ആമിർ ഖാന്‍റെ ആ ബ്ലോക്ക്ബസ്റ്റർ ചിത്രം ഐശ്വര്യ റായ് നിരസിച്ചത് എന്തുകൊണ്ട്?

ഇന്ത്യൻ സിനിമയിലെ മികച്ച നടിമാരിൽ ഒരാളാണ് ഐശ്വര്യ റായ്. ബോബി ഡിയോളിനൊപ്പം 'ഔർ പ്യാർ ഹോ ഗയ'യിൽ അരങ്ങേറ്റം കുറിച്ചത് മുതൽ ലോകമെമ്പാടുമുള്ള നിരവധിപ്പേരാണ് താരത്തിന്‍റെ ആരാധകരായി തുടരുന്നത്. എന്നാൽ, ആമിർ ഖാനും കരിഷ്മ കപൂറും അഭിനയിച്ച് 1996ൽ പുറത്തിറങ്ങിയ 'രാജാ ഹിന്ദുസ്ഥാനി' എന്ന ഐക്കണിക് ചിത്രത്തിൽ ഐശ്വര്യക്ക് നായിക വേഷം വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ ഐശ്വര്യ അത് നിരസിക്കുകയായിരുന്നു.

90കളുടെ തുടക്കത്തിൽ തന്നെ ഐശ്വര്യ സിനിമ നിർമാതാക്കളുടെ ശ്രദ്ധ ആകർഷിച്ചിരുന്നു. അങ്ങനെ അവർക്ക് നിരവധി സിനിമ ഓഫറുകൾ ലഭിച്ചു. എന്നാൽ 1994ലെ മിസ് ഇന്ത്യ സൗന്ദര്യമത്സരത്തിൽ പങ്കെടുക്കാൻ സിനിമയിൽ നിന്ന് താൽക്കാലികമായി വിട്ടുനിൽക്കാൻ അവർ തീരുമാനിച്ചു. ആ വർഷം മിസ് വേൾഡ് കിരീടം നേടിയതും ഐശ്വര്യയായിരുന്നു.

2012ൽ വോഗിന് നൽകിയ അഭിമുഖത്തിൽ ഐശ്വര്യ ഇതിനെക്കുറിച്ച് സംസാരിച്ചിരുന്നു. 'സൗന്ദര്യമത്സരത്തിലൂടെ സിനിമകൾക്കുള്ള വഴി കണ്ടെത്തിയ വ്യക്തിയായി ഞാൻ പലപ്പോഴും പരാമർശിക്കപ്പെടുന്നു. പക്ഷേ എന്‍റെ കാര്യം അങ്ങനെയായിരുന്നില്ല. മത്സരങ്ങൾക്ക് മുമ്പ് എനിക്ക് നാല് സിനിമ ഓഫറുകളെങ്കിലും ഉണ്ടായിരുന്നു. വാസ്തവത്തിൽ, സിനിമയിൽ നിന്ന് പിന്മാറി മിസ് ഇന്ത്യയിൽ പങ്കെടുക്കാൻ ഞാൻ തീരുമാനിക്കുകയായിരുന്നു' -ഐശ്വര്യ പറഞ്ഞു.

'രാജാ ഹിന്ദുസ്ഥാനി'യുടെ സംവിധായകൻ ധർമേഷ് ദർശനും അത് സ്ഥിരീകരിച്ചു. 2025ൽ ബോളിവുഡ് ഹംഗാമക്ക് നൽകിയ അഭിമുഖത്തിൽ, ‘മെംസാബ്’ എന്ന കഥാപാത്രത്തിലേക്കുള്ള തന്‍റെ ആദ്യ തെരഞ്ഞെടുപ്പ് ഐശ്വര്യയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 'ഐശ്വര്യയായിരുന്നു എന്‍റെ ആദ്യ ചോയ്‌സ്. പക്ഷേ അവൾക്ക് അടിയന്തിരമായി മിസ് വേൾഡിലേക്ക് പോകേണ്ടിവന്നു. സിനിമക്ക് മുഴുവൻ സമയവും നൽകാൻ കഴിയുന്ന ഒരാളെ എനിക്ക് ആവശ്യമുള്ളതിനാൽ ചാൻസ് എടുക്കാൻ ആഗ്രഹിച്ചില്ല. അവരുടെ നല്ല മനസ് കാരണമാണ് അത് മനസിൽ സൂക്ഷിക്കാത്തത്' -അദ്ദേഹം പറഞ്ഞു.

ഒടുവിൽ, ആ വേഷം കരിഷ്മ കപൂറിലേക്ക് എത്തിച്ചേർന്നു. കരിഷ്മ അവിസ്മരണീയമായ പ്രകടനം കാഴ്ചവെക്കുകയും വ്യാപകമായ പ്രശംസ നേടുകയും ചെയ്തു. 'രാജാ ഹിന്ദുസ്ഥാനി' ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളിലൊന്നായി മാറി. 2000 വരെയുള്ള കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ പണം വാരിയ ചിത്രങ്ങളിൽ ഒന്നായിരുന്നു 'രാജാ ഹിന്ദുസ്ഥാനി'. 5.75 കോടി ബജറ്റിൽ നിർമിച്ച ചിത്രം ലോകമെമ്പാടുമായി 76.34 കോടി നേടി.  

Tags:    
News Summary - Why Aishwarya Rai rejected Aamir Khan’s blockbuster film

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.