കൊച്ചി: മലയാള സിനിമാതാരങ്ങളുടെ സംഘടനയായ അമ്മക്ക് വനിതാ നേതൃനിര. ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ ശ്വേത മേനോൻ അമ്മ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കുക്കു പരമേശ്വരനാണ് ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഉണ്ണി ശിവപാലാണ് ട്രഷറർ. ജയൻ ചേർത്തല, ലക്ഷ്മിപ്രിയ എന്നിവരാണ് വൈസ് പ്രസിഡന്റുമാരായി തെരഞ്ഞെടക്കപ്പെട്ടത്. ജോയിന്റ് സെക്രട്ടറി അൻസിബ ഹസൻ എതിരില്ലാതെ നേരത്തെ തന്നെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
മോഹൻലാൽ ഒഴിവായതോടെ പ്രസിഡൻറ് സ്ഥാനത്തേക്ക് ശ്വേത മേനോനെതിരെ ദേവനാണ് മത്സരിച്ചത്. ജനറൽ സെക്രട്ടറിയാകാൻ കുക്കു പരമേശ്വരൻ, രവീന്ദ്രൻ എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്നു. ട്രഷറര്‍ സ്ഥാനത്തേക്ക് ഉണ്ണി ശിവപാലിനെതിരെ അനൂപ് ചന്ദ്രനാണ് മത്സരിച്ചത്. ഇടപ്പള്ളി മാരിയറ്റ് ഹോട്ടലിൽ രാവിലെ 9.30നാണ് അമ്മ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങിയത്. ഉച്ചക്ക് ഒരു മണിയോടെ വോട്ടെടുപ്പ് പൂർത്തിയായിരുന്നു.
അഞ്ഞൂറോളം അംഗങ്ങളാണ് സംഘടനയിലുള്ളത്. 74 പേർ നാമനിർദേശപത്രിക സമർപ്പിച്ച ഭാരവാഹി തെരഞ്ഞെടുപ്പിൽ അവസാന നിമിഷം ഭൂരിഭാഗംപേരും പിൻവാങ്ങുകയായിരുന്നു. സൂക്ഷ്മപരിശോധനയിൽ പത്തെണ്ണം തള്ളുകയും ചെയ്തു.
പ്രസിഡൻറ് സ്ഥാനത്തേക്ക് ജഗദീഷ്, ജനറൽ സെക്രട്ടറിയായി ബാബുരാജ് എന്നിവരും മത്സരിക്കാൻ തീരുമാനിച്ചിരുന്നു. പ്രസിഡൻറായി വനിത എത്തട്ടെയെന്ന് പറഞ്ഞായിരുന്നു ജഗദീഷിന്റെ പിന്മാറ്റം. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെയുണ്ടായ ആരോപണങ്ങളിൽ അകപ്പെട്ട ബാബുരാജിനെതിരെ ആക്ഷേപങ്ങൾ ശക്തമായതോടെ അദ്ദേഹം മത്സരരംഗത്തുനിന്ന് പിൻവാങ്ങി. വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കാനിരുന്ന നവ്യനായരും ആശ അരവിന്ദും ഒടുവിൽ പിന്മാറി.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെയുണ്ടായ വിവാദങ്ങൾക്കിടയിലാണ് മോഹൻലാൽ പ്രസിഡൻറായിരുന്ന കമ്മിറ്റി പിരിച്ചുവിട്ടത്. അന്നുമുതൽ അഡ്ഹോക് കമ്മിറ്റിയായിരുന്നു. മോഹൻലാൽ വീണ്ടും പ്രസിഡൻറായി എത്തുമെന്ന അഭ്യൂഹമുണ്ടായിരുന്നു. അതുണ്ടാകാതെ വന്നതോടെയാണ് പ്രസിഡൻറ് സ്ഥാനത്തേക്ക് ഉൾപ്പെടെ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.