ഉദ്വേഗത്തിന്റെ ആകാശത്തിലേക്കൊരു ബോർഡിങ് പാസ്

ഒരു ത്രില്ലർ മിനി സീരീസ് ശ്വാസമടക്കിപ്പിടിച്ച് എല്ലാ എപ്പിസോഡും ഒറ്റയിരിപ്പിന് കണ്ടുതീർത്തിട്ടുണ്ടോ​? ഉദ്വേഗത്തിന്റെ ആകാശനിമിഷങ്ങളിലേക്കൊരു ബോർഡിങ് പാസ് എടുത്താലോ? മാറിമാറിയുള്ള ട്വിസ്റ്റുകൾക്കൊടുവിൽ, ഒട്ടും പ്രതീക്ഷിക്കാത്തൊരു ക്ലൈമാക്സിലേക്ക് കാഴ്ചക്കാരനെ കൊണ്ടുപോകുന്ന ദൃശ്യാനുഭവത്തിനു സാക്ഷിയാകണോ​? ആകാശത്തിലും ഭൂമിയിലും ഒരേസമയം ശക്തരായ ക്രിമിനലുകളെ എങ്ങനെയാണ് തോൽപിക്കുക? നേരിട്ടുള്ള ഏറ്റുമുട്ടൽ എത്രമാത്രം ഫലപ്രദമാണെന്നു പ്രേക്ഷകർ ചിന്തിച്ചുതുടങ്ങും മുമ്പ് തീരുമാനം എടുത്തുകഴിഞ്ഞൊരു നായകൻ. അതും വളരെ പരിമിതമാക്കപ്പെട്ട ആശയവിനിമയ സാധ്യത ഉപയോഗിച്ച്. ഹൈജാക്ക് എന്ന ഇംഗ്ലീഷ് മിനി സീരീസിനെ പിരിമുറുക്കത്തിന്റെ കാഴ്ചാനുഭവം എന്നുതന്നെ വിശേഷിപ്പിക്കാമെന്നു തോന്നുന്നു. ഏഴ് എപ്പിസോഡുകൾ മാത്രമുള്ള ഈ വിദേശ ടി.വി സീരീസിൽ മലയാളത്തിലുള്ള ഒരു സംഭാഷണവുമുണ്ടെന്നത് കൗതുകകരമാണ്.

ദുബൈയിൽനിന്നും ലണ്ടനിലേക്ക് പുറപ്പെടുന്ന വിമാനം റാഞ്ചുന്നതാണ് കഥാതന്തു. 211 പേര് യാത്ര ചെയ്യുന്ന കെ.എ.29 എയർബസ് (കിങ്ഡം എയർലൈൻസ്) വിമാനമാണ് അഞ്ചുപേർ ചേർന്ന് ഹൈജാക്ക് ചെയ്യുന്നത്. ഏഴുമണിക്കൂർ കൊണ്ടാണ് വിമാനം ലണ്ടൻ ഹീത്രു വിമാനത്താവളത്തിലെത്തേണ്ടത്. ടേക്ക് ഓഫിനു പത്ത് മിനിറ്റിനകം വിമാനം റാഞ്ചിയതായി യാത്രക്കാരെ അറിയിക്കുന്നു. അനിശ്ചിതത്വത്തിന്റെ സീറ്റുബെൽറ്റുകൾ അവിടെ നിന്നും മുറുകിത്തുടങ്ങുകയാണ്. എന്നാൽ, വിമാനം ഹൈജാക്ക് ചെയ്ത ആ സംഘം പുറംലോകവുമായി ഒരു ബന്ധവും പുലർത്താൻ ആരെയും അനുവദിക്കുന്നില്ല. യാത്രക്കാരുടെ മുഖത്തെ അമ്പരപ്പും സങ്കടവുമെല്ലാം ക്രമേണ ഭീതിക്ക് വഴിമാറുകയാണ്. ഏതു നിമിഷവും ആരും കൊല്ലപ്പെട്ടേക്കാവുന്ന അവസ്ഥ. ഇവരുടെ ആവശ്യങ്ങൾ എന്താണെന്ന് ആർക്കുമറിയില്ല. ഒരേസമയം, തന്റെ പദ്ധതികൾ വില്ലൻ ആകാശത്തിലും ഭൂമിയിലുമായി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ബാക്കിയെല്ലാം കണ്ടുതന്നെ അറിയണം.

വിമാനത്തിനകത്തെയും താഴെ പ്രശ്നപരിഹാരത്തിനു ശ്രമിക്കുന്ന ഉദ്യോഗസ്ഥരെയും ദുബൈയിലും ലണ്ടനിലുമുള്ള അക്രമികളുടെ നെറ്റ്‍വർക്കിന്റെ പ്രവർത്തനങ്ങളുമെല്ലാം കാണിച്ചുതരുന്ന മികവുറ്റ സംവിധാനമാണ് സീരീസിന്റെ പ്രത്യേകത. തിരക്കഥയുടെ ശക്തിയാണ് എടുത്തുപറയേണ്ട മറ്റൊരു സവിശേഷത. പശ്ചാത്തല സംഗീതം ഭയം നിറച്ച വിമാനത്തെ ഉച്ചസ്ഥായിയിൽ എത്തിക്കുകയാണ്. യാത്രക്കാരുടെ ശരീരഭാഷയൊക്കെ ഭംഗിയായി വരച്ചുകാണിച്ചിട്ടുണ്ട്. വിമാനത്തിന്റെ സാ​ങ്കേതിക കാര്യങ്ങൾ കുറച്ചൊക്കെ പറയുന്നുണ്ടെങ്കിലും അവയൊന്നും പ്രേക്ഷകനെ മുഷിപ്പിക്കുന്നില്ല. ഈ വർഷം ജൂണിലാണ് ആപ്പിൾ ടി.വി സീരീസിന്റെ ഒന്നാമത്തെ സീസൺ പുറത്തിറക്കിയത്. തുടർ സീസൺ ഉണ്ടാകുമോ എന്ന കാര്യം ആപ്പിൾ ടി.വി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഹൈജാക്ക് സംവിധാനം ചെയ്തത് ജിം ഫീൽഡ് സ്മിത്ത്, മോ അലി എന്നിവർ ചേർന്നാണ്. ഇദ്‍രീസ് എൽബയാണ് കേന്ദ്ര കഥാപാത്രമായ സാം നെൽസണായി വരുന്നത്. ആർച്ചി പഞ്ചാബി, നീൽ മാസ്കൽ എന്നിവർ അവരുടെ വേഷം മികവുറ്റതാക്കി.

Tags:    
News Summary - Boarding Pass- review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-18 06:01 GMT