ഒന്നിനൊന്ന് മെച്ചപ്പെട്ട ദൃശ്യങ്ങൾ

ആരാധകരുടെ കാത്തിരിപ്പ് വെറുതേയായില്ല. അവർക്കാവശ്യമുള്ളതെല്ലാം ആവോളം ഒരുക്കി തന്നെയാണ് 'ദൃശ്യം 2' ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ എത്തിയത്. ജീത്തു ജോസഫ് രചനയും സംവിധാനവും നിർവഹിച്ച് 2013-ൽ പുറത്തിറങ്ങിയ മലയാളം ത്രില്ലറായ 'ദൃശ്യ' ത്തിന് ലഭിച്ച സ്വീകാര്യത തന്നെയാണ് രണ്ടാം ഭാഗം എടുക്കുന്നതിന് അണിയറക്കാർക്ക് പ്രചോദനമായത്.


ഇടുക്കി ജില്ലയിലെ രാജാക്കാട് എന്ന സ്ഥലത്ത് കേബിൾ ടി.വി. സ്ഥാപനം നടത്തുന്ന മലയോര കർഷകനും സിനിമാ പ്രേമിയുമായ ജോർജ്കുട്ടിയുടെ (മോഹൻലാൽ) കുടുംബം നേരിടേണ്ടി വരുന്ന അസാധാരണമായ ഒരു പ്രതിസന്ധിയോടുള്ള അയാളുടെ ചെറുത്തു നിൽപ്പുകൾ/കുടുംബത്തെ ചേർത്തു നിർത്തുവാനുള്ള അയാളുടെ കഷ്ടപ്പാടുകൾ ആണ് 'ദൃശ്യം' പറഞ്ഞിരുന്നത്. പ്രേക്ഷകനെ സിനിമയിൽ തന്നെ പിടിച്ച് നിർത്തുന്ന, ആകസ്മിതകൾ നിലനിർത്തിക്കൊണ്ടുള്ള കഥാകഥന രീതി ഒന്നിനൊന്ന് മനോഹരമാക്കിയാണ് ജീത്തു ജോസഫ് രണ്ടാം ഭാഗവും അവതരിപ്പിച്ചിരിക്കുന്നത്.



 ആറു വർഷങ്ങൾക്ക് ശേഷമുള്ള ജോർജുകുട്ടിയുടെയും കുടുംബത്തിൻ്റെയും ജീവിതം തന്നെയാണ് സംവിധായകൻ ഇവിടെയും പറയുന്നത്. ആറ് വർഷങ്ങൾക്കിപ്പുറവും ആ കുടുംബത്തിന് പണ്ടെങ്ങോ സംഭവിച്ചുപോയ കാര്യത്തെ ചൊല്ലി സഹിക്കേണ്ടി വരുന്ന വൈകാരികതലങ്ങൾ അത്ര നിസ്സാരമല്ല. മകൾ അഞ്ജുവിലുണ്ടായ മാനസിക സംഘഷങ്ങൾ, ശാരീരിക അസ്വാസ്ഥ്യങ്ങൾ, കുടുംബത്തിൽ പാതിയും നിലച്ചു പോയ പഴയ കാല സന്തോഷങ്ങൾ, ഓരോ സെക്കന്റിനെയും ഭയപ്പെടേണ്ടി വരുന്ന കുടുംബാവസ്ഥകൾ എന്നിവയിലൂടെയെല്ലാം സംവിധായകൻ അത് എടുത്തു കാണിക്കുന്നുണ്ട്. ആദ്യ ഭാഗത്ത് സഹദേവൻ എന്ന പൊലീസുകാരനാണ് ജോര്‍ജുകുട്ടിയെ തകര്‍ക്കാന്‍ നടന്നിരുന്നതെങ്കിൽ ഇന്ന് നാട്ടിലെ ഭൂരിഭാഗവും അയാളുടെ തകർച്ച ആഗ്രഹിക്കുന്നു.

