അൽഫോൺസ് പുത്രൻ മാജിക് നഷ്ടപ്പെട്ട 'ഗോൾഡ്'- റിവ്യൂ

പ്രേമം എന്ന സെൻസേഷണൽ ഹിറ്റിന് ശേഷം അല്‍ഫോണ്‍സ് പുത്രൻ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ഗോൾഡ്. പുതുമയൊന്നുമില്ലാത്ത മൂന്നാമത്തെ ചിത്രം' എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് പൃഥ്വിരാജാണ്. ജോഷി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചിരിക്കുന്നത്.

ഷോപ്പിങ് കോംപ്ലക്സിലെ മൊബൈൽ കട മുതലാളിയായ ജോഷി എന്ന ചെറുപ്പക്കാരൻ  ഇടത്തരം കുടുംബത്തിലെ അംഗമാണ്. അയാൾക്ക് ആകെ കൂട്ടിനുള്ളത് അമ്മയാണ്. പെരിയാറിന്റെ തീരത്തുള്ള വീട്ടിൽ അമ്മക്ക് ഒപ്പമാണ് ജോഷിയുടെ താമസം. ഒരു സുപ്രഭാതത്തിൽ അവരുടെ വീടിനു മുന്നിൽ ഒരു ബൊലേറോ പാർക്ക് ചെയ്തു വെച്ചതായി ശ്രദ്ധയിൽപ്പെടുന്നു. ഉടമസ്ഥൻ ഇല്ലാത്ത ബോലേറയുടെ അകത്തു നിറയെ ബ്ലൂടൂത്ത്കളാണ്. താൻ പുതിയതായി വാങ്ങിയ കാർ മുറ്റത്തേക്ക് കയറ്റാൻ,മുൻപിൽ നിൽക്കുന്ന ബോലേറെ തടസ്സമാകുന്നതോടെ ജോഷി സമീപത്തുള്ള സ്റ്റേഷനിൽ പരാതി കൊടുക്കുന്നു. പൊലീസിൽ പരാതി പെട്ട് നിൽക്കുന്ന ജോഷിക്ക് മുൻപിൽ അപ്രതീക്ഷിതമായ ഒരു സംഭവം നടക്കുന്നു. അയാളുടെ ജീവിതത്തിൽ വഴിത്തിരിവാകുന്ന, പുതിയ പ്രതീക്ഷകൾ നൽകുന്ന ഒരു മാറ്റമാണ് ആ അപ്രതീക്ഷിത സംഭവം.

പച്ചക്കുതിര/ പുൽച്ചാടികളുടെ സാമീപ്യം സൂചിപ്പിക്കുന്നത് അനുഗ്രഹവും ഐശ്വര്യവും സമ്പത്തുമാണെന്നാണല്ലോ പലരുടേയും വിശ്വാസം .സിനിമയിൽ സൂക്ഷ്മതയോടെ നോക്കി കഴിഞ്ഞാൽ തുടർന്ന് അങ്ങോട്ട് ജോഷിയുടെ ജീവിതത്തിലെ നേട്ടങ്ങൾക്കൊപ്പമെല്ലാം സ്ക്രീനിൽ പുൽച്ചാടിക്കുള്ള സ്ഥാനം  വലുതാണ്. അതുകൊണ്ടുതന്നെ ഈ സിനിമയിലെ പ്രധാന മെറ്റഫർ പച്ചക്കുതിരയാണ്. പിന്നീട് ഓരോ കഥാപാത്രങ്ങളും അയാളുടെ ജീവിതത്തിലേക്ക് അയാൾ അറിഞ്ഞും അറിയാതെയും കയറി വരുന്നവരാണ്. അവിടുന്നങ്ങോട്ടാണ് കഥയുടെ വികാസം സംഭവിക്കുന്നത്.

എഡിറ്റിങ് മേശയിലെ കൈത്തഴക്കം വന്ന സംവിധായകനെന്ന നിലയിൽ അൽഫോൺസ് പുത്രന് നോൺലീനിയർ രീതിയിൽ കഥ പറയുവാൻ കുറെ കൂടി എളുപ്പമായിരുന്നു എന്നുവേണം സിനിമ കാണുമ്പോൾ മനസ്സിലാക്കാൻ. പക്ഷേ അതിന് കെട്ടുറപ്പുള്ള തിരക്കഥയോ,വ്യക്തമായ ഐഡന്റിറ്റിയുള്ള കഥാപാത്രങ്ങളോ ഇല്ലാതായിപ്പോയി എന്നതാണ് ഏറെ വിഷമകരം. എഡിറ്റർ എന്ന നിലക്ക് പുതുമയില്ലാത്ത ടെമ്പ്ലേറ്റ് എഡിറ്റിങ്ങും സംവിധായകൻ എന്ന നിലക്ക് പുതുമയില്ലാത്ത മേക്കിങ്ങും കൊണ്ട് ഒരു ശരാശരി കാഴ്ച്ചാനുഭവം മാത്രമായി സിനിമ മാറി.

