സംവിധായകൻ എസ്.എസ്. രാജമൗലി തന്റെ ഏറ്റവും പുതിയ സിനിമയായ വാരണാസിയുടെ പണിപ്പുരയിലാണ്. ചിത്രത്തിന്‍റെ ഒരോ അപ്ഡേറ്റിനായും ആരാധകർ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. മഹേഷ് ബാബു നായകനാകുന്ന ചിത്രത്തിൽ പ്രിയങ്ക ചോപ്രയാണ് നായിക. പൃഥ്വിരാജും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം ആഗോള സ്ട്രീമിങ് വിപണിയിൽ ഇന്ത്യയിൽ നിന്നുള്ള ഏറ്റവും ഡിമാൻഡുള്ള ചിത്രമായി വാരണാസി മാറിക്കഴിഞ്ഞു.
ഇപ്പോഴിതാ, കപിൽ ശർമ ഷോ സീസൺ 4ൽ അതിഥിയായി എത്തിയ പ്രിയങ്ക ചോപ്ര ചിത്രത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്. ഏകദേശം 1,300 കോടി രൂപയുടെ ബജറ്റിലാണ് വാരണാസി ഒരുങ്ങുന്നതെന്ന് താരം വെളിപ്പെടുത്തി. ടോളിവുഡ് ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രവും രാജമൗലിയുടെ കരിയറിലെ ഇതുവരെയുള്ള ഏറ്റവും ചെലവേറിയ പദ്ധതിയുമാണിത്. പ്രേക്ഷകരെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ച വെളിപ്പെടുത്തലാണ് പ്രിയങ്ക നടത്തിയത്.
ചിത്രത്തിന്‍റെ ടീസർ ട്രെയിലർ ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. ചിത്രം വി.എഫ്.എക്സ് മികവുകൊണ്ട് സമ്പന്നമാണെന്നാണ് ടീസർ നൽകുന്ന സൂചന. ടീസറിൽ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ കാണിക്കാതെ തന്നെ അവരെ കുറിച്ചുള്ള ഒരുപാട് സൂചനകൾ നൽകുന്നുണ്ട്. ചെറിയൊരു ടീസറിൽ തന്നെ ഇത്രയധികം ഗംഭീരമായി പുറത്തുവന്നിട്ടുണ്ടെങ്കിൽ ചിത്രം പ്രതീക്ഷകൾക്ക് അപ്പുറം ആയിരിക്കുമെന്നാണ് ആരാധകരുടെ പ്രതികരണം.
പല കാലഘട്ടങ്ങളിലായാണ് ചിത്രം കഥ പറയുക എന്നാണ് സൂചന. ടൈം ട്രാവലിങ്ങിന്‍റെ സാധ്യതയും കാണാനുണ്ട്. രാമായണം പോലുള്ള പുരാണങ്ങളും ചിത്രത്തിൽ റെഫറൻസാകുന്നുണ്ടെന്നാണ് സൂചന. ചിത്രത്തിന്റെ സഹനിര്‍മാതാവ് കൂടിയായ മഹേഷ് ബാബു സിനിമക്കായി പ്രതിഫലം വാങ്ങുന്നില്ലെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് വാരണാസിക്ക് തിരക്കഥ ഒരുക്കുന്നത്. 2027 ഏപ്രിലിൽ സിനിമ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.