അതിന് കാരണം അയാളുടെ സാമ്പത്തികമായ വളർച്ചയിലുള്ള നാട്ടുകാരുടെ അസൂയ ആണെന്ന കാര്യം സംവിധായകൻ സൂചിപ്പിക്കുന്നുമുണ്ട്. കവലയിലും ചായക്കടയിലും നാട്ടുകൂട്ട ചർച്ചകളിലുമെല്ലാം അയാളും കുടുംബവും വിവിധതരം ഊഹാപോഹങ്ങളിലൂടെ വസ്തുനിഷ്ഠമല്ലാത്ത രീതിയിൽ തന്നെ ചർച്ചക്ക് വിധേയമാകുന്നുമുണ്ട്. നിലവിലെ ഈ സാഹചര്യത്തിൽ അയാൾക്കും കുടുംബത്തിനും ഒപ്പം നേരിയ തോതിലെങ്കിലും ചേർന്ന് നിൽക്കുന്നത് പുതുതായി താമസത്തിനു വന്ന അയൽവാസിയായ സാബുവിന്റെ ഭാര്യ സരിതയാണ്. മദ്യപാനിയായ സാബുവിന്റെ പീഡനങ്ങളിൽ നിന്ന് താൽക്കാലിക സമാശ്വാസം സരിത കണ്ടെത്തുന്നത് ജോർജുകുട്ടിയുടെ ഭാര്യ റാണിയുമായി ഉള്ള സൗഹൃദത്തിലൂടെയാണ്.


ജോർജുകുട്ടി ആകട്ടെ സ്വന്തമായി തീയേറ്റർ തുടങ്ങുകയുംസ്വന്തമായി ഒരു സിനിമ നിർമ്മിക്കുവാനുള്ള ശ്രമത്തിലുമാണ്. അൽപസ്വൽപം മദ്യപാനശീലം ഒക്കെയായി പഴയ ജോർജുകുട്ടിയിൽ നിന്നും ഒരുപാട് മാറിയിട്ടുമുണ്ട്. അതിലെല്ലാം റാണിക്ക് ആശങ്കയും, പരിഭവവുമുണ്ട്. കാലവും നിയമസംവിധാനവും മാറി വരുമ്പോൾ വരുണ്‍ കൊലപാതക കേസിന്റെ അന്വേഷണം അപ്രതീക്ഷിതമായ ഘട്ടത്തിൽ പുനരാരംഭിക്കുന്നു എന്നതാണ് കഥാഗതിയെ മുന്നോട്ട് കൊണ്ട് പോകുന്നത്. ജോർജുകുട്ടിയുടെ കുടുംബത്തിന് സംഭവിച്ചു പോയ ഒരു വീഴ്ചയിൽ നിന്ന് അയാൾ എങ്ങനെ നിയമത്തോടും നീതിയോടും സമരം ചെയുന്നു/അതിനെ എങ്ങനെ അതിജീവിക്കുന്നു എന്നതൊക്കെ തന്നെയാണ് ദൃശ്യം 2വും പറയുന്നത്.

തന്റെ കുടുംബത്തെ സംരക്ഷിക്കാൻ ശപഥമെടുത്ത ഒരു മനസിനോട്/മനുഷ്യനോട് നീതിന്യായ വ്യവസ്ഥയ്ക്ക് ജയിക്കാൻ ആവുമോ, ആ ശപഥം പൂർത്തീകരിക്കുവാനായി അയാൾക്ക് ഏതറ്റം വരേക്കും പോകാം എന്നത് തന്നെയാണ് ഇവിടത്തെ ചോദ്യവും. മറുതരത്തിൽ പറഞ്ഞാൽ അത് അയാളുടെ ഒരുതരം ഭാഗ്യപരീക്ഷണവുമാണ്. എന്നാൽ ജീത്തു ജോസഫ് എന്ന സംവിധായകൻ കൈയടി നേടുന്നത് നായകന് നൽകിയ ബ്രില്യൻ്റ്സിനും അപ്പുറം ഒന്നാം ഭാഗത്ത് പ്രേക്ഷകർ/സോഷ്യൽ മീഡിയ ഉന്നയിച്ച ചോദ്യങ്ങളേയും സംശയങ്ങളേയും ചർച്ചകളെയും രണ്ടാം ഭാഗത്തിലൂടെ സാധൂകരിക്കാൻ തയ്യാറായ തന്റെ ശ്രമത്തിലൂടെ തന്നെയാണ്.