അജ്മൽ അമീർ, ലാലു അലക്സ്, ഷമ്മി തിലകൻ, മല്ലിക സുകുമാരൻ, ശാന്തി കൃഷ്ണ, ബാബുരാജ്, വിനയ് ഫോർട്ട്, ചെമ്പൻ വിനോദ് ജോസ്, ജാഫർ ഇടുക്കി, റോഷൻ മാത്യു, ജഗദീഷ്, സൈജു കുറുപ്പ്, ദീപ്തി സതി തുടങ്ങി നിരവധി താരങ്ങളെ അണിനിരത്തി തമാശകൾ കുത്തി നിറക്കാൻ ശ്രമിച്ചിട്ടും അതൊന്നും ലവലേശം ഏറ്റില്ല എന്നതും പ്രത്യേകം പറയുന്നു. പ്രേമം സിനിമയുമായി സാമ്യത പുലർത്തുന്ന ബാഗ്രൗണ്ട് സ്കോറും, പ്രകൃതി,പൂമ്പാറ്റ പോലുള്ള രംഗങ്ങളും ആവർത്തനവിരസതയുണ്ടാക്കി. പ്രേമത്തിലെ മെറ്റഫറായ പൂമ്പാറ്റയെ ഗോൾഡിൽ അനാവശ്യമായി ആവശ്യത്തിലേറെ ഉപയോഗിച്ചു എന്നതും മടുപ്പ് നൽകുന്ന കാഴ്ചയായിരുന്നു. അതോടൊപ്പം ജോഷി അനുഭവിക്കുന്ന സാഹചര്യം, അയാൾ ഏറ്റെടുക്കുന്ന ഉത്തരവാദിത്വത്തിന്റെ വലിപ്പം അവയൊന്നും തന്നെ വേണ്ടത്ര രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിയില്ല. തുടർച്ചയായ മൂന്നുനാലു ദിവസം ജോഷി അനുഭവിക്കേണ്ടിവരുന്ന ആശങ്കകൾ, അതിന്റെ ഗൗരവം തുടങ്ങിയവ സംവിധായകൻ പൂർണമായും അവതരിപ്പിക്കാൻ മറന്നു പോയി. അതിനുമപ്പുറം യാതൊരു പ്രാധാന്യവുമില്ലാത്ത ഒരു നായിക കഥാപാത്രമായ സുമംഗലി ഉണ്ണികൃഷ്ണനായി നയൻതാരയെ പോലെയുള്ള ലേഡിസൂപ്പർസ്റ്റാറിനെ മലയാളത്തിലേക്ക് കൊണ്ടുവന്നു എന്നതും അത്ഭുതമുണ്ടാക്കുന്നു. അനാവശ്യമായ ഷോർട്ട് റിപ്പീറ്റേഷനുകൾ സിനിമക്ക് അത്യാവശ്യം ലാഗും നൽകുന്നുണ്ട്.

'നേര'ത്തിൽ പ്രേക്ഷകർ കണ്ടതിനു സമാനമായ പ്ലോട്ട് തന്നെയാണ് 'ഗോൾഡി'ലുമുള്ളത്. എന്നാൽ ഇത്തവണ അമ്മ മകൻ കോമ്പിനേഷൻ സീനുകളുമായി പൃഥ്വിരാജും മല്ലിക സുകുമാരനും എത്തുമ്പോൾ അത് പ്രേക്ഷകർക്ക് നല്ലൊരു അനുഭവമായി തീരുന്നു. നിരവധി താരങ്ങൾ അണിനിരന്ന ചിത്രത്തിൽ പ്രേമം സിനിമയിൽ തകർത്തഭിനയിച്ച ഒട്ടുമിക്ക ആളുകളും ചെറുതും വലുതുമായ വേഷത്തിൽ ഈ സിനിമയിലും എത്തിയിരിക്കുന്നു എന്നതും പ്രത്യേകതയാണ്. തിരക്കഥാസംവിധാനം ഛായാഗ്രഹണം എഡിറ്റിങ് എന്നിവയ്ക്കാളെല്ലാം സിനിമയിൽ മുൻപിട്ട് നിൽക്കുന്നത് ചിത്രത്തിലെ ശബ്ദവിന്യാസങ്ങൾ തന്നെയാണ്. ഒരുതവണ കണ്ടിരിക്കാൻ പറ്റുന്ന ഒരു ശരാശരി സിനിമ മാത്രമാണ് ഗോൾഡ്. അൽഫോൺസ് പുത്രൻ മാജിക് നഷ്ടപെട്ട ഗോൾഡ്. അൽഫോൻസ് പുത്രൻ പറഞ്ഞതുപോലെ പുതുമയൊന്നുമില്ലാത്ത അദ്ദേഹത്തിന്റെ മൂന്നാമത്തെ ചിത്രം തന്നെയാണ് ഗോൾഡ്.

Tags:    
News Summary - Alphonse Puthren And Prithviraj Movie ‘Gold’ fails to sparkle- Malayakam Review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-18 06:01 GMT