'അനക്ക് എന്തിന്റെ കേടാ'... ഇത് മർദിതന്റെ സിനിമ

ജാതീയമോ വംശീയമോ വർഗപരമോ തൊഴിൽപരമോ ആയ വിവേചനം അനുഭവിക്കുന്നവർ ജീവിതത്തിന്റെ സുപ്രധാനഘട്ടങ്ങളിലാണ് വല്ലാതെ പ്രയാസപ്പെട്ടുപോവുക. വിവാഹബന്ധം തേടുമ്പോൾ, ചില ആഘോഷവേളകളിൽ, ചില പദവികളലങ്കരിക്കേണ്ടിവരുമ്പോളൊക്കെ തൊഴിലിന്റെ പേരിൽ വിവേചനങ്ങൾ അനുഭവിക്കേണ്ടി വരുന്നവരുടെ ഉള്ളത്തിൽ കനൽ നിറയും. ചിലപ്പോഴത് വേദനയായി, വാശിയായി, പ്രതികാരമായി, പോരാട്ടമായൊക്കെ പുറത്തു വരും. ചിലപ്പോളത് മൗനത്തിന്റെ നിലവിളിയായി മാറും.

യാതൊരു തരത്തിലുള്ള വിവേചനവും മനുഷ്യർക്കിടയിൽ പാടില്ലെന്നാണ് ഇസ്‍ലാം മതം കൽപിക്കുന്നത്. ചരിത്രപ്രസിദ്ധമായ മക്കാവിജയവേളയിൽ പ്രവാചകൻ ബാങ്കുവിളിക്കാൻ ആദ്യം അവസരം നൽകിയത് എത്യോപ്യൻ വംശജനായ, കറുത്ത വർഗക്കാരനായ ബിലാലിനെയാണ്. ഇസ്‍ലാമിലെ ആദ്യത്തെ ഔദ്യോഗിക ‘മുഅദ്ദി’നാണ് ബിലാൽ. ബിലാലിന്റെ അടിമത്തത്തിൽ നിന്നുള്ള മോചനവും പ്രവാചകൻ അദ്ദേഹത്തെ സുപ്രധാന കർമ്മത്തിനായി തെരഞ്ഞെടുത്തതും ഇസ്‍ലാമിക ചരിത്രത്തിലെ ശ്രദ്ധേയമായ സംഭവമാണ്. ബിലാലിനു പ്രവാചകൻ നൽകിയ അംഗീകാരം വംശീയ സമത്വത്തിനും ബഹുസ്വരതയ്ക്കും ഇസ്‍ലാമിലുള്ള പ്രാധാന്യത്തിന്റെ ഉദാഹരണമായി വിലയിരുത്താറുണ്ട്. വിവേചനം അനുഭവിക്കുന്നവരും നീതി നിഷേധിക്കപ്പെടുന്നവരുമൊക്കെ ഇസ്‍ലാമിന്റെ കാഴ്ചപ്പാടിൽ മർദിതരാണ്. മർദിതന് വേണ്ടി ശബ്ദിക്കാതിരിക്കാൻ നിങ്ങൾക്കെന്തുണ്ട് ന്യായം എന്ന് ഖുർആൻ ചോദിക്കുന്നുണ്ട്.


ഇതൊക്കെ പറയുമ്പോഴും തൊഴിലിന്റെ പേരിലുള്ള വേർതിരിവുകളും വിവേചനങ്ങളും പ​രോക്ഷമായെങ്കിലും മുസ്‍ലീം സമുദായത്തിനകത്ത് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഉത്ത​​രേന്ത്യൻ സംസ്ഥാനങ്ങളിൽ മുസ്‍ലീംകൾക്കിടയിൽ ജാതീയതക്ക് സമാനമായ വേർതിരിവുകൾ പ്രകടമാണ്.

പെൺകുട്ടി എത്ര സുന്ദരിയാണെങ്കിലും ഒസാൻ (ബാർബർ) കുടുംബത്തിൽ നിന്നാണെങ്കിൽ സാധാരണ മുസ്‍ലീംകുടുംബത്തിൽ നിന്ന് വിവാഹബന്ധം ലഭിക്കാത്ത സാഹചര്യം ഇപ്പോഴുമുണ്ട്. പുരുഷൻമാരും ഈ പ്രതിസന്ധി അനുഭവിക്കുന്നു. മത്സ്യബന്ധനവുമായി ബന്ധപ്പെട്ടവർക്കും ഇതേ പ്രതിസന്ധിയുണ്ട്. അവർ സാമ്പത്തികമായി എത്ര ഉയരത്തിലാ​ണെങ്കിൽ പോലും നല്ലതെന്ന് പൊതുസമൂഹം കരുതുന്ന ബന്ധങ്ങൾ അവർക്ക് പ്രാപ്യമാവാതെ പോവുന്നു. ഇത് സവർണ അവർണ വേർതിരിവിനുസമാനമായ വിവേചനം തന്നെയാണ്. സവർണ മുസ്‍ലീം എന്ന പ്രയോഗം തന്നെ നിലവിലുണ്ടല്ലോ.