കുറ്റംബോധം പേറി, ഏത് നിമിഷവും പൊലീസിനെയും ഭയന്നു കൊണ്ടുള്ള ജോർജുകുട്ടിയുടെയും കുടുംബത്തിന്റെയും ജീവിതം തന്നെയാണ് അവർക്കുള്ള/അവർ ചെയ്തതിനുള്ള ശിക്ഷ എന്ന പൂർണബോധ്യത്തിൽ നിന്ന് കൊണ്ട് തന്നെയാണ് സംവിധായകൻ അവയെ സാധൂകരിക്കുന്നതും. നീതി അർഹിക്കുന്ന രണ്ട് കുടുംബങ്ങൾ, കൃത്യമായ നീതി നടപ്പിലാക്കാൻ ആവാതെ നിസ്സഹായമായി നിൽകുന്ന നിയമ സംവിധാനങ്ങൾ, അതിനിടയിലെ മാനസിക സംഘർഷങ്ങളിൽ പെട്ടു പോയ കഥാപാത്രങ്ങൾ എല്ലാം ചേർന്ന ഒരു കഥാചേരുവ തന്നെയാണ് ദൃശ്യം 2. എന്താണ് കുറ്റം? എന്താണ് നീതി? എന്താണ് ശരിയായ ശിക്ഷ? ഇങ്ങനെ ചില അടിസ്ഥാന ചോദ്യങ്ങളും സിനിമ മുന്നോട്ടു വെക്കുന്നു.



ജോർജൂകുട്ടി എന്ന പച്ച മനുഷ്യനായി, ഹൃദയസ്പർശിയായ രംഗങ്ങളിലൂടെ മോഹൻലാൽ എന്ന നടന വിസ്മയം ചിലപ്പോഴൊക്കെയും പ്രേക്ഷകരുടെ കണ്ണു നനയിക്കുന്നുണ്ട്. മീന, എസ്തർ, അൻസിബ ഹസൻ എന്നിവർ തങ്ങളുടെ കഥാപാത്രത്തിൻ്റെ എല്ലാ ആത്മസംഘർഷങ്ങളും മാനസിക/ശാരീരിക അസ്വാസ്ഥ്യങ്ങളും ഉൾക്കൊണ്ട് സ്ക്രീനിൽ നിറഞ്ഞുനിന്നു. മകന്‍ നഷ്ടപ്പെട്ട മാതാപിതാക്കളുടെ വേദനയും രോഷവും വൈകാരികമായ അഭിനയ മുഹൂർത്തങ്ങളിലൂടെ പകർന്ന് ആശ ശരത്തും സിദ്ധിഖും ഇത്തവണയും മികച്ചു നിന്നു .സായ്കുമാർ, മുരളി ഗോപി, അഞ്ജലി തുടങ്ങി എല്ലാവരും തങ്ങളുടെ കഥാപാത്രങ്ങളെ മികവുറ്റതാക്കി.

രണ്ടര മണിക്കൂറിലേറെ നീണ്ടിട്ടും ദൃശ്യം 2 ഒട്ടും മുഷിപ്പിക്കാത്തതിൽ തിരക്കഥക്കൊപ്പം തന്നെ സ്ഥാനം സതീഷ് കുറുപ്പിൻ്റെ കാമറക്കും നൽകണം.ഭാര്യയേയും മക്കളേയും രക്ഷപ്പെടുത്താൻ നാലാം ക്ലാസ്‌ വിദ്യാഭ്യാസം മാത്രമുള്ള ജോർജുകുട്ടി നടത്തുന്ന ബുദ്ധിപൂർവവും കാലേകൂട്ടിയുമുള്ള ചില നീക്കങ്ങളിലൂടെ, ബുദ്ധിമാനായ ഒരു മനുഷ്യനെ തോൽപ്പിക്കാൻ അത്ര എളുപ്പമല്ല എന്ന് തന്നെയാണ് ദൃശ്യം 2വും മനസിലാക്കി തരുന്നത്. മെനക്കെട്ടിരുന്നു കണ്ടാൽ ചില കണ്ണി ചേരായ്മകൾ കണ്ടുപിടിക്കാൻ കഴിഞ്ഞേക്കാമെങ്കിലും മികച്ചൊരു ഫാമിലി എന്റർറ്റെയിനർ തന്നെയാണ് ഈ ചിത്രം.

Full View


Tags:    
News Summary - Drishyam Movie review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-18 06:01 GMT