നോൺ- ലീനിയർ ആഖ്യാനവുമായി 'ക്യാപ്റ്റൻ മില്ലർ' -റിവ്യൂ

രുൺ മാതേശ്വരൻ സംവിധാനം ചെയ്ത് സത്യജ്യോതി ഫിലിംസ് നിർമ്മിച്ച ഒരു വാർ ആക്ഷൻ ചിത്രമാണ് ക്യാപ്റ്റൻ മില്ലർ. പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധയിലുള്ള ഈ ചിത്രത്തിൽ വിപ്ലവ നായകനായാണ് ധനുഷ് എത്തുന്നത്. ധനുഷിന്റെ നാല്പത്തിയേഴാമത്തെ ചിത്രമായ ക്യാപ്റ്റൻ മില്ലറിൽ, ജാതീയത മൂലം അടിച്ചമർത്തപ്പെട്ട ഒരു ഗ്രാമീണ യുവാവിന്റെ ജീവിതത്തിലൂടെയാണ് സംവിധായകൻ കഥ പറയാൻ ശ്രമിക്കുന്നത്. സമാനമായ പൊളിറ്റിക്സ് പറയുന്ന ധനുഷിന്റെ മുൻ ചിത്രങ്ങളായ അസുരൻ', 'കർണ്ണൻ' തുടങ്ങിയവയിലേക്ക് കൂട്ടിച്ചേർക്കാൻ ഉതകുന്ന ചിത്രം കൂടിയാണ് ക്യാപ്റ്റൻ മില്ലർ.

കറുത്തവന്റെ രാഷ്ട്രീയം, ശാക്തീകരിക്കപ്പെട്ട നായകനായ മില്ലറിലൂടെ (ധനുഷ് ) പറയുമ്പോൾ തന്നെ വ്യത്യസ്തമായ അഞ്ച് അധ്യായങ്ങളിലൂടെയാണ് സംവിധായകൻ അത് പ്രേക്ഷകരുമായി സംവദിക്കാൻ ശ്രമിക്കുന്നത്. അതും ഒരു നോൺ ലീനിയർ ആഖ്യാനമാണ് കഥപറച്ചിലിനായി സംവിധായകൻ സ്വീകരിച്ചിരിക്കുന്നത്.


തീ പാറുന്ന, വെടിയുതിർക്കുന്ന, തോക്കുകൾ ചിതറി കിടക്കുന്ന സീൻസുകൾ തന്നെയാണ് ക്യാപ്റ്റൻ മില്ലറിന്റെ ആകർഷണം. നായകന്റെ ആത്യന്തികമായ ആവശ്യമെന്ന് പറയുന്നത് മേലാളന്മാർക്ക് നേരെയുള്ള പ്രതിരോധമാണ്. അതിനാൽ തന്നെ അയാളുടെ ചിന്തകളെയും ലക്ഷ്യത്തെയും വ്യതിചലിപ്പിക്കുന്ന രീതിയിൽ ഒരു പ്രണയം പോലും കൊണ്ടുവരാതിരിക്കാൻ സംവിധായകൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. പതിവ് ക്ലീഷേ രംഗങ്ങളിൽ നിന്നും വിഭിന്നമായി സ്ത്രീത്വത്തെ പുരുഷത്വത്തിൽ താല്പര്യമില്ലാത്തതായി രൂപപ്പെടുത്തുവാനുള്ള ശ്രമം അഭിനന്ദനാർഹമാണ്. അത്തരം ട്രാക്കുകളെ പരമാവധി ഒഴിവാക്കാൻ തന്നെയാണ് സംവിധായകൻ ശ്രമിച്ചിരിക്കുന്നത്.

ചിത്രത്തിൽ പുരുഷന്മാർ മാത്രമല്ല സ്ത്രീകളും തോക്ക് ചൂടുന്നുണ്ട്. തങ്ങളുടെ പ്രതിഷേധങ്ങളും പ്രതിരോധങ്ങളും ധീരതയോടെ പ്രകടിപ്പിക്കാൻ സ്ത്രീകൾ തയ്യാറാവുന്നുണ്ട്. ഇവയെല്ലാം ചിത്രത്തിന്റെ പോസിറ്റീവ് ഘടകങ്ങളാണെങ്കിലും ചിത്രത്തെ അഞ്ചോളം അധ്യായങ്ങളായി വിഭജിച്ചു കൊണ്ടുള്ള സംവിധായകന്റെ ശ്രമം പ്രേക്ഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ചിത്രത്തിന്റെ ദൈർഘ്യം തന്നെയാണ് ഇവിടെ ഒന്നാമത്തെ പ്രശ്നം. ആക്ഷൻ ഷോട്ടുകളും തീവ്രമായ സംഘട്ടനങ്ങളും ഉപയോഗിച്ച്, ഭൂമിയുടെയും ബഹുമാനത്തിന്റെയും അവകാശം അന്വേഷിച്ചു കൊണ്ട് അനാവശ്യമായി കഥ നീട്ടിവലിച്ചു കൊണ്ടുപോകുന്നതിനോടൊപ്പം അത്തരം ലാഗുകൾ പ്രേക്ഷകർക്ക്‌ പലപ്പോഴും മടുപ്പുളവാക്കുന്നതുമാണ്. വളരെ പതുക്കെ കഥ പറയുന്ന ശൈലി ഇഷ്ടപ്പെടുന്നവർക്ക് മാത്രം ആസ്വദിക്കാൻ കഴിയുന്ന സിനിമ കൂടിയാണ് ക്യാപ്റ്റൻ മില്ലർ. സമൂഹം കുടുംബം സൗഹൃദം തുടങ്ങിയ എല്ലാ ചേരുവകളും സമന്വയിപ്പിക്കുമ്പോൾ തന്നെ മില്ലറുടെയുള്ളിലെ ദേഷ്യം, കുറ്റബോധം, നിരാശ എന്നിവ തന്നെയാണ് ഓരോ അദ്ധ്യായത്തെയും മുൻപോട്ട് നയിക്കുന്നത്.


