു എൻ ഷാജുവും നിര്‍വഹിച്ചിരിക്കുന്നു.


Full View


Tags:    
News Summary - Eli Short Filim Review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-18 06:01 GMT