യഥാർഥത്തിൽ അറിവിന്റെ പേരിൽ അല്ലാത്ത ഒരു വലിപ്പച്ചെറുപ്പവും മനുഷ്യർക്കിടയിലില്ല എന്നാണ് മതം പറയുന്നത്.ഈ വിവേചനം പുരോഗമന മുസ്‍ലീംകൾക്കിടയിൽ പോലും നിലനിൽക്കുന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘അനക്ക് എന്തിന്റെ കേടാ’ എന്ന സിനിമ ​പ്രസക്തമാവുന്നത്.


മാധ്യമപ്രവർത്തകനായ ഷമീർ ഭരതന്നൂർ കഥയും സംവിധാനവും നിർവഹിച്ച സിനിമ അതിന്റെ പ്രമേയത്തിന്റെ വ്യത്യസ്തതകൊണ്ട് ശ്രദ്ധേയമാവുകയാണ്. ബാർബർ വിഭാഗത്തിൽ ജനിച്ച് വളർന്ന്, അത്തരം വിവേചനങ്ങൾ ബാല്യത്തിലെ അനുഭവിച്ചറിയുന്ന സൽമാൻ എന്ന യുവാവിന്റെ ജീവിതവും കുടുംബവും അയാളുമായി ബന്ധപ്പെടുന്ന വിവിധ മേഖലകളിലുള്ളവരുടെ അനുഭവങ്ങളും കോർത്തിണക്കിയാണ് സിനിമ സഞ്ചരിക്കുന്നത്. മലയാളത്തിൽ ഇതുവരെ പറഞ്ഞിട്ടില്ലാത്ത പ്രമേയമാണിതെന്ന പ്രത്യേകതയുമുണ്ട്. സമീപ കാലങ്ങളിൽ ബാർബർ വിഭാഗം നേരിടുന്ന അവഗണനകളും വിലക്കുകളും പുറത്തുവന്നിരിക്കുന്ന സാഹചര്യത്തിൽ ‘അനക്ക് എന്തിന്റെ കേടാ’സിനിമക്ക് സാമൂഹികമായ പ്രസക്തിയും ഏറെയുണ്ട്.

തീർത്തും നവാഗതസംരംഭമാണ് സിനിമ. എന്നിട്ടും അതിന്റെ ബാലചാപല്യങ്ങളൊന്നും ​പ്രേക്ഷകർക്കനുഭവപ്പെടുന്നില്ല. ബാർബർ കുടുംബത്തിൽ നിന്നുള്ള യുവാവ് പള്ളി ദർസും മുക്രിപ്പണിയുമൊക്കെയായി ജീവിക്കുന്നതിനിടയിൽ വന്നു ചേരുന്ന പ്രതിസന്ധികൾ, നൈസർഗികമായ പ്രണയം, നിരാശ ഇവയെല്ലാം ചേരുവയായി വരുന്ന സിനിമ കടുത്ത സാമൂഹികവിമർശനമാണ് ഉയർത്തുന്നത്. അവന്റെ ഏകാന്തതകളും തോറ്റുപോവലുകളും പ്രേക്ഷകന്റെ ഉള്ളുലക്കുന്നുണ്ട്.

അക്ഷരാർഥത്തിൽ മർദിതനാണ് സിനിമയിലെ നായകനായ അഖിൽ പ്രഭാകർ. പ്രണയത്തിന്റെ പേരിൽ അവൻ അക്രമിക്കപ്പെടുന്ന നിരവധി മുഹൂർത്തങ്ങളുണ്ട് സിനിമയിൽ. ആദ്യ കാമുകി തീർത്തും ജാതീയമായ കാരണത്താൽ അവന് നഷ്ടപ്പെടുമ്പോൾ പിന്നീട് അവനിലേക്ക് വന്നുചേരുന്ന കാമുകിയുടെ മതം പ്രശ്നമാവുന്നു. അവിടെ ഇരുവരും ആക്രമണം നേരിടുകയാണ്.