മില്ലറും അയാളുടെ സഹോദരൻ സെങ്കോളനും (ശിവ രാജ്‌കുമാർ) തന്നെയാണ് ചിത്രത്തിലെ പ്രധാന ആകർഷണം. തിയറ്ററിനകത്ത് പ്രേക്ഷകരുടെ കൈയടി നേടുന്നതും ഈ കഥാപാത്രങ്ങൾക്കാണ്. കഥയെ മുന്നോട്ട് നയിക്കുന്നതിൽ ഗാനങ്ങൾക്കും കൃത്യമായ പങ്കുണ്ട്. അവ ഓരോന്നും കലാപത്തെയും വിപ്ലവത്തെയും കുറിച്ചും മനോവൈകാരികതയെ കുറിച്ചും പ്രേക്ഷകരുമായി സംവദിക്കുന്നുണ്ട്. എന്നാൽ മില്ലറിന്റെ പ്രതിഷേധത്തെ രണ്ടര മണിക്കൂറിനുള്ളിൽ ഒതുക്കാനുള്ള പോരാട്ടത്തിലാണ് സംവിധായകന് താളപിഴ സംഭവിക്കുന്നത്. മില്ലറുടെ സംഘാംഗമായി എത്തിയ നിവേദിത സതീഷ്, ഇന്ത്യൻ സ്വാതന്ത്ര്യത്തിന് സംഭാവന നൽകാൻ ആഗ്രഹിക്കുന്ന, രാജകീയ പാരമ്പര്യമുള്ള ഡോക്ടറായി എത്തിയ പ്രിയങ്ക, ശകുന്തളയായെത്തിയ അദിതി ബാലൻ എന്നിവർ ശക്തരും സ്വതന്ത്രരുമായ സ്ത്രീകളായി പ്രധാന വേഷങ്ങൾ ചിത്രത്തിൽ കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ സംവിധായകൻ അരുൺ മാതേശ്വരന്റെ മുൻ ചിത്രങ്ങളായ റോക്കി, സാനി കായിദം എന്നിവയ്ക്ക് സമാനമായ രീതിയിലുള്ള ദൃശ്യാഖ്യാനം തന്നെയാണ് ഈ സിനിമയിലും സംവിധായകൻ സ്വീകരിച്ചിരിക്കുന്നത് . എന്നുവച്ചാൽ വയലൻസ് തന്നെയാണ് സിനിമയെ മൊത്തത്തിൽ മുൻപോട്ട് നയിക്കുന്നത്. എന്നാൽ തന്റെ പ്രകടനം കൊണ്ട് ധനുഷ് ആ കഥാപാത്രത്തോട് അങ്ങേയറ്റം നീതി പുലർത്തിയിരിക്കുന്നു. വ്യത്യസ്തമായ മൂന്ന് ലുക്കുകളിൽ ഈസനായെത്തുന്ന ധനുഷ് താൻ ഒരു മികച്ച നടനാണെന്ന് പ്രേക്ഷകരെ ബോധ്യപ്പെടുത്തുന്നതിൽ വീണ്ടും വിജയിച്ചിരിക്കുന്നു.


ശിവരാജ്കുമാർ, പ്രിയങ്ക അരുൾ മോഹൻ, അദിതി ബാലൻ, സന്ദീപ് കിഷൻ, എഡ്വേർഡ് സോണൻബ്ലിക്ക്, ജോൺ കോക്കൻ എന്നിവരെല്ലാം തങ്ങളുടെ കഥാപാത്രങ്ങളെ നല്ല രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ക്യാമറ, എഡിറ്റിംഗ്, സംഗീതം, കാസ്റ്റ്, പ്രൊഡക്ഷൻ ഡിസൈൻ എന്നിവയെയെല്ലാം പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്. തങ്ങളുടെ മേഖലകളെല്ലാം ഓരോരുത്തരും കൃത്യമായും ഭംഗിയായും ചെയ്തിട്ടുണ്ട്.സംഗീതസംവിധായകൻ ജിവി പ്രകാശ്, ഛായാഗ്രാഹകൻ സിദ്ധാർത്ഥ് നുനി എന്നിവർ പ്രത്യേക കൈയടി അർഹിക്കുന്നു. 

Tags:    
News Summary - Captain Miller Movie malayalam Review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-18 06:01 GMT