ഒരു ദർസ് വിദ്യാർഥിയും പള്ളിയിലെ മുക്രിയുമായ യുവാവ് ഒരു ന്യൂജെൻ പെൺകുട്ടിയെ പ്രണയിക്കുന്നതും അവർ കറങ്ങിനടക്കുന്നതുമൊക്കെ വ്യത്യസ്തമായ കാഴ്ചകളാണെങ്കിലും പുതിയ കാലത്തിന്റെ മാറ്റങ്ങൾ അവിടെയും പ്രതിഫലിക്കുന്നുണ്ട്. അവന്റെ നടപ്പ് മഹല്ലുകാർക്ക് പൊറുക്കാനാവുന്നില്ല. ഒടുവിൽ ആ ജോലിയും അവന് നഷ്ടപ്പെടുകയാണ്. എല്ലാ വഴികളും മുട്ടി അവൻ ബാർബർ പണിയിലേക്ക് മാറുമ്പോഴാണ് മ​റ്റൊരു പ്രണയം അവന്റെ മുന്നിൽ സാന്ത്വനമായി വന്നു ചേരുന്നത്. രണ്ട് തരം പ്രണയമാണ് സിനിമയിൽ. രണ്ട് കാലങ്ങളെ പ്രതിനിധാനം ചെയ്യുന്നു ഇത്. രണ്ടാമത്തെ പ്രണയത്തിന്റെ ആർദ്രത അനിർവചനീയമായി പ്രേക്ഷകർക്ക് അനുഭപ്പെടും.

പ്രണയത്തിലൂടെ ഒരു സമൂഹം അനുഭവിക്കുന്ന ​പ്രതിസന്ധി ആവിഷ്കരിക്കുകയാണ് ഈ സിനിമയിൽ. ഒരു വാണിജ്യസിനിമയുടെ ചേരുവകൾ അളവ് തെറ്റാതെ ചേർത്ത് പടം പൂർത്തിയാക്കാനായി എന്നതാണ് ഒരു സവിശേഷത. ഒന്നിന് പിന്നാലെ ഒന്നായി ട്വിസ്റ്റുകളുള്ളതിനാൽ ബോറടിക്കാതെ സിനിമ കാണാം. ഒടുവിൽ അറിവിന്റെ ശക്തിയിൽ താൻ നേരിട്ട എല്ലാ പ്രതിസന്ധികളും മറികടന്ന് വിജയിയായി വരികയാണ് നായകൻ. പലകാലങ്ങളിലേക്ക് പടർന്നുകിടക്കുന്ന കഥ സമകാലികവിഷയങ്ങളെയും പുതിയകാലത്തിന്റെ പ്രവണതകളെയും തൊട്ടുപോവുന്നുണ്ട്.


മലബാറിന്റെ കഥാപരിസരത്താണെങ്കിലും ഭാഷാതനിമയില്ലായ്മയുടെ ചെറിയ അലോസരങ്ങൾ ചിലപ്പോൾ അനുഭവപ്പെടുന്നു. മനസിൽ തട്ടുന്ന മുഹൂർത്തങ്ങൾ അനവധിയുള്ളതിനാൽ പോരായ്മകൾ ശ്രദ്ധിക്കപ്പെടില്ല. കഥാപാത്രങ്ങൾ ഏറെയുള്ള സിനിമയാണിത്. പുതുമുഖങ്ങളുമേറെയുണ്ട്. ചെറിയ റോളിൽ അഭിനയിക്കുന്നവർപോലും മത്സരിച്ച് പെർഫോം ചെയ്യുന്നുണ്ട്. ​പ്രവാസിയായ ഫ്രാൻസിസ് കൈതാരത്ത് ബി.എം.സി ബാനറിൽ നിർമിച്ച സിനിമയിൽ അഖിൽ പ്രഭാകർ, സ്നേഹ അജിത്ത്, വീണ നായർ, സായ് കുമാർ, ബിന്ദുപണിക്കർ, ശിവജി ഗുരുവായൂർ, സുധീർ കരമന, മധുപാൽ, വിജയകുമാർ, റിയാസ് നെടുമങ്ങാട്, സന്തോഷ് കുറുപ്പ്, അച്ചുസുഗന്ധ്, കുളപ്പുള്ളി ലീല, മനീഷ, നസീർ സംക്രാന്തി, കലാഭവൻ നിയാസ്, അനീഷ് ധർമ്മ തുടങ്ങിയ താരനിരക്കൊപ്പം പുതിയ നിരവധി കലാകാരൻമാർ വേഷമിടുന്നു. റിലീസായി ഒന്നാം വാരം പൂർത്തിയാക്കുമ്പോൾ മികച്ച പ്രതികരണമാണ് സിനിമക്ക് ലഭിക്കുന്നത്.

Tags:    
News Summary - Anakku Enthinte Keda Malayalam movie review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-18 06:01 GMT